പിസിനാക്ക് പ്രയർലൈൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനു.19 ന്
ചിക്കാഗോ: പെന്തെക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ നാല്പതാമത് കോൺഫ്രൻസിൻ്റെ ഭാഗമായി ആരംഭിക്കുന്ന ഓൺലൈൻ പ്രാർത്ഥനയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനു.19 ന് സെലിബ്രേഷൻ ചർച്ചിൽ നടക്കും. 2026-ൽ ചിക്കാഗോയിൽ നടക്കുന്ന കോൺഫ്രൻസിൻ്റെ അനുഗ്രഹത്തിനായി ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ രീതിയിലാണ് ഓൺലൈൻ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടക്കും.
ജനു.19ന് വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥനയിൽ പങ്കുചേരും. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി.വി മാമൻ ലോക്കൽ പ്രയർ കമ്മിറ്റിയോട് ചേർന്ന് തുടർ പദ്ധതികൾ ആവിഷ്കരിക്കും. കോൺഫറൻസിന്റെ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും കൺവീനർ നിർവഹിക്കും.
ഇതോടനുബന്ധിച്ച് കേരള ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗൽ കീർത്തന അവാർഡിന് അർഹനായ പാസ്റ്റർ സാംകുട്ടി മത്തായിക്കുള്ള അവാർഡ് വിതരണവും ചിക്കാഗോയിലെ സീനിയർ മിനിസ്റ്റേഴ്സ് ആയ പാസ്റ്റർ ജോസഫ് കെ ജോസഫ്, പാസ്റ്റർ പി സി മാമ്മൻ, പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, പാസ്റ്റർ പി വി കുരുവിള എന്നിവരെ ആദരിക്കുകയും ചെയ്യും. പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ റവ ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ മുഖ്യ അതിഥി ആയിരിക്കും.
വാർത്ത: കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ.