ആ നാഴിക തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞെങ്കിൽ!

0
1376

ആ നാഴിക തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞെങ്കിൽ!

ടി.എം.മാത്യു

ഹായം ആവശ്യമുണ്ടെന്ന് നമുക്ക് തോന്നുന്ന ഒരു സ്നേഹിതനോ ബന്ധുവിനോ സഹപ്രവർത്തകനോ വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം അവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ്.  അവരോടൊപ്പം, അല്ലെങ്കിൽ തനിച്ച് അവർക്കുവേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നതോ അവരോോടൊപ്പം പ്രാർഥനയിൽ സഹകരിക്കുന്നതോ ആയിരിക്കും അവർക്കു ചെയ്തു കൊടുക്കാവുന്ന ഏറ്റവും വലിയ സഹായം.

മർക്കോസ് സുവിശേഷം പതിനാലാം അധ്യായം 35, 36 വാക്യങ്ങളിൽ യേശു തമ്പുരാൻ തന്റെ ഏറ്റവും കഠിനമായ മനോവ്യാപാരത്തിലൂടെ ഗെത്സമനയിൽ കടന്നു പോയത് നമ്മൾ വായിക്കുന്നു. അവിടെ അവിടുത്തെ വിയർപ്പ് രക്തം ആയി മാറി. തന്റെ ഹൃദയത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ ആഴം തന്നോടൊപ്പമുണ്ടായിരുന്ന ശിഷ്യൻമാരെ അറിയിക്കുന്നതായി നാം വായിക്കുന്നു. ആകെയുണ്ടായിരുന്ന ഒരേയൊരു അപേക്ഷ ഈ വിഷമ സന്ധിയിൽ തന്നോടൊപ്പം  ഉണർന്നിരുന്നു പ്രാർത്ഥിക്കുക  എന്നതായിരുന്നു. എന്നാൽ ഇത്ര വലിയ പ്രതിസന്ധിയിലൂടെയാണ് യേശു കടന്നുപോകുന്നതെന്ന് ശിഷ്യന്മാർക്ക് ഒന്നുകിൽ മനസ്സിലായില്ല അല്ലെങ്കിൽ അവർ അത് അവർ ഗൗരവമായി എടുത്തില്ല.  നിസ്സംഗതയായിരുന്നു അവരുടേത്. പ്രാണവേദനയിലായി രക്തം വാർന്ന് ദൈവസന്നിധിയിൽ യേശു പ്രാർത്ഥിക്കുമ്പോൾ ശിഷ്യന്മാർ ഒരുകല്ലേറുദൂരത്തിനപ്പുറം മാത്രം മാറി ഉറങ്ങുകയായിരുന്നു. ആ സന്ദർഭത്തിന്റെ ഗൗരവം അറിഞ്ഞ ദൈവം സ്വർഗ്ഗത്തിൽ നിന്നും ഒരു ദൂതനെത്തന്നെ യേശുവിനെ ശക്തിപ്പെടുത്തുവാൻ അയയ്ക്കയാണുണ്ടായതെന്നു ലൂക്കോസ് തന്റെ സുവിശേഷത്തിൽ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ശിഷ്യന്മാർ ഉറങ്ങി. ഇത്തരം ഒരുതരം ആത്മാർഥതയില്ലായ്മ നമ്മിലും ചിലപ്പോഴൊക്കെ കടന്നുകൂടാറില്ലേ എന്ന് ചിലതൊക്കെ കാണുമ്പോൾ ചിന്തിച്ചുപോകും. ഒന്നുരണ്ട് ഉദാഹരണങ്ങൾ പറയാം.

സഭയിൽ സാക്ഷ്യങ്ങളിലൂടെയും മറ്റും ജീവിതഭാരങ്ങളും തങ്ങൾ കടന്നുപോകുന്ന പ്രശ്നങ്ങളുടെ രൂക്ഷതയും രോഗദുരിതങ്ങളും സുവിശേഷവേലയിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അങ്ങനെ പ്രാർത്ഥന ആവശ്യമുള്ള പലതും ദൈവമക്കൾ അവതരിപ്പിക്കാറുണ്ട്. അതു കേട്ടുമറക്കുന്നതല്ലാതെ ആ പ്രശ്നത്തിന്മേൽ ആത്മാർത്ഥമായി തുടർന്ന് പ്രാർത്ഥനയിൽ അവരെ ഓർക്കുന്നവർ എത്രപേരുണ്ടാകും?

ചിലപ്പോഴൊക്കെ വ്യക്തിപരമായി തങ്ങളുടെ ജീവിതാനുഭവങ്ങൾ നമ്മോടു പങ്കുവയ്ക്കുന്നവരുണ്ട്. അതിൽ നാനാജാതി മതസ്ഥരുമുണ്ടാകും. നമ്മുടെ പ്രാർത്ഥന ആഗ്രഹിച്ചും വിശ്വസിച്ചുമാണ് അവർ അത് ചെയ്യുന്നത്. കേൾക്കുമ്പോൾ “ഞാൻ പ്രാർത്ഥിക്കാം” എന്ന് പറഞ്ഞുപോകുന്നതല്ലാതെ തുടർന്ന് ആ വിഷയത്തിനുവേണ്ടി പ്രാർത്ഥിക്കാൻ നമുക്കാകുന്നുണ്ടോ?

അങ്ങനെയുള്ളവർ  പണ്ട് നമ്മുടെയിടയിൽ ഉണ്ടായിരുന്നു. അവരാണ് സഭ വളരുവാൻ കാരണക്കാരയിത്തീർന്നവർ. എന്റെ പിതാവ് മരിച്ചിട്ട് ഇപ്പോൾ പതിനഞ്ചു വർഷമായി. മരണശേഷം തന്റെ ഡയറിയിൽ ഞാൻ കണ്ട ഒരു കാര്യം അതിൽ നിറയെ രേഖപ്പെടുത്തിയ പേരുകളായിരുന്നു. എനിക്ക് പരിചയമുള്ളവരുടെയും അല്ലാത്തവരുടെയുമായ നിരവധി ആളുകളുടെ നീണ്ട ലിസ്റ്റ്. ഓരോ പേരിനുമൊപ്പം അവരുടെ പ്രാർഥനാവിഷയങ്ങളും. പ്രാർത്ഥന ആവശ്യമുള്ളവരെ മറന്നുപോകാതെ പേരെഴുതിയിട്ടു പ്രാർത്ഥിക്കുക. പിതാക്കന്മാർ അങ്ങനെ ചെയ്തിരുന്നു. എന്നാൽ മക്കളോ? ഇന്ന് നമുക്ക് വേദനിക്കുന്നവരോടൊപ്പം ഒരുനാഴിക പങ്കുവയ്ക്കുവാൻ,അല്ലെങ്കിൽ അവരെയോർത്തു പ്രാർത്ഥിക്കുവാൻ ആകുന്നില്ല.

യേശു ശിഷ്യന്മാരിൽ നിന്നും ആഗ്രഹിച്ചത് അത് മാത്രമായിരുന്നു.

ഗെത്സമന നമ്മെ കുത്തി നോവിപ്പിക്കുന്നതാണ്. ആ സംഭവത്തെക്കുറിച്ചുള്ള മർക്കോസിന്റെ വിവരണം ഹൃദയഭേദകമാണ്.  അതു നമ്മൾ വായിക്കുന്നത് ഇപ്രകാരമാണ്:

അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു;ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. 
 പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: അബ്ബാ,പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. 

“പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു  :ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടായ്‍വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല; അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി,നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു. എഴുന്നേല്പിൻ;നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.”

എങ്ങനെയാണ് ഇത് ഓരോരുത്തർക്കും അനുഭവപ്പെടുന്നതെന്നു നമുക്ക് പറയാൻ കഴിയില്ല. എന്നാൽ ഇന്ന് യേശു ഇതുപോലെ ആവശ്യപ്പെട്ടാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം? നാം കേൾക്കുന്ന ഓരോ അനുഭവവും പ്രാർത്ഥനയ്ക്കുള അപേക്ഷയും യേശു നമ്മോടു ആവശ്യപ്പെടുന്നതായി നമുക്കു തോന്നുമോ? ആ നാഴികയുടെ വില തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞെങ്കിൽ!

LEAVE A REPLY

Please enter your comment!
Please enter your name here