ദൈവത്താൽ കഴിയാത്തത് ഒന്നുമില്ല  

0
2493

  സ്പർശനം 

ദൈവത്താൽ കഴിയാത്തത് ഒന്നുമില്ല 

ടി.എം.മാത്യു

കേടുപറ്റിയാൽ നന്നാക്കാൻ ഏറ്റവും പറ്റിയ ആൾ നിർമ്മാതാവു തന്നെയാണ്


ബൈബിൾ അത്ഭുതങ്ങളുടെ പുസ്തകമാണ്. ആരംഭിക്കുന്നതുതന്നെ അത്ഭുതങ്ങളോടുകൂടിയാണ്. മൃതാവസ്ഥയിൽ പാഴും ശൂന്യവുമായിരുന്ന ഒരു ഗ്രഹത്തെ – ഭൂമിയെ – പുതുക്കിപ്പണിയുന്ന വിവരണത്തോടുകൂടിയാണ് ഉൽപ്പത്തി പുസ്തകം ആരംഭിക്കുന്നത്.. ആഴിയാൽ മൂടപ്പെട്ട് ഇരുൾ ഘനീഭവിച്ചുനിന്ന ഭൂമിയിലേക്ക് വെളിച്ചത്തിന്റെ ആദ്യ കിരണങ്ങൾ പതിക്കുന്ന അനർഘ നിമിഷം! അതൊരു അത്ഭുതമാണ്. ദൈവത്തിനു മാത്രം സാധ്യമാകുന്നത്. പിന്നെ പടിപടിയായുള്ള വികാസമാണ്. അതും വാക്കുകൊണ്ട് സൃഷ്ടിക്കുക! എന്തൊരു അത്ഭുതം!
സൂര്യൻ, ചന്ദ്രൻ, ആകാശം, സമുദ്രം, കര, മഞ്ഞ്, നദികൾ, വൃക്ഷങ്ങൾ, ചെടികൾ, പുഷ്പങ്ങൾ,   ധാന്യങ്ങൾ,  ഏദൻതോട്ടം…. അങ്ങനെപോകുന്നു ആ വിവരണം.
ഒടുവിൽ മണ്ണിൽനിന്നും ഇതാ മനുഷ്യൻ!
അതുവരെയുള്ള എല്ലാ സൃഷ്ടി കളിൽനിന്നും വ്യത്യസ്തമായി മനുഷ്യനെ ദൈവം സൃഷ്ടിക്കുന്നു. മണ്ണുകുഴച്ചു സ്വന്തം കരതലങ്ങളിൽ അത് എടുത്ത് തന്റെ തനിപ്പകർപ്പായി രൂപഭംഗിവരുത്തിയ മനുഷ്യരൂപം; ശില്പിയുടെതന്നെ പ്രതിരൂപം. എന്നാൽ ബാഹ്യസൗന്ദര്യത്തേക്കാൾ അവന്റെ   ആന്തരിക സൗന്ദര്യവും ദൈവത്തിന്റെ ഭാവനയിൽ ഉണ്ടായിരുന്നു. അതു കൊണ്ട് സ്നേഹം, ദയ, കരുണ, വിശ്വസ്ഥത, പരോപകാരം, വിനയം എന്നീ സദ്ഗുണങ്ങളും അവന്റെ ആന്തരിക ശാരീരികഘടനയും രൂപപ്പെടുത്തി അവ പ്രവർത്തിക്കുവാനുള്ള ഊർജ്ജവും തന്റെ ജീവനും ആത്മാവും ചേർത്തു ദൈവം മനുഷ്യന്റെ നാസാരന്ധ്രങ്ങളിൽ ഊതി അവനെ ജീവനുള്ളവനാക്കി.
കളിമണ്ണിൽ തീർത്ത പ്രതിമപോലെ ഉറങ്ങിക്കിടന്ന മനുഷ്യൻ ജീവനിലേക്കുവരുന്ന ആദ്യനിമിഷം ഭാവനയിൽ കണ്ടുനോക്കൂ. ആ അനർഘ നിമിഷത്തിനു സാഷ്യം വഹിക്കാൻ ദൈവവും ദൂതഗണങ്ങളും മാത്രം! അതുപോലെ പാഴും ശൂന്യവുമായിരുന്ന ഭൂമിയിൽ വെളിച്ചവും ജീവനും പടിപടിയായി ഉണ്ടായിവന്ന അത്ഭുത പ്രതിഭാസം ആർക്കാണ് പറഞ്ഞറിയിക്കാൻ കഴിയുക? മറ്റാർക്കാണ് അത് ഇതുപോലെ നിർമ്മിക്കാൻ കഴിയുക?
മനുഷ്യനായിരുന്നു ദൈവസൃഷ്ടിയുടെയെല്ലാം കേന്ദ്രബിന്ദു. ഇന്ന് കീറിമുറിച്ചും, കൃത്രിമ ശ്വാസം നൽകിയും അവയവങ്ങൾ മാറ്റിവച്ചും വിദഗ്ധ ഡോക്ടർമാർ ചെയ്യുന്ന സേവനത്തിനു ഓരോഘട്ടത്തിലും നാം നല്കേണ്ടി വരുന്ന വില എത്ര വലുതാണ്. അതുപോലെ മനുഷ്യനാകട്ടെ, മൃഗമോ പക്ഷിയോ ആകട്ടെ, ഓരോന്നിന്റെയും ആന്തരികവും ബാഹ്യവുമായ പ്രവർത്തനരീതിയും സംവിധാനങ്ങളും ചിട്ടപ്പെടുത്തിയ വൈദഗ്ദ്യത്തെക്കുറിച്ച് ചിന്തിച്ചാൽ അതു നമ്മുടെ ബുദ്ധിയിൽ ഒതുങ്ങുന്നതല്ല. ഭയങ്കരവും അതിശയവുമായ ദൈവസൃഷ്ടി!

എന്നാൽ ദൈവം ഇന്നും സൗജന്യമായി തന്റെ സൃഷ്ടിയുടെ കേടുപാടുകൾ പൊക്കാൻ തയ്യാറാണ് എന്നതിൽ നമുക്കു സന്തോഷിക്കാം. യേശു ക്രിസ്തുവിന്റെ ജനനവിവരം അറിയിക്കുവാൻ മറിയയുടെ അടുക്കൽ ചെന്ന ദൂതൻ പറയുന്നത്: “ദൈവത്തിനു ഒരുകാര്യവും അസാധ്യമല്ലല്ലോ എന്നായിരുന്നു. അതെ, നമ്മുടെ ദൈവത്തിനു ഒരുകാര്യവും അസാധ്യമല്ല.വിശ്വസിക്കുക: ദൈവം രോഗസൗഖ്യത്തെ നൽകുന്നു. ശരീരിക കേടുപാടുകൾ തീർക്കുന്നു. നിത്യതയിൽ വിശ്രമിക്കുന്ന ഗാനരചയിതാവ് ജെ. വി പീറ്ററിൻ്റെ “എൻ ദൈവത്താൽ കഴിയാത്തത് ഒന്നുമില്ല” എന്ന മനോഹരഗാനം  അത്ഭുതകരമായ ദൈവപ്രവൃത്തിയെ വിവരിക്കുന്നതാണ്. അതുപോലെ, അനേകം അനുഭവകഥകളും നമ്മൾ കേട്ടിട്ടുണ്ട്. അടുത്തകാലത്ത് നടന്നവ. ചിലതു സുവിശേഷങ്ങളിൽ നിന്നായിരിക്കാം. എല്ലാം ഒന്നുതന്നെയാണ് പറയുന്നത്,  സൃഷ്ടാവ് സൗഖ്യദായകൻ കൂടിയാണ്.
 
ദൈവം തന്റെ ജനത്തോടു പറയുന്നത്: ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു (പുറപ്പാട് 25:26) എന്നാണ്. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ അനേകം രോഗികളെ സൗഖ്യമാക്കി. യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ ഇന്നും രോഗികൾ സൗഖ്യമാകുന്നുണ്ട്. നിരവധി അത്ഭുത രോഗസൗഖ്യങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യമായി നമുക്കുണ്ട്.  ” അവന്റെ (യേശുവിന്റെ) അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു” ( 1 പത്രോസ് 2:24) എന്നാണ് അപ്പോസ്തോലനായ പത്രോസ് അസന്നിഗ്ധമായി പ്രസ്താവിക്കുന്നത്.
 
യാത്രയ്ക്കിടയിൽ വിജനമായ സ്ഥലത്തു വച്ച് കേടായ കാർ നിർത്തിയിടേണ്ടിവന്ന ഒരു യുവാവിന്റെ അനുഭവം നിങ്ങൾ കേട്ടിട്ടുണ്ടാകും. അപരിചിതമായ സ്ഥലം. അടുത്തെങ്ങും ആൾ താമസമില്ല. സന്ധ്യ മയങ്ങുന്നു. യുവാവിനു പേടിയായി. സഹായത്തിന് ആരെയുംകാണാതെ വിഷണ്ണനായി നിന്ന ചെറുപ്പക്കാരൻ അങ്ങ് ദൂരെ നിന്നും ഒരു കാർ വരുന്നത് കണ്ടു കൈകാണിച്ചു. പെട്ടെന്ന് കാർ നിറുത്തിയിറങ്ങിവന്ന മനുഷ്യൻ ചെറുപ്പക്കാരനോട് വിവരങ്ങൾ തിരക്കി. കാർ കേടായതാണെന്നും താൻ പഠിച്ച എഞ്ചിനീയറിംഗ് വിദ്യകളൊന്നും കൊണ്ടു വണ്ടി സ്റ്റാർട്ട് ആകുന്നില്ല എന്നും വന്നയാളോടു പറഞ്ഞു. എൻജിൻ തുറന്നു എന്തൊക്കെയോ ചെയ്ത
ആഗതൻ കാർ സ്റ്റാർട്ട് ചെയ്തു നോക്കാൻ ചെറുപ്പക്കാരനോട് പറഞ്ഞു. അത്ഭുതം, അതുവരെ അനങ്ങാതെ കിടന്ന കാർ സ്റ്റാർട്ടായി. അങ്ങ് ആരാണ്? കാർ ഉടമസ്ഥൻ ചോദിച്ചു. വന്നയാൾ വിനയത്തോടെ പറഞ്ഞു: എന്റെ പേര് ഹെൻറി ഫോർഡ്. ഇത് ഞാൻ ഉണ്ടാക്കിയ കാറാണ്.
 
കേടുപറ്റിയാൽ നന്നാക്കാൻ ഏറ്റവും പറ്റിയ ആൾ നിർമ്മാതാവു തന്നെയാണ്.
 

LEAVE A REPLY

Please enter your comment!
Please enter your name here