ചില കേശാലങ്കാര ചിന്തകൾ 

0
2442

സ്പർശനം:

ചില കേശാലങ്കാര ചിന്തകൾ 

ടി.എം മാത്യു

മുടി അഴകാണ്; കരുത്താണ്; സൗന്ദര്യമാണ്. മുടിയും മുഖവും മിനുക്കാനാണ് കണ്ണാടി. ദിവസത്തിൽ എത്ര മിനുട്ടു കണ്ണാടിക്കുമുന്നിൽ ചിലവാക്കുന്നു എന്ന് വിലയിരുത്തുമ്പോൾ അറിയാം നമ്മുടെ കോൺഫിഡൻസിന്റെ ബലം. ഇപ്പോൾ മുടിയില്ലായ്മയും ഒരു സ്റ്റൈൽ ആയിട്ടുണ്ട്. ഇന്ത്യയിലെ പത്രമാസികളിൽ വരുന്ന പരസ്യങ്ങളിൽ 28,000കോടി രൂപയുടേതാണ് ഓരോവർഷവും കേശാലങ്കാര വസ്തുക്കൾക്കും ഷാമ്പൂ, കേശവർദ്ധനതൈലം എന്നിവയ്‌ക്കെല്ലാമായി ചിലവഴിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

ഇതുവരെ ആരും ഓരോദിവസവും പൊഴിഞ്ഞുവീഴുന്ന തലമുടിയുടെ കണക്ക് എടുത്തിട്ടുള്ളതായി അറിവില്ല. വെട്ടിമാറ്റുന്ന കൈനഖങ്ങൾ വർഷങ്ങളായി ഡപ്പിയിലിട്ടു സൂക്ഷിച്ചുവന്ന ഒരാളെക്കുറിച്ചു പത്രത്തിൽ വായിച്ചതോർക്കുന്നുണ്ട്. എന്നാൽ മുടി ആരും സൂക്ഷിച്ചുവയ്ക്കാറില്ല. തലയിലിരിക്കുമ്പോൾ മാത്രമേ അതിനു പരിഗണന കിട്ടുകയുള്ളു; ഭംഗിയുള്ളതാകൂ. അസ്ഥാനത്തു മുടി വീണുകിടക്കുന്നതു നമ്മെ  പ്രകോപിതരാക്കിയേക്കാം.

ബാങ്ക് അക്കൗണ്ടിലെ ബാലൻസും വാഹനത്തിന്റെ ടാങ്കിലെ ഇന്ധനത്തിന്റെ കണക്കും നമ്മൾ ശ്രദ്ധയോടെ നിരീക്ഷിക്കും. ദൈനംദിന ചിലവുകളും നമ്മൾ എഴുതി സൂക്ഷിക്കാറുണ്ട്. കണക്കുകൾഎല്ലാം  മുടിനാരിഴകീറി പരിശോധിക്കുന്നവരുമുണ്ട്. എന്നാൽ തലയിലെ മുടി എത്രയെന്നോ ഓരോദിവസവും എത്ര കൊഴിഞ്ഞുവെന്നോ ആർക്കും അറിയില്ല. എല്ലാവരും മുടി വെട്ടിച്ചു സ്റ്റൈലാക്കും, ചിലർ കളറടിക്കും, പിന്നിയിടും. ഫ്രീക്കന്മാരെങ്കിൽ മുടിയിൽ പല കലാപരിപാടികളും നടത്തും. എന്നാൽ ആരും എണ്ണാൻ ഇതുവരെ മെനക്കെട്ടിട്ടില്ല. ബൈബിൾ പറയുന്നു ദൈവം മുടിയിഴകൾ എണ്ണുന്നുവെന്ന്‌.(മത്തായി 10: 30,31)ദൈവീക കരുതലിനെ ക്കുറിച്ചുള്ള ദൈവത്തിന്റെ ഉറപ്പാണ് ഈ വാക്യത്തിലൂടെ ദൈവം നല്‌കുന്നത്‌. ഒടുവിൽ പറയുന്ന വാചകം വളരെ ശ്രദ്ധേയമാണ്, “ആകയാൽ ഭയപ്പെടണ്ട”.

നമ്മുടെ മുടിയുടെ കണക്കെടുക്കുന്ന ദൈവം മറ്റെന്തെല്ലാം കരുതലുകളാണ് നമുക്കുവേണ്ടി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ദാവീദ് ഒരിക്കൽ, ‘ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ട്ടിച്ചിരിക്കുന്നു’ എന്ന് പറയാനിടയായത്.  നമ്മൾ ശ്രദ്ധിക്കാതെപോകുന്ന നമ്മുടെ ഓരോ മുടിനാരിനെയും അറിയുന്ന ദൈവം നമ്മെ പിന്നെ ഓർക്കാതിരിക്കുമോ?

LEAVE A REPLY

Please enter your comment!
Please enter your name here