ചരക്ക്

കവിത

ചരക്ക്
varient
varient
varient

കവിത 

ചരക്ക്

  ഫെയ്ത്ത്മോൻ ജെ,  കോട്ടയം 

മോറിയ കുന്നിൻ്റെ നെറുകയിൽ തൊട്ടൊരു

ചന്തം തുടിക്കുന്ന ദൈവാലയം

നവരത്ന കല്ലുകൾ തീർത്തതാം കൈപ്പണി

മിന്നിത്തിളങ്ങുന്നു ദീപങ്ങളാൽ.

രാത്രി വന്നണഞ്ഞൊരു മൂകമാംനേരത്ത് പാതകനെത്തുന്നു ഒരുകിഴിപ്പണവുമായി

വിളറി വിയർത്തവൻ ആത്മഗതം ചൊല്ലി അലറിക്കരയുന്നു ഭ്രാന്തമായി.

പള്ളിപ്രമാണിമാർ പാതിരി കൂട്ടങ്ങൾ ഒറ്റിക്കൊടുക്കുവാൻ പ്രേരണ നല്കിയോർ 

ഒപ്പം നടക്കുമെന്നാശിച്ചു പോയവർ

ആരുമേയില്ലാതെ അവൻ നടന്നു.

കുത്തിനോവിക്കുന്നു ഉള്ളിലെ നെഞ്ചകം കുറ്റപ്പെടുത്തുന്നു ക്രൂരമായി

ശാന്തിതൻ ദൂതുകൾ ഓതിയ നാഥനെ

കാട്ടികൊടുത്തുപോയ് മുപ്പത് കാശിനായ്

ലേശവും സംശയമില്ലാതെയാക്കിഴി

നീട്ടിയെറിഞ്ഞവൻ മന്ദിരത്തിൽ

ചിതറിത്തെറിച്ചതാം നാണയക്കൂട്ടങ്ങൾ

നൊമ്പരം നല്കിയോ ആരറിഞ്ഞു ?

പെട്ടെന്നുവന്നണഞ്ഞധികാര കേന്ദ്രങ്ങൾ

ശീഘ്രമെടുത്തൊരു തീരുമാനം

വേണ്ടിനിയീപ്പണമാലയസമൃദ്ധിക്കായ്

ചോരപുരണ്ടതിൽ പൂർണമായും.

എന്തൊരു സ്നേഹമീയാലയത്തോടിവർ -

ക്കിത്രെയും സ്നേഹമെന്നാരറിഞ്ഞു

വില്പന വാങ്ങലും പൊൻവാണിഭങ്ങളും

ആലയം ചന്തയായി മാറ്റിയോരിവർ

ബ്രോക്കറും ബ്ലേയ്ഡനും റിയൽ എസ്റ്റേറ്റുകാരനും

കൂട്ടമായങ്ങ് ഭരിച്ചീടുമ്പോൾ

പറയുന്ന വിശുദ്ധികേട്ടന്തം വിടുന്നൊരു

പ്രസ്ഥാനമായിതെന്നോർത്തീടുക

ജോലിയും കൂലിയുമൊന്നുമില്ലാത്തോനും

പാസ്റ്ററായി ചമയുന്നു പാരിലെങ്ങും

ദേഹമിളകാതെ മേനിതളരാതെ

വേലയിതല്ലാതെ വേറെയെന്ത് ?

നാഥനെ വില്പനച്ചരക്കാക്കി മാറ്റിയോർ

വില്പന തുടരുന്നു പലവിധമായ്

രോഗശാന്തിക്കാർ ആഞ്ഞൊന്നുവീശിയാൽ

കീശ നിറയുന്നു നിർലോഭമായ്

സാക്ഷ്യം പറയിച്ചും ഉന്തി വീഴ്ത്തിയുംകൊണ്ട്

ലക്ഷങ്ങൾ കൊയ്യുന്ന വേറെ ചിലർ

രാജ്യങ്ങൾ ദേശങ്ങൾ ഓടി നടന്നവർ

വ്യാപാരം തുടരുന്നു നിർവൃതിയായ്

നാഥന് മുപ്പത് മാത്രം മതിച്ചവർ

നേടുന്നു കോടികൾ നാഥൻ പേരിൽ

കാറുകൾ വീടുകൾ ആഢംബരങ്ങളും

മോശമല്ലാതവർക്കുണ്ടുപോലും.

ഒറ്റിക്കൊടുത്തവൻ, കുറ്റബോധംകൊണ്ട്

ജീവനൊടുക്കിയീ ഭൂതലത്തിൽ

എങ്കിലും തസ്ക്കരക്കൂട്ടങ്ങളെത്രയോ

നിർഭയം വാഴുന്നു ആലയത്തിൽ.

പിന്നെയാ മുപ്പതുകാശുകൊടുത്തവർ

വാങ്ങിച്ചെടുത്തൊരു ഭൂപ്രദേശം

ഹിന്നോം താഴ്വരകുന്നിൻ ചെരുവിലെ

ഭീതിയേറുന്നൊരു ഭൂമി തന്നെ

ശ്മശാനഭൂമിയായ് വാങ്ങിയതെങ്കിലും

എത്രയോ പാന്ഥർക്ക് വിശ്രാമമായ്

ഇപ്പോഴും കാണുന്നു രക്തനിലം

രക്തനിലമത് അക്കല്ദാമ

Advertisement