ദോഷാരോപണം അരുത്

0
2181
ഇന്നത്തെ ചിന്തയ്ക്ക്:
ദോഷാരോപണം അരുത്
സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ് ന്യൂസ് ) 
മറ്റുള്ളവരുടെ കുറ്റവും കുറവും പറയാനും അതില്‍ രസിക്കാനുമുള്ള പരീക്ഷ വിശ്വാസികളെയും ബാധിക്കാറുണ്ട്. അന്യരുടെ പരാജയങ്ങള്‍ വലിപ്പപ്പെടുത്തി, അവരുടെമേല്‍ വിധിപ്രസ്താവിക്കുന്നതിനും സാധാരണയായി വിശ്വാസികള്‍ മടിക്കാറില്ല. പലപ്പോഴും യാഥാര്‍ഥ്യം ശരിയായി അറിയാതെയായിരിക്കും നാം അഭിപ്രായങ്ങള്‍ പറയുന്നത്. ഒരാളുടെ ആന്തരികചിന്തകളെയും അവര്‍ ആയിരിക്കുന്ന സാഹചര്യങ്ങളെയുംപറ്റി ദൈവം മാത്രമേ പൂര്‍ണമായി അറിയുന്നുള്ളൂ. അതിനാല്‍ നാം പരസ്പരം വിധിക്കാതെ എല്ലാം അറിയുന്ന ദൈവം ശരിയായി വിധിക്കാന്‍ ഏല്പിക്കുകയാണ് ഏറ്റവും ഉത്തമം.
മറ്റുള്ളവരെ തേജോവധംചെയ്യാന്‍ എതിരാളികള്‍ പറഞ്ഞുപരത്തുന്ന നിര്‍മിതകഥകളായിരിക്കും നാം പലപ്പോഴും കേള്‍ക്കുന്നത്. സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന രീതിയും മനുഷ്യസഹജമത്രേ. അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ കേട്ട് ആരെയും വിധിക്കുന്നതിനു വിശ്വാസികള്‍ ശ്രമിക്കരുത്.
ഒരിക്കല്‍ ഒരു സഭയില്‍ പുതുതായി വന്ന ശുശ്രൂഷകനോട് ഓരോരുത്തര്‍ വന്നു മറ്റുള്ളവരുടെ കുറ്റവും കുറവുകളും പറയാനാരംഭിച്ചു. ഈ ഉപദ്രവത്തില്‍ നിന്നു രക്ഷപ്പെടാന്‍ എന്താണു മാര്‍ഗമെന്ന് അദ്ദേഹം ആലോചിച്ചു. ഒടുവില്‍ ഒരു കറുത്ത പുറംചട്ടയുള്ള നോട്ടബുക്കു താന്‍ തയ്യാറാക്കി. പിന്നീട് ദോഷാരോപണങ്ങളെല്ലാം നോട്ടബുക്കില്‍ പകര്‍ത്തത്തക്കവിധം സാവകാശത്തിലും വ്യക്തമായും പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, വിവരം അറിഞ്ഞ ആരും ഈ ഉദ്ദേശ്യവുമായി ശുശ്രൂഷകനെ സമീപിച്ചതേയില്ല. യാഥാര്‍ഥ്യമില്ലാത്ത ആരോപണങ്ങളാണ് അവ എന്നതിനു തെളിവാണ് ഈ തിരോധാനം.
തെറ്റില്‍ വീണുപോയ ഒരു വിശ്വാസിയെ കുറ്റപ്പെടുത്തി പരിഹസിക്കുന്നതിനു പകരം ആ സഹോദരനോടു സ്നേഹപൂര്‍വം ഇടപെട്ട് ധൈര്യപ്പെടുത്തി യഥാസ്ഥാനപ്പെടുത്തുകയാണാവാശ്യം. സ്നേഹമില്ലാത്തിടത്ത് കുറവുകള്‍ മുഴച്ചുകാണും. പരസ്പരം വിധിപ്രസ്താവിക്കാനും സഹോദരന് ഇടര്‍ച്ചയും തടങ്കലും വയ്ക്കാനും വിശ്വാസികള്‍ ഒരിക്കലും ഒരുങ്ങരുത്.

LEAVE A REPLY

Please enter your comment!
Please enter your name here