സ്വസഭക്കാർ സഭാഭ്രഷ്ടനാക്കിയത് പാസ്റ്റർ കെ.ഇ. ഏബ്രഹാമിനെ വളരെ വേദനിപ്പിച്ചു

0
3133

പുതു തലമുറ അറിയാൻ..

സ്വസഭക്കാർ സഭാഭ്രഷ്ടനാക്കിയത് പാസ്റ്റർ കെ.ഇ. ഏബ്രഹാമിനെ വളരെ വേദനിപ്പിച്ചു

സന്ദീപ് വിളമ്പുകണ്ടം

“പരിശുദ്ധാത്മസ്നാനം പ്രാപിച്ച് തിരികെ മുളക്കുഴയിൽ എത്തിയ കെ.ഇ. ഏബ്രഹാമിനെ വിയോജിത വിശ്വാസികളായ സ്വസഭക്കാർ തള്ളിപ്പറഞ്ഞു: “ സാറേ , നിങ്ങളെ ഞങ്ങൾ ഏറ്റവും സ്നേഹിക്കുന്നു. എന്നാൽ മറുഭാഷ എന്ന ഈ പിത്തലാട്ടം നമ്മുടെ സഭയിൽ സാധിക്കുകയില്ല. അതുകൊണ്ട് നിങ്ങളുമായി കൂട്ടായ്മ തുടരുവാൻ ഞങ്ങൾക്കു നിവത്തിയില്ല.” എന്നു പറഞ്ഞ് അവർ അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കി”

1911 മുതലാണ് പെന്തെക്കോസ്ത് ഉപദേശം കേരളത്തിലുടനീളം വ്യാപിക്കയും പല സ്ഥലങ്ങളിലും പെന്തെക്കോസ്ത് കൂട്ടായ്മകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ പന്തളം മത്തായിച്ചൻ ഒഴികെ ശക്തനായ ഒരു സ്വദേശീയ നേതാവ് പെന്തെക്കോസ്തർക്കുണ്ടായിരുന്നില്ല. അദ്ദേഹം തന്നെ, സംഘടനാതലത്തിൽ എന്തെങ്കിലും നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാതെ ഒരു സഞ്ചാരസുവിശേഷകനായി മാത്രം പ്രവർത്തിക്കുകയായിരുന്നു. എന്നുതന്നെയല്ല, മത്തായി ഉപദേശിയുടെ പ്രവർത്തനമണ്ഡലം മുഖ്യമായും തെക്കൻ തിരുവിതാംകൂർ ആയിരുന്നുതാനും. സ്വദേശീയ നേതൃത്വത്തിന്റെ അഭാവം കേരളാ പെന്തെക്കോസ്ത് പ്രവർത്തനത്തിന്റെ ഒരു വലിയ ന്യൂനതയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 1923 ൽ പരിശുദ്ധാത്മാനം പ്രാപിച്ച് കെ . ഇ . ഏബ്രഹാം പെന്തെക്കോസ്ത് വിശ്വാസിയായിത്തീരുന്നത്.

ഒരു സ്കൂൾ അദ്ധ്യാപകനായിരുന്ന കെ. ഇ. ഏബ്രഹാം യാക്കോബായ സഭ വിട്ട് കെ.വി. സൈമൺ സാറിന്റെ കീഴിൽ സ്നാനം ഏൽക്കുകയും അദ്ദേഹ ത്തോടൊപ്പം വിയോജിതപ്രവർത്തകനായി കഴിയുകയുമായിരുന്നു. എന്നാൽ, പിന്നീട് കെ.വി. സൈമൺ 1918 -ൽ മലങ്കര വിയോജിതസഭ രൂപീകരിച്ചപ്പോൾ കെ.ഇ. ഏബ്രഹാമും അദ്ദേഹത്തോടൊപ്പം നിന്ന മുളക്കുഴ, ബുധനൂർ സഭകളും അവരോടു യോജിക്കാതെ സ്വത്രന്തവിയോജിത സഭകളായിത്തീർന്നു. ഈ സഭകൾ എ.ഡി.ഖാൻ നേതൃത്വം വഹിച്ച് ചർച്ച് ഓഫ് ഗോഡ് ( ആൻഡേഴ്സൺ ചർച്ച് ഓഫ് ഗോഡ്) സമൂഹവുമായാണ് സഹകരണബന്ധം പുലർത്തിയിരുന്നത്. ( ഈ “ചർച്ച് ഓഫ് ഗോഡ് ഇന്നത്തെ പൂർണ്ണസു വിശേഷ ദൈവസഭയല്ല ഇവർക്ക് പെന്തെക്കോസ്ത് ഉപദേശങ്ങളെക്കാൾ ബാപ്റ്റിസ്റ്റ്, വേർപാട് ഉപദേശങ്ങളോടാണ് സാമ്യതയുള്ളത്. കേരളത്തിൽ ഇവരുടെ നേതാവ് ആത്മബോധിനി പ്രതാധിപരായിരുന്ന റവ. പി.ജെ. ഫിലിപ്പ് ആയിരുന്നു. ഇന്നും ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യാ എന്ന പേരിൽ ഈ സംഘം കേരളത്തിൽ പ്രവർത്തിക്കുന്നു.

കെ.ഇ. ഏബ്രഹാമിന്റെ വിവാഹം നടത്തിയതും ആൻഡേഴ്സൺ ചർച്ച് ഓഫ് ഗോഡിലെ എ.ഡി. ഖാൻ ആയിരുന്നു. ഇതേപ്പറ്റി അദ്ദേഹം തന്റെ ആത്മകഥ യിൽ പറയുന്നു: “മുളക്കുഴ സഭയും ബുധന്നൂർ സഭയും അക്കാലത്ത് ചർച്ച് ഓഫ് ഗോഡിലുള്ള ദൈവജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തിവന്നിരുന്നു. ആകയാൽ ആറാട്ടുപുഴ ചർച്ച് ഓഫ് ഗോഡ് കൺവൻഷനിൽ പ്രസംഗകനായി സന്നിഹിതനായിരുന്ന പണ്ഡിതനും സാത്വികനുമായിരുന്ന റവ.ജോൺ എ.ഡി. ഖാൻ എന്ന ഇന്ത്യൻ മിഷനറി എന്റെ വിവാഹ ശുശ്രൂഷ സദയം നടത്തിത്തരണമെന്നു ഞാൻ ആവശ്യപ്പെടുകയും അദ്ദേഹമത് സസന്തോഷം സമ്മതിക്കുകയും ചെയ്തു . അങ്ങനെ ആറാട്ടുപുഴ കൺവൻഷൻ അവസാനിച്ചതിന്റെ പിറ്റേദിവസം അദ്ദേഹം വന്ന് ആ ശുശ്രൂഷ നടത്തി (കെ . ഇ. ഏബ്രഹാം, യേശുക്രിസ്ത വിന്റെ എളിയദാസൻ, പേജ് 59). സൈമൺ സാറുമായുള്ള ബന്ധം വിച്ഛേദിച്ചതിനുശേഷം കെ.ഇ. ഏബ്രഹാം റവ. പി.ജെ. ഫിലിപ്പുമായി കൂടുതലടുത്തു. 1922-ൽ സ്കൂളിൽനിന്നും ആറുമാസത്തെ അവധിയെടുത്ത് അദ്ദേഹം ആൻഡേഴ്സൺ ചർച്ച് ഓഫ് ഗോഡിന്റെ ഒരു പ്രവർത്തകനായി കുളനടയിൽ താമസിച്ചു. ഈ സമയത്താണ് അദ്ദേഹം പന്തളം മത്തായി ഉപദേശിയുമായി പരിചയത്തിലാകുന്നത്. (യേശുക്രിസ്തുവിന്റെ എളിയദാസൻ, പേജ് 64)

Advertisement

മത്തായി ഉപദേശിയിൽനിന്നും പരിശുദ്ധാത്മ സ്നാനത്തെക്കുറിച്ച് ഗ്രഹിച്ച് കെ.ഇ. ഏബ്രഹാം അതിനായി ഉപദേശിയുടെ ഭവനത്തിൽ കാത്തിരുന്നു പ്രാർത്ഥിച്ചുവെങ്കിലും അന്ന് തനിക്കതു പ്രാപിക്കാൻ കഴിഞ്ഞില്ല. പിന്നീട് തെക്കൻ തിരുവിതാംകൂറിൽ പെന്തെക്കോസ്ത് പ്രവർത്തകനായിരുന്ന സി. മനാശ്ശേ പ്രസംഗിയാരുടെ ഭവനത്തിൽ വച്ചാണ് അദ്ദേഹം പരിശുദ്ധാത്മസ്നാനം പ്രാപിക്കുന്നത്. 1923 ഏപ്രിൽ 22 നായിരുന്നു അത്. (ഐ.പി.സി. പ്രാരംഭ വർഷങ്ങൾ , പേജ് 18).

പരിശുദ്ധാത്മ സ്നാനം പ്രാപിച്ച് തിരികെ മുളക്കുഴയിൽ എത്തിയ കെ.ഇ. ഏബ്രഹാമിനെ വിയോജിത വിശ്വാസികളായ സ്വസഭക്കാർ തള്ളിപ്പറഞ്ഞു: “ സാറേ , നിങ്ങളെ ഞങ്ങൾ ഏറ്റവും സ്നേഹിക്കുന്നു. എന്നാൽ മറുഭാഷ എന്ന ഈ പിത്തലാട്ടം നമ്മുടെ സഭയിൽ സാധിക്കുകയില്ല. അതുകൊണ്ട് നിങ്ങളുമായി കൂട്ടായ്മ തുടരുവാൻ ഞങ്ങൾക്കു നിവത്തിയില്ല.” എന്നു പറഞ്ഞ് അവർ അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കി. ( യേശുക്രിസ്തുവിന്റെ എളിയ ദാസൻ പേജ് 67,68 ). സ്വന്തം സഭക്കാർ തന്നെ തള്ളിപ്പറഞ്ഞത് കെ. ഇ. ഏബ്രഹാമിനെ വളരെയേറെ ദുഃഖിതനാക്കിത്തീർത്തു. വിശ്വാസികളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനുമായി അദ്ദേഹം വളരെ കൊതിച്ചു. ചില ഞായറാഴ്ചകളിൽ മത്തായി ഉപദേശി പന്തളത്തുണ്ടായിരുന്ന സമയങ്ങളിൽ കെ.ഇ. ഏബ്രഹാം അവിടെ പോയി അദ്ദേഹവും കുടുംബവുമൊന്നിച്ച് ദൈവാരാധന നടത്തുമായിരുന്നു.

അതുപോലെ ബർഗ് സായ്പ് പുന്തലയിൽ നടത്തിയ യോഗങ്ങളുടെ സമയം പരിശുദ്ധാത്മസ്നാനം പ്രാപിച്ച കാവിൽ യോഹന്നാച്ചൻ എന്നയാളും സുഹൃത്തുക്കളുമായും കെ.ഇ. ഏബ്രഹാം കൂട്ടായ്മയാ രിച്ചിരുന്നു. സ്വന്തദേശത്ത് ആത്മസ്നാനാനുഭവസ്ഥരായ ആളുകളെ കൂട്ടായ്മയ്ക്കു ലഭിക്കാതിരുന്നത് കെ.ഇ. ഏബ്രഹാമിനെ വളരെയേറേ വിഷമിപ്പിച്ചു. എന്നാൽ ഏകാന്തതയുടെ ആ നാളുകൾ ധനാത്മകമാക്കാൻ ദൈവം അദ്ദേഹത്തെ ഉപയോഗി ച്ചു. ആ നാളുകളിലാണ് “പരിശുദ്ധാത്മ സ്നാനം” എന്ന പുസ്തകം അദ്ദേഹം എഴുതുന്നത്. അങ്ങനെ ആത്മസ്നാനം പ്രാപിച്ച് ഒരു കൊല്ലം കഴിയുന്നതിനു മുമ്പുതന്നെ തന്റെ അനുഭവത്തിന് ദൈവശാസ്ത്രവിശദീകരണമായി ഒരു പുസ്തകം രചിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു . ആദ്യമെതിർത്തെങ്കിലും മുളക്കുഴ സഭയ്ക്ക് പെന്തെക്കോസ്തനുഭവത്തെ ഏറെനാൾ തടുത്തു നിർത്താനായില്ല. സർപ്പദംശനമേറ്റ് മരണാസന്നയായിതീർന്ന ഒരു സ്ത്രീയുടെ അത്ഭുതരോഗ സൗഖ്യത്തിലൂടെ കെ.ഇ. ഏബ്രഹാം ജനങ്ങൾക്ക് അഭിമതനായിത്തീർന്നു.

കേരള പെന്തക്കോസ്തു ചരിത്രം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here