വ്യാജന്മാര്‍ വ്യാപ്തി വര്‍ധിപ്പിക്കുന്നു

വ്യാജന്മാര്‍ വ്യാപ്തി വര്‍ധിപ്പിക്കുന്നു

PressScription

വ്യാജന്മാര്‍ വ്യാപ്തി വര്‍ധിപ്പിക്കുന്നു

ഡോ. ജോൺ കെ. മാത്യു 

യിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കേരള സമൂഹത്തെ സാരമായി ബാധിച്ച ഒരു പ്രതിസന്ധി യായിരുന്നു നക്സലിസം. പരസ്യവിചാരണകൾ നടത്തുക, കുറ്റവാളികൾ എന്നു വിധിക്കപ്പെടുന്നവരെ കൊന്ന് കഴുത്തറുത്ത് വീട്ടുവാതിൽക്കൽ വയ്ക്കുക എന്നു തുടങ്ങി ഭീകരമായ നക്സ‌ൽ ആക്രമണങ്ങൾ നാടിനെ ആകെ നടുക്കിയിരുന്നു. ഇതിനു അന്ത്യം കുറിക്കേണ്ടത് ആവശ്യമായി വന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രിയും, പോലീസ് മേധാവികളും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കി. പോലീസ് ഉദ്യോഗസ്ഥരിൽ ചിലരെ ഐഡന്റിറ്റി വെളിപ്പെടുത്താതെ, നക്‌സലിസത്തിൽ തല്പരർ എന്ന വ്യാജേന പ്രസ്ഥാനത്തിനകത്തു കയറ്റി. ഇവരെ നമുക്ക്, 'ഡ്യൂപ്ലിക്കേറ്റ് നക്‌സൽസ്' എന്നു വിളിക്കാം. അകത്തുകയറിയ 'വ്യാജന്മാർ' പദ്ധതികളും പ്രവർത്തന രീതികൾ മുഴുവനും ചോർത്തിയെടുത്ത് നക്‌സലിസത്തിനു തന്നെ അന്ത്യം കുറിച്ചു. 

വ്യാജനെ നിസാരനായി കാണരുത്. അവൻ പ്രതീക്ഷിക്കുന്നതിലും ശക്തനാണ്. ഒറിജിനലിനെ തകർക്കാൻ ഏറ്റവും നല്ലത് വ്യാജനാണ്. ലിക്വിഡ് ഫയർ മുതൽ ലിക്യഡേഷനിൽ നിന്നൊഴിവാക്കുന്നതുവരെയുളള എല്ലാ ശുശ്രൂഷാപദ്ധതികളും തികഞ്ഞ വ്യാജനാണ്. ഒറിജിനലിനെ തകർക്കാനുള്ള പിശാചിൻ്റെ തന്ത്രവുമാണ്. ഇതൊരു പുതിയ കാര്യമല്ലെന്ന് ശമര്യയിൽനിന്ന് നമുക്കൊരു ഉദാഹരണമുണ്ട്. "അപ്പൊസ്‌തലന്മാർ കൈവച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമൊൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു. ഞാൻ ഒരുത്തൻ്റെമേൽ കൈവച്ചാൽ അവന് പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു" (പ്രവ. 8:18,19). പിതൃപുത്ര പരിശുദ്ധാത്മാവാം ത്രിയേക ദൈവത്തിലാണല്ലോ നാം വിശ്വസിക്കുന്നത്. ഇങ്ങനെയുള്ളവരാരും പിതാവാം ദൈവത്തെയോ, പുത്രനാം ദൈവത്തെയോ ഗൗനിക്കാതെ പരിശുദ്ധാത്മാവാം ദൈവത്തെ മാത്രം പിടിക്കുന്നത് എന്തു കൊണ്ടെന്നു ചോദിച്ചാൽ 'മാനിപ്പുലേഷൻ' എളുപ്പത്തിലാക്കും എന്നതിനാലാണ്. 

ഇതെഴുതുമ്പോൾ ഒരു കാര്യംകൂടിഎഴുതേണ്ടതുണ്ട്. പരിശുദ്ധാത്മാവിൻ്റെ പേരിലുള്ള ഈ ചൂഷണത്തിനു നാം ബംഗളൂരുവരെ പോകേണ്ടതില്ല. ഇവിടെ നമ്മുടെ മൂക്കിനു മുന്നിലുണ്ട്. വിവാഹവേദിയിൽ ശുശ്രൂഷയ്ക്കിടെ നിർത്താതെ അന്യഭാഷ പറയുക. ദമ്പതികൾക്ക് ദൂതു കൈമാറുക, ശവസംസ്‌കാരശുശ്രൂഷ ആരാധനയായി മാറ്റുക, ആദിയായ പ്രവണതകളും 'മാനിപ്പുലേഷൻ' തന്നെയാണ്. കൃത്യമായ 'മാനിപ്പുലേഷൻ', സാത്താൻ വെളിച്ചദുതൻ് വേഷം കെട്ടുമെന്ന മുന്നറിയിപ്പ് നമുക്കു ലഭ്യമായിട്ടുള്ളതാണ്. നല്ല വിത്തിനിടയിൽ സാത്താൻ രാത്രിയിൽ കള വിതയക്കും എന്നുളള മുന്നറിയിപ്പും നമുക്കു ലഭ്യമായിട്ടുണ്ട്. എങ്കിലും വില്പനയും വാങ്ങലും എളുപ്പമാകയാൽ പലർക്കും വ്യാജനോടാണ് താല്പ‌ര്യം. ഒരുകാര്യം ഉറപ്പാണ്. ഒറിജിനലിനെ തകർക്കുക എന്നതുതന്നെയാണ് വ്യാജൻ്റെ ലക്ഷ്യം.

വ്യാജന്മാർക്കെതിരെ സഭ ഈയിടെ ഒരു പ്രസ്‌താവന ഇറക്കിയിരുന്നു. ഏറ്റവും സ്വാഗതാർഹം, എന്നാൽ വ്യാജന്മാർ അവരുടെ വ്യാപ്തി വർധിപ്പിക്കുമ്പോൾ, എന്നുവച്ചാൽ സഭയ്ക്കകത്തു വിലസുമ്പോൾ പ്രസ്‌താവനകൊണ്ടു മാത്രം ശരിയാകുമെന്നു തോന്നുന്നില്ല. പ്രവർത്തിക്കകൂടെ വേണ്ടിവരും.

Advertisement