31 വർഷങ്ങൾക്ക് ശേഷം സ്വന്തം പ്രൊഫസറെ തേടി ഒരു യാത്ര!

31 വർഷങ്ങൾക്ക് ശേഷം സ്വന്തം പ്രൊഫസറെ തേടി ഒരു യാത്ര!

ജീവിതം നൽകിയ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ഓർത്തെടുത്ത് പ്രൊഫ. മാത്യു എബ്രഹാം മുള്ളംകാട്ടിലും 31വർഷം മുമ്പ് താൻ പഠിപ്പിച്ച വിദ്യാർത്ഥികളും

റാന്നി : കോലഞ്ചേരി സെന്റ്പീറ്റേഴ്സ് കോളേജിൽ നിന്നും അവർ കെമിസ്ട്രിയിൽ ബിരുദം നേടി പുറത്തു പോയത് 1993ൽ ആണ്. നീണ്ട 31വർഷങ്ങൾ കടന്നു പോയിരിക്കുന്നു!. അവരിൽ പലരും ഇന്ന് വിദേശത്തും നാട്ടിലുമായി ജോലി നോക്കുന്നു. ചിലർ അധ്യാപകരായി.

2024 ജൂൺ 22 ന് അവരിൽ പത്തു പേർ ഒരുമിച്ചു കൂടി തങ്ങളുടെ പ്രിയപ്പെട്ട ഒരു പ്രൊഫസറെ അന്വേഷിച്ചു പോകാൻ തീരുമാനിച്ചു. എങ്ങനെയോ ഒപ്പിച്ചെടുത്ത മൊബൈൽ നമ്പറിൽ പഴയ കെമിസ്ട്രി സാറിനെ വിളിച്ചപ്പോൾ അദ്ദേഹം ശരിക്കും അത്ഭുതപ്പെട്ടു. റിട്ടയർ ചെയ്തതിനു ശേഷം റാന്നിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം 1993ൽ താൻ പഠിപ്പിച്ച തന്റെ കുട്ടികൾ തന്നെ ഓർക്കുമെന്നോ തിരക്കിച്ചെല്ലുമെന്നോ ഒന്നും സ്വപ്നത്തിൽ പോലും കരുതിയില്ലല്ലോ!

ഏതായാലും ഒരു മിനി ട്രാവലർ വാടകയ്‌ക്കെടുത്ത് പഴയ കുട്ടികൾ തോരാതെ മഴ പെയ്യുന്ന ദിവസം മുവാറ്റുപുഴയിൽ നിന്നും റാന്നിക്ക് യാത്ര പുറപ്പെട്ടു. രണ്ടര മണിക്കൂറിന്റെ യാത്രക്ക് ശേഷം അവർ പ്രൊഫസറുടെ വീട് കണ്ടെത്തി. കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചാണ് 80 കഴിഞ്ഞ ആ അധ്യാപകൻ വിതുമ്പലോടെ സ്വീകരിച്ചത്.

അന്നത്തെ കുട്ടികൾ ഇന്ന് അൻപതു വയസ്സ് പിന്നിടുന്നു. പക്ഷേ സാറിന് മുന്നിൽ റെക്കോർഡ് ബുക്ക്‌ ഒപ്പിടാൻ നിന്ന പഴയ കുട്ടികളെപ്പോലെ അവർ ഒരു പക്വതയും ഇല്ലാത്തവരായി മാറി. സാറും ആ നിമിഷങ്ങളെ നിറഞ്ഞ കണ്ണുകളോടെയാണ് നേരിട്ടത്...അങ്ങനെ ഒരു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ലല്ലോ...

അബിൻ, രഞ്ചൻ, ബിജോയ്‌, ഗിരീഷ്, കമാൽ, ബിജു, രാജു, സലീന, റാഫിയ, റീന... 1993ലെ കെമിസ്ട്രി കുട്ടികൾ അവരുടെ പ്രിയപ്പെട്ട പ്രൊഫസർ മാത്യു എബ്രഹാമിനോടൊപ്പം ദീർഘസമയം ചെലവഴിച്ചു. ജീവിതം നൽകിയ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ എന്നാണ് അവർ പറഞ്ഞത്.

റാന്നി നെല്ലിക്കമൺ ഐപിസി സെക്രട്ടറിയായ പ്രൊഫ. മാത്യു എബ്രഹാം മുള്ളംകാട്ടിൽ കുടുംബാംഗമാണ്. പരേതനായ പാസ്റ്റർ പി എം ഫിലിപ്പിന്റെ സഹോദരി പുത്രനായ പ്രൊഫ.മാത്യു സഭാ പ്രവർത്തനങ്ങളിൽ സജീവമാണ്. ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനറായി പ്രവർത്തിച്ചിട്ടുണ്ട്.