വിളക്കും .! എണ്ണയും ..!! വിശ്വാസിയും …!!!

0
982

 

വിളക്കും.! എണ്ണയും..!! വിശ്വാസിയും …!!!

സജി പീച്ചി

ണവാളനെ എതിരേൽപ്പാൻ ഇറങ്ങി പുറപ്പെട്ടത് പത്തുപേർ…
അഞ്ചുപേർ ബുദ്ധിയുള്ളവർ
അഞ്ചുപേർ ബുദ്ധിയില്ലാത്തവർ.
വിളക്കിൽ എണ്ണയെടുത്തവർ ബുദ്ധിയുള്ളവർ.
വിളക്കിൽ എണ്ണയെടുക്കാത്തവർ ബുദ്ധിയില്ലാത്തവർ. വിളക്കെടുത്തപ്പോൾ എണ്ണ കരുതേണ്ടതായിരുന്നു.
എന്നാൽ ബുദ്ധിയില്ലാത്തവർ വിളക്കെടുത്തപ്പോൾ എണ്ണ എടുത്തില്ല.
നിരുത്തരവാദികളായി ജീവിക്കുന്നവർക്ക് ഉള്ള
ഒരു ബോധനം കൂടെ ആണ് ഈ വേദഭാഗം
ബുദ്ധി നിർണയിക്കുന്നതിൽ ഇവിടുത്തെ മാനദണ്ഡം എണ്ണയാണ്.
വിളക്കും എണ്ണയും തമ്മിലുള്ള ബന്ധം അനിർവചനീയമാണ്.
എണ്ണയില്ലാതെ വിളക്കിനും വിളക്കില്ലാതെ എണ്ണക്കും
നിലനിൽപ്പില്ല.
വിളക്കിൽ എണ്ണ അനിവാര്യമാണ്.
എണ്ണയില്ലാത്ത വിളക്കിന് യാതൊരു പ്രസക്തിയുമില്ല.
അതിനു പ്രകാശം കൊടുക്കാനാവില്ല. പ്രകാശം കൊടുക്കേണ്ട ദൗത്യമാണ് വിളക്കിനു നിർവ്വഹിക്കാനുള്ളത്..
ആ ദൗത്യം നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നെങ്കിൽ
പിന്നെ വിളക്ക് കൊണ്ടെന്തു പ്രയോജനം..???
വിളക്ക് കത്തിക്കുന്ന ഇന്ധനമാണ് എണ്ണ.
എണ്ണയും വിളക്കും
തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നത് തിരിനാളത്തിലൂടെയാണ്.
തിരിനാളം പ്രഭാവത്തോടെ പ്രകാശിക്കേണമെങ്കിൽ എണ്ണയുണ്ടാകേണം.
തിരിനാളവും എണ്ണയും ഇല്ലാതെ വിളക്കിനു നിലനിൽപ്പില്ല.
എണ്ണയില്ലാതെ പോയാൽ കരിന്തിരി കത്തും.
യഥാർത്ഥത്തിൽ കരിന്തിരി കത്തുകയല്ല, പുകയുകയാണ്.
ഇത് അന്തരീക്ഷത്തിൽ പുകമറ സൃഷ്ടിക്കും.
തന്മൂലം അന്തരീക്ഷം മലീമസമാകും.

പ്രകാശിക്കുന്ന വിളക്കിന്റെ സ്ഥാനവും പ്രകാശം നഷ്ടം ആയ വിളക്കിന്റെ നിലയും വ്യത്യസ്ത തലങ്ങളിലാണ് .
ചില തിരിച്ചറിവുകളാണ് ഇക്കാര്യത്തിൽ ആവശ്യമായിട്ടുള്ളത്.

ലോകത്തിലുള്ള ഓരോ വിശ്വാസിയും ഓരോ വിളക്കുകളാണ്.
അർത്ഥാൽ ലോകത്തിന് പ്രകാശം പകരേണ്ട വിളക്കുകൾ.
അന്ധകാരത്തിൽ പ്രകാശിക്കേണ്ട വിളക്കുകൾ.
ആ ദൗത്യം നാം യഥോചിതം നിർവ്വഹിക്കുന്നില്ലെങ്കിൽ നമുക്ക് സ്ഥാനഭ്രംശം സംഭവിപ്പാനിടയുണ്ട്.
വിളക്ക് കത്തണമെങ്കിൽ എണ്ണ അത്യന്താപേക്ഷിതമാണ്.
എണ്ണയുള്ള വിളക്കുകളും ഇല്ലാത്തവയുമുണ്ട്.
എണ്ണയില്ലെങ്കിൽ
ഇരുൾ പരക്കുമ്പോൾ നിഷ്ക്രീയമായിരിക്കാനേ വിളക്കിനു കഴികയുള്ളൂ .
ഇതേറ്റവും പരിതാപകരമായ അവസ്ഥയാണ്.
അതുകൊണ്ട് വിളക്കിൽ
എണ്ണ കരുതി വക്കേണ്ടതാണ്‌ .
നാം വിളക്ക് ആണെങ്കിൽ
നമ്മിൽ ഉള്ള വിശ്വാസമാണ് എണ്ണ.
നമ്മിൽ വിശ്വാസം ഇല്ലാതെ പോയാൽ നാം ലോക മനുഷ്യരെ പോലെയാണ്. വിശ്വാസം മാത്രം പോരാ… പ്രവർത്തിയും വേണം. പ്രവർത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമെന്നു യാക്കോബ് (2:14-20) അപ്പോസ്തോലൻ പ്രസ്താവിക്കുന്നു

എണ്ണ അഭിഷേകത്തെ കാണിക്കുന്നു.ദാവീദും നീ എന്റെ തലയെ എണ്ണ കൊണ്ട് അഭിഷേകം ചെയ്യുന്നു എന്ന് പാടുന്നു.
ഒരു വിശ്വാസിയിൽ എണ്ണയില്ലാത്ത അനുഭവങ്ങൾ എന്തെല്ലാമാണ്..

വിശ്വാസിയാകുന്ന വിളക്കിൽ
പ്രാർത്ഥനയാകുന്ന എണ്ണ ആവശ്യമാണ്‌.
ഇല്ലെങ്കിൽ ജീവിതം കരിന്തിരി പോലെ പുകഞ്ഞു കൊണ്ടിരിക്കും. അതു മറ്റുള്ളവരെ അസഹ്യമാക്കും. പ്രാർത്ഥന പുറത്ത് വരുമ്പോൾ പ്രകാശം അവിടെയുണ്ടാകുന്നു..
രഹസ്യത്തിലുള്ള പിതാവിനോട് അറയിൽ കടന്നു വാതിൽ അടച്ചു പ്രാർത്ഥിക്കുക..
വിളക്കിൽ എണ്ണ അദൃശ്യമായിരിക്കുന്നതുപോലെ പരോക്ഷമായ പ്രാർത്ഥനയും ആരും കാണാതിരിക്കുന്നു.

ആരാധനയില്ലായ്മ ,
വചനധ്യാനമില്ലായ്മ ,
ദൈവഭക്തിയില്ലായ്മ , ദൈവഭയമില്ലായ്മ , താഴ്മ, വിനയം,വിശ്വസ്തത, പരോപകാരം, സഹായം ചെയ്യാനുള്ള മനസ്സ്,
ഇങ്ങനെ പോകുന്നു ആ പട്ടിക. ഇവയൊന്നും ഇല്ലാത്ത അവസ്ഥയാണെങ്കിൽ
എണ്ണയില്ലാത്ത വിളക്കിന്റെ അവസ്ഥയാണ് നമുക്കും എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
നന്നായി ഭക്ഷണം കഴിക്കുന്ന ചിലരുണ്ട്. എന്നാൽ അവർക്ക് ആരോഗ്യം ഉണ്ടായിരിക്കില്ല.
ദഹന പ്രക്രീയ വേണ്ടും വണ്ണം നടക്കുന്നില്ല എന്നതാണ് ഇതിനു കാരണം .
ദൈവ വചനം ഉള്ളിൽ
പരിവർത്തിച്ചു വിശ്വാസമായി പരിണമിക്കേണം.

ആരാധനക്ക് വരുമ്പോൾ
ബൈബിൾ,
സ്തോത്ര കാണിക്ക,
കണ്ണട ഇവ എടുക്കാൻ മറന്നു പോകുന്നത് എണ്ണയില്ലാത്ത അനുഭവത്തോട് താദാത്മ്യപ്പെടുത്താം. ഇവിടെ മറ്റൊരു വിരോധാഭാസം ഉള്ളത് എന്തൊക്കെ മറന്നാലും മൊബൈൽ മറക്കുന്നില്ല എന്നുള്ളതാണ്. കാര്യമാത്ര പ്രസക്തിയുള്ളതൊക്കെ എന്താണെന്ന് നമ്മുടെ ഉള്ളിൽ നല്ല ബോധ്യമുണ്ട്.
ആത്മീയ കാര്യങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കാതെ പോകുമ്പോൾ എണ്ണയില്ലാത്ത അനുഭവമാണ് ദർശിക്കുന്നത്.
വിളക്കായി ശോഭിക്കുന്ന ഏതൊരു വിശ്വാസിയും ആരാധനക്കായി തലേദിവസം തന്നെ ഒരുക്കങ്ങൾ ആരംഭിക്കേണ്ടതാണ്. ആരാധനക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ ഒരുക്കുന്നതിലും കണ്ണട,
പാട്ടുപുസ്തകം , സ്തോത്രകാണിക്ക , ദശാംശം ഇവ എടുത്തു വക്കുന്നതിലും ഉത്സാഹം കാണിക്കേണ്ടതാണ് .
ആരാധനക്ക് ഇറങ്ങുമ്പോൾ തുണികൾ ഇസ്തിരി ചെയ്യുന്നവരുണ്ട്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ആ സമയം വൈദ്യുതി ഇല്ലെങ്കിൽ അതോടെ അന്നത്തെ ആരാധന മുടങ്ങും.. മിക്കപ്പോഴും
സംഭവിക്കുന്നത് ഇതാണ്.

ആരാധന മാറ്റിവച്ച് വിവാഹം, യാത്ര, ട്യൂഷൻ, ജോലി, ടൂർ, എന്നിവക്ക് പോകുന്നവരും വിളക്കിൽ എണ്ണ ഇല്ലാത്തവരാണ്…
ബാക്കി പറയേണ്ടതില്ലല്ലോ…
മണവാളൻ വരുമ്പോൾ
ഉപാധി പറഞ്ഞ് അകത്തു പ്രവേശിക്കാമെന്ന് വ്യാമോഹിക്കുന്നവരാണിവർ..
ഇവരെ കുറിച്ച് മത്തായി സുവിശേഷകൻ ഇരുപത്തഞ്ചാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്.
നന്മ ലഭിച്ചിട്ട് ദൈവാലയത്തിൽ കൊടുക്കുവാൻ മറക്കുന്നവരാണ് മറ്റൊരു കൂട്ടർ.
ഇവരെയും എണ്ണയില്ലാത്തവരുടെ ഗണത്തിൽ പെടുത്താവുന്നവരാണ്. വസ്ത്രാലയത്തിലും,
മുന്തിയതരം നക്ഷത്ര ഭക്ഷണഭോജ്യശാലയിലും ഗൃഹോപകരണങ്ങൾ
വാങ്ങുന്നതിനും വിവാഹ
സൽക്കാരാദി കർമ്മങ്ങളിൽ പങ്കെടുക്കുന്നതിലും ആഡംബരകാര്യങ്ങളിൽ ചെലവാക്കുന്നതിനും യാതൊരു മറവിയും ആർക്കും സംഭവിക്കുന്നില്ല. മറിച് ആത്മീയ കാര്യങ്ങളിൽ മറവി സംഭവിക്കുന്നു.
ഞായറാഴ്ച രാവിലെ ആരാധനക്ക് പോകാൻ വാഹനത്തിൽ കയറിയപ്പോഴാണ് മനസ്സിലാകുന്നത് ഇന്ധനം ഇല്ല എന്ന്.
ആറു ദിവസവും ഉലകം ചുറ്റാൻ ഇന്ധനമില്ലായ്മ ഒരു തടസ്സം അല്ലായിരുന്നു.
ആരാധനക്ക്‌ മുടക്കം വരുത്താൻ ഇന്ധനം ഒരു കാരണം ആയി. നേരത്തെ കരുതാത്തതിന്റെ ഭവിഷ്യത്ത് അന്നത്തെ ആരാധന നഷ്ടം ആക്കിയതിൽ
കൊണ്ടെത്തിച്ചു

അംബര ചുംബികളും, ആഡംബര പൂർണ്ണമായ ഭവനങ്ങളും ഉള്ളവരാണ് ഇന്നത്തെ സഭാവിശ്വാസികൾ.
എന്നിരുന്നാലും കുടുംബ പ്രാർത്ഥന ഇല്ലാത്ത അനുഭവം
വിളക്കിൽ എണ്ണയില്ലാത്ത
സമാനമായ ഒരനുഭവം ആണ് .
ഭക്ഷിക്കാൻ ഇഷ്ടം പോലെ വിഭവങ്ങളും ഭക്ഷണ
മേശനിറയെ ആഹാര
സാധനങ്ങളും സമൃദ്ധമായുണ്ട് . ഇവിടെയും ഒരു ഇല്ലായ്മ കാണുന്നൂ
സന്തോഷത്തിന്റെ അപര്യാപ്തത ..
അമ്മായി അമ്മയും മരുമകളും തമ്മിലും, അപ്പനും മക്കളും, ഭാര്യയും ഭർത്താവും തമ്മിലും ഊഷ്മളമായ ബന്ധം ഇല്ലാത്തത് മൂലം എൽ. ഈ. ഡി. ബൾബ് ഇട്ടിട്ടും ആരുടേയും മുഖത്ത് വേണ്ടും വണ്ണം പ്രകാശമില്ല
ഹൃദയം തുറന്നുള്ള
സംഭാഷണങ്ങളില്ല..

Advertisement
ഓരോരുത്തരും അവരവരുടെ മൊബൈലുമായി
അവരവരുടെ മുറികളിലേക്കും ഇരിപ്പിടങ്ങളിലേക്കും പായുന്നു .
യൂട്യുബിലും വാട്ട് സാപ്പിലും ഫേസ്ബുക്കിലും കയറിയിറങ്ങി കുറെയൊക്കെ ഫോർവേഡ് ചെയ്‌തും ചിലതൊക്കെ ലൈവ് ചെയ്‌തും സമയം പാഴാക്കുന്നു. മൗനം നിറഞ്ഞ ഗൃഹാന്തരീക്ഷം.

പല സഭകളിലും ഹാൾ നിറയെ വിശ്വാസികളുണ്ട്..
ശീതീകരിച്ച ആരാധനാലയങ്ങളുണ്ട്. പക്ഷെ പരിശുദ്ധാത്മാവിന്റെ നിറവിൽ ഉള്ള ആരാധന ഒരിടത്തും ദൃശ്യമല്ല.
മറ്റു ചിലർക്ക് പരിശുദ്ധാത്മാവുണ്ടെങ്കിലും പരിജ്ഞാനം തെല്ലുമില്ല.
ഇതും എണ്ണയില്ലാത്ത അനുഭവമാണ്..
തുടർന്നുള്ള നാളുകളിൽ
വിളക്കോട് കൂടെ എണ്ണ എടുക്കാനും മണവാളനെ സ്വീകരിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ… !!!!

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here