പല്ലവി തിരിച്ചെത്തി; നിറകണ്‍ പുഞ്ചിരിയോടെ കുടുംബാംഗങ്ങള്‍

പല്ലവി തിരിച്ചെത്തി; നിറകണ്‍ പുഞ്ചിരിയോടെ കുടുംബാംഗങ്ങള്‍
പല്ലവി കുടുംബാംഗങ്ങൾക്കൊപ്പം

പല്ലവി തിരിച്ചെത്തി; നിറകണ്‍ പുഞ്ചിരിയോടെ കുടുംബാംഗങ്ങള്‍

ചാക്കോ കെ. തോമസ് 

മുംബൈ: പത്ത് വർഷങ്ങൾക്ക് മുമ്പ് വിഷാദ രോഗത്താൽ വീട് വിട്ടിറങ്ങി മുംബൈയിലെ തെരുവിൽ അലഞ്ഞ് നടന്ന പല്ലവി എന്ന യുവതി ഒരു ദശാബ്ദക്കാലത്തോളം പിരിഞ്ഞുനിന്ന തന്റെ കുടുംബത്തെ തിരികെ ലഭിച്ച സന്തോഷത്തിലാണ്. മുംബൈയിൽ അശരണരെ ഏറ്റെടുത്ത് അവർക്ക് ആശ്വാസമേകുന്ന പനവേൽ സീൽ ആശ്രമമാണ് ഇതിനു മുഖാന്തിരമായത്.

ഗുഡ്ന്യൂസ് ലൈവ് മീഡിയ യു.എസ് പ്രതിനിധി ബിജു ജോൺ കൊട്ടാരക്കരയും കർണാടക കോർഡിനേറ്റർ ചാക്കോ കെ തോമസും  സീൽ ആശ്രമത്തിൽ  പാസ്റ്റർ ഫിലിപ്പിനൊടൊപ്പം

കഴുത്തു മുതൽ വയറു വരെ പൂർണമായും പൊള്ളലേറ്റ് അവശനിലയിൽ കണ്ടെത്തിയ പല്ലവിയെ ഖണ്ഡശ്വർ പോലീസും സാമൂഹിക പ്രവർത്തകരും ചേർന്ന് ആശ്രമത്തിലെത്തിക്കുകയായിരുന്നു. ശരീരം മുഴുവൻ പുഴുവരിച്ച് വൃത്തിഹീനമായ അവസ്ഥയിലായിരുന്നു അവൾ. ശരീരം വൃത്തിയാക്കി മുറിവുകളിൽ മരുന്ന് പുരട്ടി ആരോഗ്യനില വീണ്ടെടുത്തതോടെയാണ് മാനസികരോഗ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

രണ്ടു പതിറ്റാണ്ടു മുൻപ് റാന്നിയിൽ നിന്നും മുംബൈയിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അശരണരെ ഒരു മാസം ശുശ്രൂഷിച്ച് മടങ്ങിപ്പോകാൻ വന്ന കാരിക്കോട് പൂച്ചെടിയിൽ പാസ്റ്റർ കെ.എം. ഫിലിപ്പിന് ദർശനത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. 'മരണത്തിനു കൊണ്ടു പോകുന്നവരെ വിടുവിക്ക, കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിക്കാൻ നോക്കുക. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ ഗ്രഹിക്കയില്ലയോ' (സദൃ. 24: 11-12) ഈ ദൈവവചനം അനുസരിച്ച് മുംബൈ വിട്ടു പോകാതെ തെരുവിൽ കിടക്കുന്നവരെ ശുശ്രൂഷിക്കാൻ വേണ്ടി പൻവേലിൽ ആരംഭിച്ചതാണ് സീൽ ആശ്രമം.

പാസ്റ്റർ ഫിലിപ്പിനൊടൊപ്പം പല്ലവിയും കുടുംബാംഗങ്ങളും

റെയിൽവെ ഫ്ളാറ്റ്ഫോമുകളിൽ നിന്നും തെരുവോരങ്ങളിൽ നിന്നും ഒറ്റപ്പെട്ടവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനായി വെറും രണ്ട് പായയിൽ പനവേൽ കേന്ദ്രീകരിച്ച് തുടങ്ങിയ സാമൂഹിക സംഘടനയാണ് സോഷ്യൽ ആൻഡ് ഇവാൻജലിക്കൽ ഫോർ ലവ് (സീൽ).

പല്ലവി വീട് വിട്ടിട്ട് ഏകദേശം പത്ത് വർഷത്തോളമായി. ചെറുപ്പത്തിൽ നടത്തിയ ഒരു ഓപ്പറേഷനായി രുന്നു പല്ലവിയെ വിഷാദരോഗത്തിലേക്ക് തള്ളിയിട്ടത്. പിന്നീടാണ് സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പഠനവും ഉപേക്ഷിച്ചതോടെ ഒറ്റപ്പെടൽ പൂർണമായി. 2009ൽ നൈരാശ്യം മൂലം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് 2014 ലാണ് കാണാതാകുന്നത്.

പോലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. യാദൃശ്ചികമായി പൻവേലിൽ കണ്ടെത്തി. ആശ്രമത്തിലെത്തിയ പല്ലവിയെ പാസ്റ്ററും സംഘവും ചേർന്നാണ് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. നിരന്തരമായ ചോദ്യം ചെയ്യലിലാണ് കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ പല്ലവി പാസ്റ്ററുമായി പങ്ക് വച്ചതെന്ന് ആശ്രമം സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ. എം. ഫിലിപ്പ് പറഞ്ഞു.

ആശ്രമത്തിലെ അന്തേവാസികളൊടൊപ്പം

ആശ്രമത്തിലെ ജീവനക്കാർ ചേർന്ന് പല്ലവിയുടെ വീ ട്ടിലെത്തി ബന്ധുക്കളോട് കാര്യങ്ങൾ ബോധിപ്പിച്ചു. തുടർന്ന് സഹോദരി അശ്വിനി, ശൈലേഷ് മഹാദിക്, കിരൺ പരശുറാം സാൽവി എന്നിവരും അമ്മയുടെ സഹോദരി വിദ്യാ വിജയ സാൽവിയും ചേർന്നാണ് സീൽ ആശ്രമത്തി ലെത്തി പല്ലവിയെ കൂടെ കൊണ്ടുപോകുവാൻ വന്നത്.

തെരുവോരങ്ങളിലും റെയിൽവേ സ്റ്റേഷൻ പരിസര ങ്ങളിലും അലയുന്നവർക്കും മക്കൾ ഉപേക്ഷിച്ചവർക്കും എച്ച്ഐവി, ടി ബി, മാനസിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളാൽ നോക്കാൻ ആരുമില്ലാത്ത വർക്കും അത്താണിയാണ് ഇപ്പോൾ മുംബൈ പനവേലിലുള്ള സീൽ ആശ്രമം.

ഇതുവരെ വിവിധയിടങ്ങളിൽ നിന്നും മലയാളികൾ ഉൾപ്പടെ 500 ൽ അധികം പേരെ തെരുവിൽ നിന്നും ആശ്രമത്തിലെത്തിച്ച് , സ്രഷ്ടാവാം ദൈവത്തെ തിരിച്ചറിഞ്ഞ് ആ ദൈവത്തെ ആരാധിച്ചും സേവിച്ചും സമാധാനത്തോടെ 442 പേരെ അവരുടെ കുടുംബങ്ങളെ ഏൽപ്പിക്കുന്നതിലും വിജയം കണ്ടതായി സീൽ സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ. എം. ഫിലിപ്പ് ഗുഡ്ന്യൂസിനോട് പറഞ്ഞു.

Advertisement