അവൻ ഇവിടെയില്ല

0
1791

അവൻ ഇവിടെയില്ല

ടി.എം.മാത്യു

യിര്‍പ്പിന്‍റെ പ്രഭാതം ആ രണ്ടു സ്ത്രീക ളെ സംബന്ധിച്ചും ഭയവിഹ്വലമായിരുന്നു. മരണത്തിന്‍റെ ക്രൂരമായ മുഖം കണ്ടാണു കഴിഞ്ഞരാത്രിയിലും അവര്‍ ഉറങ്ങിയത്. തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍ “പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ ഭരമേല്പിക്കുന്നു” എന്ന് അലറിക്കരഞ്ഞ് പ്രാണന്‍ വെടിഞ്ഞതിന്‍റെ പ്രതിധ്വനി അവരുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. പ്രഭാതമാകുന്നതേയുള്ളൂ. ഇരുള്‍ പൂര്‍ണമായി വിട്ടുമാറിയിരുന്നില്ല. ആ പുലര്‍കാലത്തെക്കുറിച്ചു സുവിശേഷകന്‍ മത്തായി രേഖപ്പെടുത്തിയിരിക്കുന്നതു ഇപ്രകാരമാണ്:

“ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും കല്ലറ കാണ്മാന്‍ ചെന്നു. പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി: കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗത്തില്‍നിന്നു ഇറങ്ങിവന്നു, കല്ല് ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു. അവന്‍റെ രൂപം മിന്നലിനു ഒത്തതും അവന്‍റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു. കാവല്ക്കാര്‍ അവനെ കണ്ടു പേടിച്ചുവിറച്ചു മരിച്ചവരെപ്പോലെയായി. ദൂതന്‍ സ്ത്രീകളോടു: ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു. അവന്‍ ഇവിടെയില്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു;
അവന്‍ കിടന്നസ്ഥലം വന്നു കാണ്മീന്‍”
(മത്തായി 28:16)

ക്രൂശീകരണത്തിന്‍റെ അന്ത്യം അപ്രതീക്ഷിതമായ അന്ധകാരത്തോടും ഭൂകമ്പത്തോടുംകൂടെയായിരുന്നു. മനുഷ്യപുത്രന്‍റെ നിലവിളിക്ക് ആരും ചെവികൊടുത്തില്ല-സ്വന്തം പിതാവുപോലും. ദൂതന്മാരുടെ പ്രത്യക്ഷതയോ അവരുടെ അരുളപ്പാടുകളോ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ആകെ അവിടെ മുഴങ്ങിക്കേട്ടതു വിരോധികളുടെ ഉച്ചത്തിലുള്ള പരിഹാസവും വിലപിക്കുന്നവരുടെ ഞരക്കവും ആയിരുന്നു.

എന്നാല്‍, ഉയിര്‍പ്പിന്‍റ പ്രഭാതം വ്യത്യസ്തമായിരുന്നു. തലേന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഭള്ളുപറകയും ധീരന്മാരെന്നു സ്വയം നടിക്കയും ചെയ്തപട്ടാളക്കാര്‍ മരിച്ചവരെപ്പോലെ മറിഞ്ഞുകിടക്കുന്നു. മരിച്ചെന്നു വിധിയെഴുതി കല്ലറയ്ക്കുള്ളില്‍ അടക്കംചെയ്ത ക്രിസ്തു ജീവിച്ചെഴുന്നേറ്റിരിക്കുന്നു.

ആ കല്ലറയുടെ മുന്‍പിലെ ഉരുട്ടിമാറ്റപ്പെട്ട വലിയ കല്ലില്‍ ഇരുന്നുകൊണ്ട് ദൂതന്‍ ക്ഷണിക്കയാണ,് “വരിക അവന്‍ കിടന്ന സ്ഥലം വന്നു കാണ്‍ക. അവന്‍ ഇവിടെയില്ല, ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു”.

ഒഴിഞ്ഞ കല്ലറ ഒരിക്കലും സ്വതന്ത്രമായൊരു അന്വേഷണത്തെ തടഞ്ഞിട്ടില്ല. പേടിച്ചരണ്ട് ഒളിച്ചിരുന്ന ശിഷ്യന്മാര്‍ രാത്രിയില്‍ വന്ന് യേശുവിന്‍റെ ശരീരം മോഷ്ടിച്ചുവെന്നു യെഹൂദ നേതാക്കന്മാര്‍ ചമെച്ചുണ്ടാക്കിയ കള്ളക്കഥയ്ക്കു കുടപിടിക്കുന്ന യാതൊരു സാധുതയും അവിടെയില്ലായിരുന്നു. അങ്ങനെ എന്തെങ്കിലുമൊന്നു ശേഷിച്ചിരുന്നെങ്കില്‍ അവര്‍ എപ്പോഴേ അതു പരസ്യമാക്കിയേനേ. എന്നാല്‍, സ്വതന്ത്ര അന്വേഷണത്തിനു താല്‍പര്യപ്പെടുന്നവരെ സ്വര്‍ഗം വിളിക്കുകയാണ,് “വരൂ! കയറിനോക്കൂ, അവന്‍ കിടന്ന സ്ഥലം. ഇവിടെ ഇപ്പോള്‍ ആരുമില്ല. അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

ശിഷ്യന്മാര്‍ ഭീരുക്കളായിരുന്നു. ഒരു കെട്ടുകഥ മെനഞ്ഞ് അതിന്മേല്‍ തങ്ങളുടെ വിശ്വാസം കെട്ടിപ്പടുക്കാന്‍തക്ക കുശാഗ്രബുദ്ധിയൊന്നുമില്ലാത്ത സാധാരണക്കാരായിരുന്നു അവര്‍. അതുകൊണ്ടാണ് അവര്‍ യെഹൂദന്മാരെ പേടിച്ചത്
(യോഹന്നാന്‍ 20: 19).

പിന്നെ എന്താണ് അവരെ ധൈര്യപ്പെടുത്തിയത്. അതു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു. സ്ത്രീകള്‍ ആ സംഭവം കണ്ടവരാണ്. ശിഷ്യന്മാര്‍ സംഭവസ്ഥലത്ത് എത്തി കല്ലറയ്ക്കുള്ളില്‍ കടന്നവരാണ്. അതാണ് അവരുടെ പിന്‍ബലം. വിദ്യാവിഹീനരെന്നു ലോകം കരുതിയ പാവം മുക്കുവര്‍ക്ക് ദൈവം തന്നെത്തന്നെ പ്രദര്‍ശിപ്പിച്ച നിമിഷങ്ങള്‍!

ഉയിര്‍പ്പ് അവരുടെ ഭയം മാറ്റി. പിന്നീടുവന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യെരൂശലേമില്‍ മുഴുവന്‍ തങ്ങള്‍ക്കു ലഭിച്ച പുതിയ വെളിപ്പാടിനെക്കിറിച്ച് പ്രചരിപ്പിച്ചു. യേശു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. യെഹൂദനേതാക്കന്മാര്‍ അതു ചോദ്യം ചെയ്തില്ല. റോമാപ്പടയാളികള്‍ക്കു ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ശിഷ്യന്മാര്‍ യേശുവിന്‍റെ ശവശരീരം മോഷ്ടിച്ചുകൊണ്ടുപോയി എങ്കില്‍ അത് എവിടെയാണു വെച്ചിരിക്കുന്നതെന്നു തിരഞ്ഞു കണ്ടുപിടിക്കാന്‍ അധികാരവര്‍ഗത്തിന്‍റെ ഒരു വിഭാഗവും തുനിഞ്ഞില്ല എന്നതുതന്നെ യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സത്യമായിരുന്നു എന്നതിനു വേറെ തെളിവ് ആവശ്യമില്ലാത്തതാക്കി.

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ചില ദിവസങ്ങള്‍ക്കുശേഷം സ്വര്‍ഗാരോഹണം ചെയ്ത്, അയച്ചുകൊടുത്ത പരിശുദ്ധാത്മാവ് ശിഷ്യന്മാര്‍ക്കു ഇരട്ടി ശക്തി പകരുകയായിരുന്നു. ഉയിര്‍പ്പിന്‍റെ സാക്ഷ്യത്തോടൊപ്പം പരിശുദ്ധാത്മാവിന്‍റെ ശക്തികൂടിയായപ്പോഴേക്കും അവര്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്നവരായിക്കഴിഞ്ഞിരുന്നു. ഇരുപതു നൂറ്റാണ്ടു പിന്നിട്ടെങ്കിലും ഇന്നും ആ സാക്ഷ്യത്തിനും ശക്തിക്കും മങ്ങലേല്‍ക്കുകയോ ബലക്ഷയമുണ്ടാകുകയോ ചെയ്തിട്ടില്ല.

ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു കടങ്കഥയല്ല, യാഥാര്‍ഥ്യമാണ്. തെളിവുകളോടുകൂടിയ അനിഷേധ്യമായ യാഥാര്‍ഥ്യം. ഒഴിഞ്ഞ കല്ലറ ഇന്നും നിശബ്ദമായി ഘോഷിച്ചുകൊണ്ടിരിക്കുന്നു: “അവന്‍ ഇവിടെയില്ല. ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു അവന്‍ കിടന്ന സ്ഥലം വന്നു കാണുവിൻ!

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here