വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുക

0
1364

സ്പർശനം

വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുക

ടി.എം മാത്യു

ന്നത്തെ നമ്മുടെ ചിന്തയിലേക്ക് കടക്കും മുൻപ് ആ ചിന്തയെ ഉത്തേജിപ്പിക്കുന്ന മൂന്നു സങ്കീർത്തനഭാഗങ്ങൾ ആമുഖമായി കുറിക്കട്ടെ.

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. (സങ്കീർത്തനം 1: 1-3)

ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. (സങ്കീർത്തനം 119:9)

ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.(സങ്കീർത്തനം 119:11)

ശാസ്ത്രം പറയുന്നതനുസരിച്ചു മനുഷ്യ മസ്തിഷ്‌കം 12 ദശലക്ഷം കോശങ്ങൾകൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ പത്ത് ശതമാനം മാത്രമേ നമ്മൾ സാധാരണയായി ഉപയോഗിക്കാറുള്ളൂ. ഇന്നത്തെ നോട്പാഡ്കളും സെൽഫോണും ഇല്ലാതിരുന്ന കാലത്തു മനുഷ്യർ എല്ലാം ഓർമയിലാണ് സൂക്ഷിച്ചിരുന്നത്. അന്നും ഇന്നും തമ്മിൽ ഓർമശക്തിക്കു വത്യാസമുണ്ടായിട്ടില്ലെങ്കിലും ഉപയോഗക്കുറവുകൊണ്ടു ഇന്ന് ഓർമ്മയ്ക്ക്‌ കുറവുണ്ടായതായി പൊതുവെ കരുതപ്പെടുന്നു. അതുകൊണ്ടാണ് പലതും ചെറുപ്പക്കാർ പോലും മറന്നുപോകുന്നത്. വിദ്യാഭ്യാസകാലത്തും കാണാതെപഠിക്കുന്ന രീതി ഇന്ന് ഇല്ലല്ലോ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ഓർമശക്തി നിലനിർത്താൻ ഈ അടുത്തനാളുകളായി ശ്രമം നടന്നുവരുന്നുവെന്നത് ആശാവഹമാണ്. എല്ലാവരും സഹകരിച്ചെങ്കിലേ അത് വിജയിക്കയുള്ളു.
കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ഓർമ പേടകത്തിൽ എത്രമാത്രം കാര്യങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ആവശ്യസന്ദർഭത്തിൽ പലതും ഉപകരിക്കാനാവാതെപോകും; പ്രത്യേകിച്ചും ജീവിത യാഥാർഥ്യങ്ങളുമായി മല്ലിടേണ്ടിവരുമ്പോൾ ആശ്വാസത്തിനും ധൈര്യത്തിനുമായി ദൈവവചനം പെട്ടെന്ന് നമുക്ക് തുണയായിവരുന്നത് മനസിന്റെ അറകളിൽ അത് സൂക്ഷിച്ചുവയ്ക്കുന്നതുകൊണ്ടാണ്.

നമ്മുടെ തലമുറയിൽ മറ്റുള്ളവർ ദൈവവചനം ഹൃദിഷ്‌ടമാക്കാൻ ഏറെ പ്രവർത്തിച്ചിട്ടുള്ളവരിൽ മുൻപന്തിയിൽ ‘നാവിഗേറ്റർസ്’ എന്ന സുവിശേഷ സംഘടനയുടെ സ്ഥാപകൻ ഡൗസൺ ട്രോഡ്‌മാൻ എന്ന ദൈവദാസനാണ്. “Nothing pays greater dividends for the time invested than writing God’s Word on the tablets of the heart” (ദൈവവചനം ഹൃദയപ്പലകയിൽ എഴുതിസൂക്ഷിക്കുന്നതിനു എടുക്കുന്ന സമയത്തിനപ്പുറം ആദായ വിഹിതം ലഭിക്കുന്ന മറ്റൊരു സമയവിനിയോഗവും ഇല്ല). ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആത്മീയ ജീവിതത്തിൽ വലിയ ചുവടുകൾ വയ്ക്കാൻ പലർക്കും സാധിച്ചത് ഇപ്രകാരം ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കാൻ ഇടയായതിനാലാണ്.

“എന്റെ ഓർമയിൽ ഒന്നും നിൽക്കയില്ല” എന്ന് പറയുന്നവർ ചെറുപ്പക്കാരുടെയിടയിലും ഉണ്ട്. മറ്റുപലതും അവർ മറക്കാതെ സൂക്ഷിച്ചുവയ്ക്കും. എന്നാൽ ദൈവവചനം അത് സൂക്ഷിച്ചുവയ്ക്കാൻ അവർക്കുള്ളിൽ ഇടമില്ല. തികച്ചും സങ്കടകരമായ ഒരു അനുഭവമാണത്. ഒരുതരം നിഷേധാത്മകസമീപനം!

എന്തുകൊണ്ട് ദൈവവചനം ഓർത്തിരിക്കണം? വിശദീകരിക്കേണ്ടതാണെകിലും ഇവിടെ പൂർണമാക്കാൻ പരിമിതിയുണ്ടല്ലോ. എങ്കിലും എട്ടു  പ്രധാന കാരണങ്ങൾ മാത്രം താഴെ എഴുതുന്നു:

1. പാപത്തിന്മേൽ ജയം നേടാൻ സഹായിക്കുന്നു
2. ജീവിതഭാരങ്ങളെ അഭിമുഖീകരിക്കാൻ ശക്തി തരുന്നു
3. നമ്മുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ ധൈര്യം തരുന്നു
4. ജീവിത രൂപാന്തരത്തിനും പുതിയസൃഷ്ടിയായുള്ള സാക്ഷ്യത്തിനും വേഗം കൂട്ടുന്നു
5. തെറ്റായ മാനുഷീക ഉപദേശങ്ങളെയും നിർദ്ദേശങ്ങളെയും നിരാകരിച്ചു വിജയകരമായ ക്രിസ്തീയ ജീവിതത്തിനു പ്രാപ്തരാക്കുന്നു
6. ദൈവഹിതം തിരിച്ചറിയാൻ ഇടയാക്കുന്നു
7. വചനപഠനത്തെ അത് ഉത്തേജിപ്പിക്കുന്നു
8. ദൈവിക ശുശ്രൂഷക്കായി ഒരുക്കുന്നു.

മറ്റൊരുകാര്യംകൂടി:
നിങ്ങൾ ശ്രമിക്കുമെങ്കിൽ ഒരു ആഴ്ചയിൽ മൂന്നു പുതിയ വാക്യങ്ങൾ മനഃപാഠം ആക്കാൻ സാധിക്കാത്തവർ ആരുമില്ലെന്ന് എനിക്ക് തോന്നുന്നു. അതിനു താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പ്രയോജനപ്പെട്ടേക്കാം.

• വാക്യങ്ങൾ ചെറിയ കാർഡ് രൂപത്തിൽ തയ്യാറാക്കി കൂടെകൊണ്ടുനടക്കുക. ബിസിനസ് കാർഡിന്റെ വലിപ്പത്തിൽ. ഒന്ന് മനഃപാഠം ആക്കിയിട്ടേ അടുത്തത് എടുക്കാവൂ. ദിവസത്തിൽ പലതവണ വായിക്കുക.
• പഠിക്കാൻ ആരംഭിക്കുന്ന തീയതി കാർഡിന്റെ മറുവശത്തു കുറിച്ചിടുക; അതുപോലെ പഠിച്ചുകഴിഞ്ഞും. ഇത് പിന്നീട് ഉപകരിക്കും
• സൗകര്യംകിട്ടുമ്പോഴൊക്കെ ഉറക്കെ വായിക്കുക.
• കഴിയുമെങ്കിൽ ആഴ്ചയുടെ ആരംഭത്തിൽത്തന്നെ മൂന്നു വാക്യങ്ങളും തീരുമാനിച്ചു തയ്യാറാക്കി സൂക്ഷിക്കുക.
• മുടങ്ങാതെ ഇത് തുടരുക.

ദൈവം നിങ്ങളെ സഹായിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here