ദൈവം മറക്കാത്ത അഞ്ചാമത്തെ കുരുവി

0
2374

സ്പർശനം

ദൈവം മറക്കാത്ത അഞ്ചാമത്തെ കുരുവി

ടി.എം.മാത്യു

കോയീകുങ്‌ജെ , കോയീകുങ്‌ജെ..

പരിചിതമല്ലാത്ത ശബ്‍ദം കേട്ട് ഞാൻ പുറത്തേക്കുനോക്കി. ദൂരെനിന്നു ഒരാൾ നടന്നുവരുന്നുണ്ട്. ടയാറിൽ വെള്ള പെയിന്റ് പൂശിയപോലെ എന്തോ തലയിൽ അട്ടിയായി വച്ചിട്ടുണ്ട്. അയാൾ വീണ്ടും വിളിച്ചുപറഞ്ഞു: കോയീകുങ്‌ജെ , കോയീകുങ്‌ജെ..

കൗതുകം തോന്നി ഞാൻ പുറത്തേക്കിറങ്ങി.

അയാൾ അടുത്തുവരുംതോറും ചിലങ്കയണിഞ്ഞ നർത്തകിമാർ നടന്നുവരുന്നപോലെയുള്ള കലപില താളം. ഇതിനിടെ അടുത്തവീട്ടിലെ ചേട്ടനും പുറത്തേക്കിറങ്ങിവന്നു.

“ഓ…കോഴിക്കുഞ്ഞുങ്ങളോണോ? ഇങ്ങോട്ടു വാ…” അദ്ദേഹം വിളിച്ചു.

ഇപ്പോൾ കോഴിക്കുഞ്ഞുങ്ങളുടെ ശബ്‍ദം വ്യക്തമായി കേൾക്കാം. കുഞ്ഞുകോഴികൾ. ഇങ്കുബേറ്ററിൽ ഒന്നിച്ചു വിരിഞ്ഞിറങ്ങിയവർ.

കച്ചവടക്കാരൻ ചുമട് താഴെയിറക്കി മൂടി തുറന്നു. ഭംഗിയുള്ള കോഴിക്കുഞ്ഞുങ്ങൾ. കറുപ്പും, വെളുപ്പും, ബ്രൗണും എല്ലാമുണ്ട്.

“വില എത്രയാ…?: ചേട്ടൻ ചോദിച്ചു.

“ഒന്നിന് അഞ്ചു രൂപ”

“അത് വളരെ കൂടുതലാണല്ലോ. വല്ലതും കുറയുമോ?” ചേട്ടൻറെ കച്ചവട തന്ത്രം.

കച്ചവടക്കാരൻ പറഞ്ഞു: “എടുക്കു, നോക്കാം”

കൂടയിൽ കൈയിട്ടു ചേട്ടൻ അഞ്ചു കോഴിക്കുഞ്ഞുങ്ങളെ പുറത്തെടുത്തു.

“ഇതിനു എന്താകും” ചേട്ടൻ കച്ചവടക്കാരനെ നോക്കി.

“ഇരുപതു രൂപ”. രസംതോന്നി ഞാൻ കച്ചവടക്കാരനോട് ചോദിച്ചു: “അപ്പോൾ ഒന്നിനോ?”

“അഞ്ചു രൂപ”

“കണക്കു ശരിയാണോ”

“ഒന്നിന് അഞ്ചു രൂപ തന്നെ. സാർ അഞ്ചെണ്ണം എടുത്തല്ലോ. അതിൽ ഒരെണ്ണം ഫ്രീ. ഇരുപതു രൂപ മതി.” കച്ചവടക്കാരൻ എന്നെ നോക്കി പറഞ്ഞു.

അയാൾ പോയിക്കഴിഞ്ഞു ഞാൻ ചേട്ടനോട് ചോദിച്ചു: ചേട്ടാ ഇതിൽ ഫ്രീ കിട്ടിയത് ഏതാ?

ഫ്രീയായി കിട്ടിയതിനെ തിരിച്ചറിയാൻ എനിക്കോ ചേട്ടനോ മറ്റാർക്കുമോ കഴിയില്ല. എന്നാൽ അതിനെപ്പോലും കൃത്യമായി അറിയുന്നവനാണ് ദൈവം എന്നാണ് യേശു പറഞ്ഞത്.

“രണ്ടു കാശിനു അഞ്ചു കുരികിലിനെ വിൽക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ട. ഏറിയ (വളരെ) കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.”(ലൂക്കോസ് 12: 6,7)

Don’t be afraid; you are worth more than many sparrows.

വിലയില്ലാത്ത അഞ്ചാമത്തെ കുരുവിക്കുപോലും വിലകല്പിക്കുന്ന ദൈവം. ഒരുപക്ഷെ, ഇത് വായിക്കുമ്പോൾ നിങ്ങളെക്കുറിച്ചായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്റെ സമൂഹം എനിക്ക് ഒരു വിലയും തന്നില്ല; എന്റെ വീട്ടുകാർ എന്നെ വേണ്ടപോലെ കരുതിയില്ല, അതുകൊണ്ടാണ് ഞാൻ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളത്രയും. എന്റെ ഭർത്താവ് വേറൊരു വിധം, അവിടെ എനിക്കൊരു പരിഗണയും ഇല്ല. ഉദ്യോഗസ്ഥലത്ത്  ഞാൻ തഴയപ്പെടുന്നു. എന്നൊക്കെയാണോ നിങ്ങളുടെ  ചിന്ത?

നിങ്ങൾ ഒരിക്കലും പരാജയമല്ല. ദൈവം നിങ്ങളെ അറിയുന്നു. ദൈവത്തിനു നിങ്ങളെ ആവശ്യമുണ്ട്. അവിടുത്തെ ഹൃദയത്തിലാണ് നിങ്ങൾ രൂപപ്പെട്ടത്. അഞ്ചാമത്തെ കുരുവിയെക്കാൾ നിങ്ങൾ ദൈവത്തിനു എത്രയോ പ്രിയപ്പെട്ടവരാണ്. നിങ്ങൾക്കുവേണ്ടി ദൈവം നല്ലതു മാത്രമേ ചിന്തിക്കുന്നുള്ളു. സാഹചര്യങ്ങൾ പലതും മനുഷ്യസൃഷ്ടിയാണ്. അതിനപ്പുറം താൻ സ്നേഹിക്കുന്നവർക്ക് തനിമ ഉണ്ടാക്കിത്തരാൻ ദൈവത്തിനു കഴിയും. വിലയില്ല എന്ന് തോന്നുവർക്കുവേണ്ടി ദൈവം എത്രവലിയ വിലയാണ് കൊടുത്തത്? സ്വന്തം പുത്രന്റെ ജീവൻ അവിടുന്ന് നിങ്ങൾക്കായി നൽകി. തിരുവചനത്തിൽ നാം ഇങ്ങനെയാണ് വായിക്കുന്നത്: “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു.” (എഫെസ്യർ  2:10)

നിങ്ങൾ ദൈവത്തിനു പ്രിയപ്പെട്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here