നീതിമാനായ യോസേഫ്

0
1932

സ്പർശനം

നീതിമാനായ യോസേഫ്

ടി.എം.മാത്യു

യോസേഫ് നീതിമാനായിരുന്നു. അതുകൊണ്ട് നീതിപൂര്‍വമായിരുന്നു അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍. മൂന്നുതവണയാണു യോസേഫിനു സ്വപ്നത്തിലൂടെ ദൈവിക അരുളപ്പാട് ഉണ്ടായത്. മത്തായി എട്ടു തവണയും ലൂക്കൊസ് ഏഴു പ്രാവശ്യവും യോഹന്നാന്‍ ഒരിക്കൽ മാത്രവും തങ്ങളുടെ സുവിശേഷങ്ങളിൽ യോസേഫിനെ പരാമര്‍ശിച്ചു.
യോസേഫ് നീതിമാനായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് മത്തായി സുവിശേഷത്തിലുണ്ട്. ആ വിവരണം ഇപ്രകാരമാണ് നമ്മൾ വായിക്കുന്നത്:
മത്തായി 1:18 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരും മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.
19 അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.
20 ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. 22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” 23 എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
24 യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു.

ഇത് വായിക്കുമ്പോൾ യോസേഫിന്റെ അപ്പോഴത്തെ മാനസികനില നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും വളരെ വലുതാണ്. അതിന്റെ ഒരു ചിത്രമാണ് കഴിഞ്ഞ ആഴ്ചയിൽ നമ്മൾ ചിന്തിച്ചിരുന്നത്. വാക്യം 19 പ്രത്യേകം ശ്രദ്ധിക്കുക: “അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു”. ഒരു നീതിമാനു മാത്രം ചേരുന്ന നിലപാട്.

നാം നീതിയെ ഇഷ്ടപ്പെടുന്നെങ്കില്‍ ദൈവവും നമ്മോടൊപ്പമുണ്ടാകും. പ്രശ്നങ്ങളെ പദ്ധതികളാക്കി അവിടുന്നു രൂപാന്തരപ്പെടുത്തും. ഇതുപോലെ ഏതെങ്കിലും പ്രശ്നത്തെ നിങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നുണ്ടോ? “നിന്‍റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില്‍ തന്നെ ആശ്രയിക്കുക. അവന്‍ അതു നിര്‍വഹിക്കും” ഇതാണു ദൈവവചനം. ഉടന്‍ തീരുമാനമെടുക്കുന്നതിനു പകരം. സമചിത്തതയോടെ ദൈവത്തെ കാത്തിരിക്കുക.

സ്വര്‍ഗസ്ഥനായ പിതാവ് തന്‍റെ ഓമന മകനെ ഭൂമിയിലേക്ക് അയച്ചപ്പോൾ ഒരു പിതാവാകാൻ യോഗ്യനായി കണ്ടതു യോസേഫ് എന്ന തച്ചനെയായിരുന്നു. ജോലിയിലുള്ള തന്‍റെ വൈദഗ്ധ്യവും കഴിവും ബാല്യകാലത്ത് ഈ തച്ചന്‍ യേശുവിനെയും പഠിപ്പിച്ചു എന്നുവേണം കരുതാന്‍. മകന്‍റെ ജനനത്തിലെ അസ്വഭാവികത തനിക്കു മാനക്കേടുണ്ടാക്കിയേക്കാം എന്നു കരുതാതെ ദൈവനിര്‍ദേശം അപ്പാടെ സ്വീകരിക്കാന്‍ തയ്യാറായ ഭക്തനായാണ് യോസേഫ് നമുക്കു തന്നെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം ചെയ്യേണ്ടതു യോഗ്യമായിത്തന്നെ ദൈവസന്നിധിയില്‍ ചെയ്തുതീര്‍ത്തു. പ്രതിസന്ധിഘട്ടത്തിലും ദൈവത്തെ അനുസരിക്കാനും ആത്മനിയന്ത്രണം പാലിക്കാനും യോസേഫിനു കഴിഞ്ഞു. പരിശുദ്ധാത്മാവ് “നീതിമാന്‍” എന്നു രേഖപ്പെടുത്തക്കവിധം മാന്യനും നീതിമാനുമായിരുന്നു യോസേഫ്.

ദൈവം പറയുന്നത് അപ്പാടെ വിശ്വസിക്കുക; അതിന്‍റെ ഗുണദോഷങ്ങള്‍ നോക്കാതെ അംഗീകരിക്കുക. ഭവിഷത്ത് എന്തായാലും ദൈവം കരുതും.

അബ്രാഹാമിനെയോ, മോശെയെയോ ദാവിദീനെയോ പോലെ ദൈവശബ്ദം പൂര്‍ണമായി അനുസരിച്ച മിതഭാഷിയും അധ്വാനിയുമായ ഒരു മനുഷ്യനെയാണു യോസേഫിലൂടെ ബൈബിള്‍ നമുക്കു വെളിപ്പെടുത്തി തരുന്നത്. ദൈവപുത്രനെ വളര്‍ത്തിയെടുക്കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വലിയ മനുഷ്യന്‍!

പദവിക്കും അംഗീകരാത്തിനും പ്രശംസയ്ക്കുംവേണ്ടി പരക്കംപായുന്നവരുടെ ഇന്നത്തെ തലമുറയ്ക്ക് യോസേഫ് ഒരു പാഠമായിത്തീരേണ്ടതാണ്. ദൈവത്തെ അനുസരിക്കുന്നതിനാല്‍ ഒരുപക്ഷേ നമ്മുടെ മാന്യതയ്ക്കു കോട്ടംതട്ടിയേക്കാം. ദൈവകല്പന അനുസരിക്കുമ്പോള്‍ സമൂഹം നമ്മെ നിന്ദിച്ചേക്കാം. എന്നാല്‍, പ്രതികൂല സാഹചര്യത്തിലും മനംമടുപ്പിക്കുന്ന ജീവിതാനുഭവങ്ങളിലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോഴും ദൈവം വഴികാണിക്കും. പ്രതിസന്ധികള്‍ക്കു നീക്കുപോക്കു പറഞ്ഞുതരും. നാം തനിയെയല്ല ദൈവം കൂടെയുണ്ട് എന്ന ഉറപ്പില്‍ ദുര്‍ഘടങ്ങളെ തരണംചെയ്യാന്‍ നമ്മെ പ്രാപ്തരാക്കും.

ആ പാഠം തങ്ങളുടെ പിതാവില്‍ നിന്ന് പഠിച്ചതുകൊണ്ടുകൂടി ആയിരിക്കണം യേശുവിന്‍റെ സഹോദരനായ യാക്കോബ് എഴുതിയത്: “ദൈവസന്നിധിയില്‍ നിങ്ങളെത്തന്നെ താഴ്ത്തുവിൻ; എന്നാൽ, അവിടുന്നു നിങ്ങളെ ഉയര്‍ത്തും” (യാക്കോ. 4:10).

LEAVE A REPLY

Please enter your comment!
Please enter your name here