മറിയം നിനക്കറിയാമായിരുന്നോ?

0
3330

 

മറിയം നിനക്കറിയാമാ യിരുന്നോ?

ടി.എം.മാത്യു

മാര്‍ക്ക് ലോവ്റി, ബഡ്ഡി ഗ്രീന്‍ എന്ന രണ്ടുപേര്‍ ചേര്‍ന്ന് എഴുതി സംഗീതം നല്‍കിയ വിശ്വപ്രസിദ്ധമായ ഒരു ക്രിസ്മസ്ഗാനമാണു “Mary Did you know?” യേശുവിന്‍റെ മാതാവായ മറിയമിനോടു ചോദിക്കുന്ന 16 ചോദ്യങ്ങളാണ്  ഇതിൽ. മനുഷ്യഹൃദയങ്ങളെ വളരെ ആകര്‍ഷിക്കുന്ന ഈ ഗാനം പ്രസിദ്ധരായ പല ഗായകരും ആലപിച്ചിട്ടുള്ളതു യൂട്യൂബിൽ ഇപ്പോൾ ലഭ്യമാണ്.

“ഈ ശിശു സര്‍വഭൂമിയുടെയും കര്‍ത്താവാണെന്നു മറിയയേ നിനക്കറിയാമായിരുന്നോ?

ലോകരാജ്യങ്ങളെ ഭരിക്കുന്ന ഭരണകര്‍ത്താവാണ് ഈ ശിശു വെന്നു നിനക്കറിയാമായിരുന്നോ?

നിന്‍റെ പൈതല്‍ സ്വര്‍ഗം കണ്ടെത്തിയ ഊനമില്ലാത്ത കുഞ്ഞാടായിരുന്നെന്ന് നിനക്കറിയാമായിരുന്നോ?

മറിയേ, നിന്‍റെ കൈകളില്‍ ഉറങ്ങുന്ന ഈ പൈതല്‍ ഞാനാകുന്നവന്‍ ഞാന്‍ ആകുന്നു – എന്ന വലിയ ദൈവമെന്നു നിന    ക്കറിയാമായിരുന്നോ?”

എന്നിവയാണ് ഒടുവിലത്തെ ചോദ്യങ്ങളായി ഈ ഗാനത്തിലുള്ളത്.

പൈതലായ യേശുവിനെയും ബാലനായ യേശുവിനെയും നാം സുവിശേഷങ്ങളില്‍ പരിചയപ്പെടുന്നുണ്ട്. എന്നാല്‍, യേശു എന്നും ഉണ്ണി ഈശോ ആയിരിക്കേണ്ട ദൈവമല്ല. അവിടുത്തെ ജനനം ദിവ്യമായിരുന്നെങ്കില്‍ അവടുത്തെ മരണം മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നു. യെരൂശലേം ദൈവാലയത്തില്‍ മതാനുഷ്ഠാനങ്ങള്‍ക്കായി കുഞ്ഞിനെയുംകൊണ്ടുചെന്ന യോസേഫിന്‍റെയും മറിയയുടെയും കൈയില്‍ യേശുക്കുഞ്ഞിനെ ശിമ്യോന്‍ കണ്ടത് കേവലം ഒരു ശിശുമാത്രമായിട്ടല്ലായിരുന്നു. ആ കാഴ്ചയുടെ കൃതജ്ഞതാര്‍പ്പണമായി ദൈവസന്നിധിയില്‍ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: “ഇപ്പോള്‍ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികള്‍ക്കു വെളിപ്പെടാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി, നീ സകലജാതികളുടെയും മുന്നില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണു കണ്ടുവല്ലോ”. ദൈവത്തിന്‍റെ രക്ഷയുടെ പരിപൂര്‍ണത കാല്‍വറിയില്‍ പ്രദര്‍ശിപ്പിക്കുന്നതു കാണാന്‍ ശിമ്യോനു ഒരുപക്ഷെ സാധിച്ചില്ലായിരിക്കാം. എന്നാല്‍, ഈ ശിശുവിലൂടെ ശിമ്യോന്‍ ആ രക്ഷയാണു കണ്ടത്. അതോടൊപ്പംതന്നെ ഹന്നാപ്രവാചികയും. അതാണ് ദൈവാലയത്തില്‍വച്ച് ആ പൈതലില്‍ കണ്ടത്.

‘ക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുന്‍പില്‍ വരച്ചുകാട്ടിയിരിക്കെ” എന്നാണു വിശുദ്ധ പൗലൊസ് പ്രബോധിപ്പിക്കുന്നത്. ക്രൂശിതനായ ക്രിസ്തുവാണു വിശ്വാസത്തിന്‍റെ കാതല്‍. യേശുവിന്‍റെ മരണപുനരുദ്ധാനങ്ങളിലുള്ള വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലിലൂടെയാണ് ഒരാള്‍ വിശ്വാസിയായിത്തീരുന്നത്. “യേശുവിനെ കര്‍ത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചുവെന്നു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും” എന്നാണല്ലോ ദൈവവചനം. ബേത്ലഹെമിലെ കാലിത്തൊഴുത്തിലോ മാതാവിന്‍റെ മടിയിലോ പുഞ്ചിരിച്ചു കിടക്കുന്ന ഉണ്ണിയേശുവിനെയല്ല, രക്ഷപ്രാപിക്കാനുള്ള പ്രതീകമായി തിരുവചനം വരച്ചുകാണിക്കുന്നത്. പകരം, കഷ്ടങ്ങളാല്‍ തികഞ്ഞവനായ നസറായനായ യേശുവിനെയാണു പിതാവായ ദൈവം മാനവകുലത്തിന്‍റെ രക്ഷയ്ക്കായി നല്‍കിയത്.

“എന്നെകണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് യേശു ഒരിക്കല്‍ പറഞ്ഞപ്പോള്‍ അതു പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, മറിയ അതു വിശ്വസിച്ചു. തന്‍റെ ഗര്‍ഭത്തില്‍ പിറന്ന യേശു എന്ന ശിശുവിനെ മറിയ തന്‍റെ രക്ഷകനും കര്‍ത്താവും ദൈവവുമായാണു കണ്ടത്. പ്രിയ മകന്‍റെ ദാരുണമായ അന്ത്യനിമിഷങ്ങളില്‍ മറിയ സഹിച്ച വേദന നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജീവിതകാലത്തൊരിക്കലും യേശുവിനു ലഭിക്കേണ്ട ആരാധന യേശുവിന്റെ അമ്മയായി   എന്നതിന്‍റെ പേരില്‍ കവരാന്‍ മറിയ ആഗ്രഹിച്ചില്ല. ആദ്യദിനത്തില്‍ ആട്ടിടയന്മാരും പിന്നീട് വിദ്വാന്മാരും തുടര്‍ന്ന് യെഹൂദ്യ, ഗലീല, ശമര്യ നാടുകളിലുള്ളവരെല്ലാം യേശുവിനെ ആരാധിക്കുന്നതു കണ്ട് മറിയ സന്തോഷിച്ചിരിക്കണം.

താനല്ല, ദൈവപുത്രനാണ് ആരാധനയ്ക്കു യോഗ്യന്‍ എന്നു മറിയയ്ക്ക് അറിയാമായിരുന്നു. യേശുവിന്‍റെ സ്വര്‍ഗാരോഹണശേഷം കേവലം ഒരു സാധാരണക്കാരിയെപ്പോലെ ശിഷ്യന്മാരോടും മറ്റു സ്ത്രീകളോടുമൊപ്പം മറിയയും പ്രാര്‍ഥനകളില്‍ പങ്കെടുത്തുപോന്നു. ക്രിസ്മസ് ദൈവപുത്രന്‍ മനുഷ്യജന്മം എടുത്തതിന്‍റെ ഓര്‍മപുതുക്കലാണ്. കേവലം തിന്നാനും കുടിക്കാനുമുള്ള ആഘോഷമല്ല അത്. ആഘോഷിക്കേണ്ടത് ഒന്നുമാത്രമെന്നു യേശുക്രിസ്തു തന്നെ പഠിപ്പിച്ചു. അത് മറ്റെല്ലാ അത്ഭുതങ്ങളിലും വലുതായ പാപിയുടെ മാനസാന്തരത്തിനാണ്. അതു നിവൃത്തിച്ചെടുത്തതോ കാല്‍വറിക്കുരിശിലും.

Advertisement

 

 

LEAVE A REPLY

Please enter your comment!
Please enter your name here