ഞാനോ, എന്നെക്കുറിച്ചു നിങ്ങൾ എന്താണു കരുതിയത്?

0
1143
സ്പർശനം
ഞാനോ, എന്നെക്കുറിച്ചു നിങ്ങൾ എന്താണു കരുതിയത്?
ടി.എം മാത്യു
ലൂക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായം  16 -21 വാക്യങ്ങളിൽ യേശുക്രിസ്തു ഒരു മനുഷ്യനെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.  
“16 ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. 17 അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടൂ? എന്റെ വിളവ് കൂട്ടിവയ്പാൻ സ്ഥലം പോരാ എന്ന് ഉള്ളിൽ വിചാരിച്ചു. 18 പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും. 19 എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. 20 ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആർക്കാകും എന്നു പറഞ്ഞു. 21 ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”
അയാൾ ധനികനാണ് നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഇട്ടുമൂടാൻ തക്ക പണം ഉള്ള ആൾ. എന്നാൽ അയാൾ ഏകാകിയാണ്. തനിക്ക് സ്വന്തക്കാരോ സ്നേഹിതരെ ആരും ഇല്ല എന്നുവേണം കരുതാൻ. അയാൾ സംസാരിക്കുന്നത് തന്നോട് തന്നെയാണ്. അയാൾ സ്വയം പറയുന്ന കാര്യങ്ങൾ കേട്ടാൽ നമ്മൾ അമ്പരന്നുപോകും. അതാണ് ഈ വാക്യങ്ങളിൽ നാം വായിക്കുന്നത്. ഈ മനുഷ്യനെ പോലെ പണവും അഹങ്കാരവും തലയ്ക്കു പിടിച്ചവർ നമ്മുടെ ഇടയിലും ഉണ്ട്. നമ്മുടെ സമൂഹത്തിലെ പലരെയും നമുക്ക് നന്നായി അറിയാം. അവർ എവിടെനിന്നു വന്നുവെന്നും ഇപ്പോൾ എന്തായിരിക്കുന്നുവെന്നും ഗൃഹപാഠം പോലെ നമ്മുടെ മനസ്സിലുണ്ട്. അവരിൽ ചിലർ സംസാരിക്കുന്നത് കേൾക്കുമ്പോൾ നമുക്ക് പുച്ഛം തോന്നും. മറ്റുള്ളവരെക്കാൾ തനിക്ക് അധികം അറിവുണ്ട് എന്ന് നടിക്കുന്നവരാണ് ഒരു വിഭാഗം. ചിലർക്ക് തങ്ങളുടെ ധനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചാണ് പറയാനുള്ളത്. മറ്റുചിലരാകട്ടെ വസ്തുവകകൾ സമ്പാദിക്കുന്നതിന്റെ വീരകൃത്യങ്ങൾ ആയിരിക്കും പറയുന്നത്. അത് അവർ എപ്പോഴും സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നതു സ്നേഹിതർ ആരും ഇല്ലാത്തതു കൊണ്ടായിരിക്കാം. ആരെയെങ്കിലും കണ്ടാൽ ഉടനെ അവരോട് പറഞ്ഞു തുടങ്ങുന്നത് തങ്ങളുടെ വീരസ്യം ആയിരിക്കും. ഈ സ്വഭാവത്തിൽ പെട്ട ആളാണ് നമ്മുടെ കഥാപുരുഷൻ. 
അയാൾ തന്നോട് തന്നെ പറയുകയാണ്, നിനക്ക് നൂറ്റാണ്ടുകൾക്ക് വേണ്ടിയ പണം, വസ്തു, ആഹാരം ഇതെല്ലാം ഞാൻ ഇപ്പോഴേ കരുതിയിട്ടുണ്ട്. സ്വയം ഒരു ധനികനായി തന്റെ മനസ്സിനെ അദ്ദേഹം  പറഞ്ഞ് ഉറപ്പിക്കുകയാണ്. എന്നാൽ അയാളുടെ പ്ലാനിംഗിൽ ഒരിടത്തും ദൈവത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആ മനുഷ്യന്റെ പണക്കൊഴുപ്പിനെയും സമ്പത്തിനെയും യേശു വില കുറച്ചു കണ്ടില്ല. പകരം അയാളുടെ മനോഭാവത്തെയാണ് യേശു നമുക്കു കാട്ടിത്തരുന്നത്. അഥവ അയാളുടെ നീതിബോധമില്ലായ്മയെയാണ് യേശു വിമർശന വിധേയമാക്കുന്നത്.
ആവശ്യത്തിലധികം ധനം സമ്പാദിച്ചു കൂട്ടാൻ ചിലർ വ്യഗ്രത കാട്ടുന്നതു ഉള്ളിലുള്ള ഭയംകൊണ്ടാണന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള ഭീതി. എത്രയധികം സമ്പാദിച്ചുകൂട്ടാമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കുമെന്നാണു ലോകത്തിന്റെ തത്വം. എന്നാൽ ദൈവത്തിന്റെ സത്യം വ്യത്യാസമാണ്. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലങ്ങളും അവന്റെ മേൽ ഇട്ടുകൊൾവിൻ” എന്നതാണ് ദൈവിക സത്യം. 
ദൈവമക്കൾ ധനത്തിൽ ആശ്രയം വയ്ക്കുന്നത് ദൈവം ഇഷ്ടപ്പെടുന്നില്ല. ന്യായമായ രീതിയിൽ ധനം സമ്പാദിക്കുന്നതിനെയോ വ്യാപാരം നടത്തുന്നതിനെയോ ദൈവം എതിർക്കുന്നില്ല. താലന്തുകളുടെ ഉപമയിലും ഒക്കെ നമുക്ക് അതു കാണാൻ കഴിയും. അന്യായമായതെല്ലാം ദൈവം വെറുക്കുന്നു. ധനവും മാനവും പുരാതന സമ്പത്തും കൈവശം വച്ചിരിക്കുന്ന നിത്യനായ ദൈവത്തെക്കാൾ ധനികരായി ഈ ലോകത്തിൽ ആരുമില്ല.
ഒരു വലിയ സത്യം നമുക്കു മനസിലാക്കിത്തരുവാനാണ് യേശു ഈ വിഢിയായ ധനികന്റെ കഥ നമ്മോടു പറഞ്ഞത്. അതു പറഞ്ഞുകൊണ്ടാണ് കർത്താവ് ആരംഭിച്ചത്. 
അത് ഇതാണ്: വാക്യം 15. പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here