യാചിക്കുക, അന്വേഷിക്കുക, മുട്ടുക

0
1715

സ്പർശനം

യാചിക്കുക, അന്വേഷിക്കുക, മുട്ടുക

ടി.എം.മാത്യു

നുദിന ബൈബിൾ വായനയും ധ്യാനവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് ഈ പംക്തിയിൽ എഴുതിയിരുന്ന ലേഖനങ്ങൾ പലർക്കും പ്രയോജനപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ട്. അതിൽ ഞാൻ ഊന്നൽ നൽകിയത് ദിവസത്തിൽ ചുരുങ്ങിയ സമയം മാത്രം ലഭിക്കുന്ന തിരക്കുള്ള ജോലിക്കാരെയും വിദ്യാർത്ഥികളെയുമായിരുന്നു. അതുകൊണ്ടാണ് ലളിതമായ ചില നിർദ്ദേശങ്ങൾ മാത്രം നൽകിയത്. എന്നാൽ ഗൗരവപൂർവം തിരുവചനത്തെ സമീപിക്കാൻ താല്പര്യപ്പെടുന്നവർക്കുവേണ്ടി മറ്റു പല രീതിയുമുണ്ട്. അതിനു സഹായകമായ ധാരാളം പുസ്തകങ്ങൾ ഇന്നു ലഭ്യമാണ്. ദിവസത്തിൽ കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും മാറ്റിവയ്ക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതം വ്യത്യസ്തമാകും. അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും. ഈ ലേഖനത്തോടെ ഈ വിഷയം അവസാനിപ്പിക്കുകയാണ്. കൂടുതൽ സംശയങ്ങൾ ഉള്ളവർക്കു വേണ്ടി എന്റെ ഇമെയിൽ വിലാസം ഒടുവിൽ കൊടുത്തിട്ടുണ്ട്.
നമ്മുടെ കർത്താവിന്റെ പ്രസിദ്ധമായ ഒരു വചനമാണ് ഇന്നത്തെ ചിന്തക്ക് ആധാരമാക്കുന്നത്.

മത്തായി 7: 7,8 നാം ഇങ്ങനെ വായിക്കുന്നു:
“യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.”

ദൈവവചനത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടാനുള്ള പ്രഥമ പടി യാചിക്കുകയാണ്. ആരോടാണ് യാചിക്കേണ്ടത്? ദൈവത്തോടുതന്നെ. യാചനയോടും പ്രാർത്ഥനയോടും കൂടി വേണം ദൈവവചനത്തെ സമീപിക്കാൻ. “നിന്റെ വചനത്തിലെ അത്ഭുതങ്ങളെ കാണുവാൻ എന്റെ കണ്ണുകളെ തുറക്കണമേ” എന്നതായിരിക്കണം പ്രാർത്ഥന. ബാഹ്യമോ ഉപരിപ്ലവമായതോ ഒന്നുകൊണ്ടും അതു സാധിക്കയില്ല. ദൈവമാണ് അതു കാണിച്ചുതരേണ്ടത്. യോഹന്നാൻ 14:26 ൽ ഇങ്ങനെയാണ് പറയുന്നത്: “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചു തരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.”

വചനം വായിക്കുന്നതിനു മുമ്പ് പ്രാർത്ഥിക്കുക. കൂടെവന്നു വചനം മനസിലാക്കിത്തരാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുക. നമ്മുടെ സ്വതസിദ്ധമായ രീതികൊണ്ടോ അറിവുകൊണ്ടോ അല്ല പകരം വചനത്തിലെ അത്ഭുതങ്ങൾ കാട്ടിത്തരാൻ ദൈവത്തോട് അപേക്ഷിക്കുക.

അടുത്തത് അന്വേഷണമാണ്. അതിനു ശ്രദ്ധവേണം. അന്വേഷിച്ചാൽ കണ്ടെത്തുമെന്നത് ദൈവത്തിന്റെ ഉറപ്പാണ്. സദൃശ്യവാക്യങ്ങൾ  അദ്ധ്യായം 2: 2- 6 “ എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”

നിങ്ങൾ മറ്റെല്ലാവിഷയങ്ങളിലും ഒരുപക്ഷെ മിടുക്കനായിരിക്കാം. ക്‌ളാസ്സിലെ പാഠങ്ങൾ പഠിക്കുന്നതുപോലെ ലഘുവല്ല ദൈവവചനം. അതിനു ആഗ്രഹവും അന്വേഷണവും ആവശ്യമാണ്. അതോടൊപ്പം ഓർത്തിരിക്കേണ്ട മറ്റൊരു വേദഭാഗം കൂടിയുണ്ട്. അത് ഇതാണ്: ”കേൾക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും; (2 തിമോത്തിയോസ് 2: 14-16)

ദൈവവചനം ദിവസവും നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നത്ര മാത്രം പഠിക്കുക. എത്ര വിശക്കുന്നവനായാലും ഭക്ഷണം ആവശ്യമുള്ളത്ര മാത്രമേ നമുക്ക് കഴിക്കാൻ കഴിയൂ. ഒരു ആഴ്ചത്തെ ഭക്ഷണം ഒരുമിച്ചു നമ്മൾ ആരും കഴിക്കാറില്ലല്ലോ. ദിവസവും കഴിക്കുക. ഇതുപോലെതന്നെയാണ് വചനത്തിനായുള്ള നമ്മുടെ വിശപ്പും തീർക്കേണ്ടത്. ചിലർ ആഴ്ചയിൽ ഒരിക്കൽ മാത്രമേ വചനം വായിക്കൂ. അതു പോരാ. ദൈവം ഇസ്രായേൽ മക്കൾക്കു മന്നാ പൊഴിയിച്ചുകൊടുത്തത് നമുക്ക് അറിയില്ലേ? ഓരോ ദിവസത്തേക്കുമുള്ളത് കൃത്യ അളവിൽ മാത്രം.

മൂന്നാമത്തെ പടിയാണ് മുട്ടുക. മുട്ടുവിൻ തുറക്കപ്പെടും. എവിടെയാണ് മുട്ടേണ്ടത്? ദൈവപടിവാതിലിൽ. ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നുവെന്നു ദൈവത്തെ അറിയിക്കാൻ; ദൈവ ശബ്ദം കേൾക്കാൻ. ദൈവം പറയുന്നത് അനുസരിക്കാൻ. നമ്മുടെ സന്നദ്ധത ദൈവത്തെ അറിയിക്കാൻ. “ഞാൻ ആരെ അയേണ്ടൂ, ആർ എനിക്കുവേണ്ടി പോകും?” എന്ന ദൈവ ശബ്ദത്തിനു മറുപടി നൽകാൻ ആ വാതിലിൽ മുട്ടുക.

നമുക്ക് മരുന്ന് ഗുളികകളായും സിറപ്പുകളായും ലഭിക്കുന്നത് വർണച്ചട്ടയുള്ള കവറുകളിലും കുപ്പികളിലുമാണ്. വെറുതെ കവറിന്റെ ഭംഗി കണ്ടിരുന്നാൽ രോഗശമനം ലഭിക്കുകയില്ല. അതുപോലെ നല്ലതും വിലകൂടിയതുമായ ബൈബിൾ കൈവശം വച്ചതുകൊണ്ടു യാതൊരു പ്രയോജനവുമില്ല. അത് തുറക്കണം, വായിക്കണം, ധ്യാനിക്കണം, അനുസരിക്കണം. യാചിക്കുക, അന്വേഷിക്കുക, മുട്ടുക. മറ്റുകുറുക്കുവഴികൾ ഒന്നുമില്ലെന്ന്‌ മറക്കരുത്.

എന്റെ ഇമെയിൽ വിലാസം: telltm@yahoo.co.in 

LEAVE A REPLY

Please enter your comment!
Please enter your name here