ഏലി ഏലി ലമ്മ ശബക്താനി

0
3076

സ്പർശനം

ഏലി ഏലി ലമ്മ ശബക്താനി

ടി.എം.മാത്യു

ക്രൂശീകരണ സംഭവവുമായി ബന്ധപ്പെട്ട് യേശു പോയ വഴിയിലൂടെ നാം മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോൾ രണ്ടായിരം വർഷം മുമ്പ് യെരുശലേമിൽ അരങ്ങേറിയ പൈശാചികമായ പീഡന കഥയുടെയും പ്രാകൃതമായ കുരിശിൽ തറയ്ക്കലിന്റെയും ചിത്രം നമ്മുടെ കൺമുമ്പിൽ പുനരാവിഷ്ക്കരിക്കപ്പെടുന്നു. നാലു സുവിശേഷങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ള ആ സംഭവപരമ്പരകൾ ഒരുമിച്ചുചേർത്ത് വായിക്കുമ്പോഴാണ് സ്വന്തം സഹോദരങ്ങളായ യഹൂദന്മാർ യേശുവിനോടു ചെയ്ത പൈശാചികവും അതിക്രൂരവുമായ പീഡനത്തിന്റെ വേദന നമ്മിലും പരിവർത്തനം സൃ ഷ്ടിക്കുന്നത്. ഒരു സന്ധ്യക്ക് ഗത്സമന തോട്ടത്തിൽ നിന്ന് ആരംഭിച്ച് അടുത്ത സന്ധ്യയിൽ അരിമഥ്യയിലെ ജോസഫിന്റെ കല്ലറയിൽ മൃതശരീരം അടക്കം ചെയ്യുന്നതു വരെ അവിടെ യേശുവിനു സംഭവിച്ചതൊന്നും ആകസ്മികമായിരുന്നില്ല. എല്ലാം മുൻ നിശ്ചയപ്രകാരം നടന്നതായിരുന്നു. ആരുടെ നിശ്ചയം? ആരുടെ തീരുമാനങ്ങൾ?

 

യേശു ഭൂജാതനാകുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ അവ ഓരോന്നായി പ്രവാചക വാക്യങ്ങളായി യഹൂദസമുദായത്തിനു ലഭിച്ചു കഴിഞ്ഞിരുന്നു. ആ സന്ദേശങ്ങളുടെ കാവൽ ഭടന്മാരെന്നു സ്വയം വിശേഷിപ്പിച്ചിരുന്നവർ തന്നെയായിരുന്നു ഈ ദുഷ്കർമത്തിൽ പങ്കുകാരായതെന്നത് വിരോധാഭാസമായി നമുക്കു തോന്നാം. എന്നാൽ അവരറിയാതെ അതിലേക്കു വന്നു വീഴുകയായിരുന്നു. അതിൽ മനസു വേദനിച്ചാണ് യേശു ” പിതാവേ, ഇവർ ചെയ്യുന്നത് ഇന്നതെന്ന് ഇവർ അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കണമേ” എന്നു കുരിശിൽക്കിടന്നു വിലപിച്ചു പ്രാർഥിച്ചത്. എന്നാൽ ദൈവിക രക്ഷാ പദ്ധതി പൂർത്തിയാക്കുവാൻ അവയെല്ലാം അനിവാര്യമായിരുന്നു.

ഹന്നാവ്, കയ്യഫാവ്, ഹെരോദാവ്, പീലാത്തോസ്, ഈസ്ക്കര്യോത്ത യൂദ, പത്രൊസ്, ബറബ്ബാസ്, കുറേനക്കാരൻ ശിമോൻ, കുരിശിലെ കള്ളന്മാർ, നിക്കോ ദേമോസ്, റോമൻ പടയാളികൾ, അരിമഥ്യക്കാരൻ യോസേഫ്…… നീണ്ടുപോകുന്ന ആ പട്ടികയിൽ നിരവധി പേരുകൾ ഇനിയും ചേർക്കാനുണ്ട്. എല്ലാവരും ദൈവിക രക്ഷാ പദ്ധതിയുടെ ഭാഗമായിത്തീരാൻ ദൈവം മുൻകൂട്ടി കണ്ടവരായിരുന്നു എന്നതാണു സത്യം.

ആ ലിസ്റ്റിലേക്കു സൂക്ഷിച്ചു നോക്കൂ. ഏറ്റവും ഒടുവിലത്തെ പേര് ആരുടേതാണ്? താങ്കളുടേതല്ലേ? തൊട്ടു മുകളിലുള്ളത് എന്റെയും.

അതെ, ഈ പീഡനത്തിലും കൊലപാതകത്തിലും എനിക്കും നിങ്ങൾക്കും പങ്കുണ്ട്. അതല്ല എങ്കിൽ, നമ്മൾ സാക്ഷികളാണ്. അതെക്കുറിച്ചു പ്രവാചകൻ പറയുന്നു: ” നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു. അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ മനസിലാക്കി?

യേശു കുരിശിൽ കിടന്നു ഉറക്കെ നിലവിളിക്കുന്നത് കേൾക്കുന്നില്ലേ? ഏലി, ഏലി, ലമ്മ ശബക്താനി! എന്റെ ദൈവമേ എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടതന്ത് എന്ന ആ വിലാപത്തിനു അപ്പോൾ മറുപടി ലഭിച്ചില്ലല്ലോ എന്ന് നമുക്ക് തോന്നാം. എന്നാൽ നൂറ്റാണ്ടുകൾക്കു മുൻപ് ആ പ്രാർത്ഥനയുടെ മറുപടി പ്രവാചകൻ നമുക്കായി പൊരുൾതിരിച്ചു തന്നിരുന്നു. അത് ഇങ്ങനെയായിരുന്നു: “എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും..”

ഇവിടെ എങ്ങനെയാണു നാം കുറ്റക്കാരായത്?

തിരുവചനം പറയുന്നു: ” അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. “

എന്നാൽ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യനു നല്കിയിരുന്നു. ഏദൻതോട്ടം മുതൽ അതാണു നാം കാണുന്നത്. ഏദനിലെ ഒന്നാം മനുഷ്യനായ ആദം പാപം തിരഞ്ഞെടുത്തു. ദൈവത്തെ അനുസരിച്ചില്ല. ദുർമോഹവും അനുസരണക്കേടുമാണ് ആദം ഹവ്വ ദമ്പതിമാരെക്കൊണ്ട് പാപം ചെയ്യിച്ചത്. സാത്താന്റെ പ്രേരണയുമുണ്ടായിരുന്നു. ദൈവം പറഞ്ഞു, “നീ അതു തിന്നരുത് ” എന്നാൽ സാത്താൻ ഉപദേശിച്ചു: ” അതു തിന്നുന്ന നാളിൽ നിന്റെ കണ്ണു തുറക്കും” അവർ സാത്താനെ തിരഞ്ഞെടുത്തു.

ചില നാളുകൾക്കു ശേഷം അവരുടെ മക്കളിൽ ഹാബേൽ ദൈവ പ്രസാദം തിരഞ്ഞെടുത്തു, കയീൻ കൊലപാതകവും. ജ്യേഷ്ടൻ അനുജനെ കൊന്നു. ആ ആദിമ വംശപരമ്പരയിൽപ്പോലും മനുഷ്യർ നന്മയും തിന്മയും തിരഞ്ഞെടുത്തത് ഒരുപോലെയായിരുന്നില്ല.

ചരിത്രത്തിന്റെ എല്ലാക്കാലത്തും ഈ സംഘട്ടനം തുടർന്നു കൊണ്ടേയിരിക്കുന്നു. ദൈവം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല.

മീഖാ പ്രവചനത്തിൽ വായിക്കുന്നതുപോലെ, ” മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” തിരഞ്ഞെടുക്കുവാനുള്ള സമ്പൂർണ്ണ സ്വാതന്ത്യം ഓരോരുത്തർക്കുമുണ്ട്. കാൽവരിയിൽ നാട്ടിയിരിക്കുന്ന കുരിശിന്റെ ചുവട്ടിലേക്ക് നമുക്ക് ചെല്ലാം. അവിടെ മൂന്നു കുരിശുകൾ. മൂന്ന് ആളുകളെ തൂക്കിയിരിക്കുന്നു. നടുവിലെ കുരിശിലാണ് യേശു. ഇരുവശവും തൂങ്ങപ്പെട്ടവർ കള്ളന്മാരാണ്. അവർക്കും ഈ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം മരണസമയത്തുപോലും ദൈവം നിഷേധിച്ചില്ല. നിത്യജീവനും നിത്യമരണവും. രണ്ടു കള്ളന്മാർക്കും പൊതുവായി പലതുമുണ്ട്. രണ്ടുപേരും കുറ്റവാളികൾ. മരണശിക്ഷക്കു വിധിക്കപ്പെട്ടവർ. ന്യായമായ ശിക്ഷയാണ് തങ്ങൾക്കു കിട്ടിയതെന്ന് അവർക്കും അറിയാം. അത് അവരിൽ ഒരാൾ പറയുന്നുമുണ്ട്. ചുറ്റിലും ഒരേ ജനം. യേശുവുമായി തുല്യ അകലത്തിലാണ് ഇരുവരും. ഈ മനുഷ്യരും കുരിശിൽക്കിടന്നു യേശുവിനെ ഭള്ളുപറയുന്നുണ്ട്. എന്നാൽ ഒരുവന് മാറ്റമുണ്ടായി.

”തൂക്കിയ ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (Luke 23:39-43)

ഒരേപോലെയുള്ളവർ

ഒരേ സ്ഥാനം വഹിക്കുന്നവർ

ഒരേ ജോലി ചെയ്യുന്നവർ

ഒരേ ജീവിതക്രമമുള്ളവർ

ഒന്നിച്ചു പഠിക്കുന്നവർ

ഒരുമിച്ചു ജീവിക്കുന്നവർ

അതിൽ ഒരുവൻ ജീവൻ തിരഞ്ഞെടുത്തു.

ഫലമോ? നിത്യജീവൻ; പറുദീസ

ഇതുപോലെയുള്ള തിരഞ്ഞെടുപ്പുകളാണ് മനുഷ്യജീവിതത്തിന്റെ ഭാവി ഭാഗധേയം തീരുമാനിക്കുന്നത്. കുരിശിലെ ഒരു കള്ളന്റെ അന്ത്യ തീരുമാനം അയാളെ പറുദീസയ്ക്കു യോഗ്യനാക്കി. മറ്റവൻ നിത്യ നരകത്തിലേക്കും. ഇങ്ങനെ ഒരു സന്ദർഭം വന്നാൽ നമ്മൾ ഏതു തിരഞ്ഞെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here