അഞ്ചു പെണ്ണുങ്ങള്
സ്പർശനം
അഞ്ചു പെണ്ണുങ്ങള്
ടി.എം.മാത്യു
ബൈബിള്‍ പഴയനിയമത്തിൽ ‘രാജാക്കന്മാര്’, ‘ദിനവൃത്താന്തം’ എന്നീ പുസ്തകങ്ങള്‍ നാലിലും യെഹൂദ, യിസ്രായേല്‍ രാജാക്കന്മാരുടേതുമായി ബന്ധപ്പെട്ട കുടുംബചരിത്രങ്ങളാണധികവും. അവയില്‍ ചില ചരിത്രങ്ങൾ നമ്മെ ദുഃഖിപ്പിക്കും. അതുപോലെതന്നെ നമ്മെ പ്രകോപിതരാക്കുന്ന ചിലരുടെ ചരിത്രങ്ങളുമുണ്ട് . ചിലതു നാം ആവേശത്തോടെ വായിച്ച് അവരെപ്പോലെയാകണം എന്നാഗ്രഹിക്കുന്നവയാണ്. എന്നാൽ ചിലരുടെ ദാരുണമായ അന്ത്യത്തില്‍ നമുക്കു സഹതപിക്കാനല്ലാതെ മറ്റൊന്നും തോന്നുകയില്ല.
പുതിയനിയമം ആരംഭിക്കുന്നതു വംശാവലിയോടെയാണല്ലോ. ആദ്യമായി ഒരു പുതിയനിയമം കയ്യിൽ കിട്ടുമ്പോൾ ആദ്യപേജിൽ കാണുന്ന കുടുംബചരിത്ര വിവരണം പോലെയാകും തുടര്ന്നുള്ളവയെന്നു കരുതി അടച്ചുവെച്ചവരും ഉണ്ടാകാം. അല്ലെങ്കിലും മത്തായി ഒന്നാം അധ്യായം സൗകര്യപൂര്‍വം ഒഴിവാക്കാനാണ് മിക്കവര്‍ക്കും താൽപര്യം. ഒരിക്കല്‍ അതെക്കുറിച്ച് പ്രസിദ്ധനായ ഒരു ദൈവദാസൻ പ്രസംഗിച്ചുകേട്ടപ്പോഴാണ് എനിക്കു വീണ്ടുവിചാരമുണ്ടായത്. പിന്നീടു ശ്രദ്ധയോടെ വായിച്ചു.
ആ അധ്യായത്തില്‍ തുടര്‍ച്ചയായി വരുന്ന “ജനിപ്പിച്ചു” എന്ന പദമാണു നമ്മില്‍ അലോസരമുണ്ടാക്കുന്നത്.
ഈ വംശാവലിയില്‍ ആകെവരുന്ന 39 “ജനിപ്പിച്ചു”കള്‍ യെഹൂദവംശത്തിന്റെ നിരന്തര സ്മരണയിലുള്ളതാണ്. അവയ്ക്കിടയില്‍ തികച്ചും വ്യത്യസ്തമായി തനിയെനില്ക്കുന്ന ഒരു “ജനിച്ചു” ഉണ്ടെന്നുള്ളതു മനസിലാക്കിക്കൊടുക്കാനാണ് ഈ ഒന്നാം അധ്യായം മത്തായി സുവിശേഷകന് ഇങ്ങനെ ആരംഭിക്കേണ്ടിവന്നത്. അവിടെ വാക്യം 16-ൽ ഇപ്രകാരമാണു വായിക്കുന്നത്: “യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളില്‍ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു”. മറ്റെല്ലാ ജനനങ്ങളിൽനിന്നും തികച്ചും പുതുമയാര്‍ന്ന ഈ രേഖപ്പെടുത്തലാണു പുതിയനിയമത്തിന്റെ കാതല്‍. അതു യേശു ക്രിസ്തു വിന്റെ ജനനമാണ്.
ഈ വംശാവലിയില്‍ മുഴുവനുള്ളത് കുടുംബനാഥന്മാരുടെ പേരുകളാണ്. അബ്രാഹാം മുതല്‍ യോസേഫുവരെ. എന്നാല്‍, ഇവർക്കിടയിൽ ചില സ്ത്രീകളെക്കൂടി നമുക്കു സുവിശേഷകന് പരിചയപ്പെടുത്തുന്നുണ്ട്. കുടുംബപാരമ്പര്യത്തിന്റെ പിന്തുടര്ച്ചക്കാരായല്ല അവർ
ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളത്. വര്‍ഗ, വര്‍ണ, ദേശവ്യത്യാസം കൂടാതെ ഏതൊരാളെയും ദൈവം തിരഞ്ഞെടുക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളായി അവര്‍ തെളിഞ്ഞുനില്ക്കുന്നു.
താമാര്‍ (വാക്യം 3), രാഹാബ് (വാക്യം 5), രൂത്ത് (വാക്യം 5), ബത്ത്ശേബ (ഊരിയാവിന്റെ ഭാര്യ. വാക്യം 6), മറിയ (വാക്യം 16) നാടന്ഭാഷയി ല്‍ പറഞ്ഞാല്‍, അഞ്ചുപെണ്ണുങ്ങള്‍! ആരായിരുന്നു ഇവര്‍?
എന്തായിരുന്നു ഇവരുടെ പ്രത്യേകത?
താമാര്‍: ഒരു കനാന്യസ്ത്രീ. ഗോത്രപിതാവായ യെഹൂദയെ കബളിപ്പിച്ച് അവനാല്‍ ഗര്‍ഭിണിയായ യുവതി.
ഉല്പത്തി 38: 13-30 വരെയുള്ള ഭാഗങ്ങളി ല്‍ ആ കഥ എഴുതിയിട്ടുണ്ട്.
രാഹാബ്: പുറജാതിക്കാരി. വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിരുന്ന സ്ത്രീ (യോശു. 12:1).
രൂത്ത്: മോവാബ്യസ്ത്രീ. അന്യദൈവങ്ങളെ ആരാധിച്ചിരുന്നവള്. ഭര്‍ത്താവ് മരിച്ചുപോയതിനാ ല്‍ അമ്മാവിയമ്മയോടൊപ്പം ബേത്ലഹേമി ല്‍ എത്തി. (രൂത്ത് 1:22)
ബത്ത്ശേബ: ദാവീദ് രാജാവ് കണ്ട് മോഹിച്ച് തട്ടിയെടുക്കപ്പെട്ട അ വള് മുന്‍പ് മറ്റൊരാളിന്റെ ഭാര്യയായിരുന്ന സ്ത്രീ. (2ശമൂവേല്‍. 11:26,27; മത്തായി 1:18,19)
മറിയ: വിവാഹത്തിനു മുന്‍പേ ഗര്‍ഭിണിയായി എന്ന അപവാദം പേറേണ്ടിവരുമെന്ന ഘട്ടത്തില്‍ നീതിമാനായ ഭര്‍ത്താവിന്റെ ദൈവഭയംകൊണ്ട് മഹത്ത്വീകരിക്കപ്പെട്ട വനിത.
നിയമപ്രകാരമോ സാമാന്യബുദ്ധികൊണ്ടോ ദേശത്തെ സമ്പ്രദായരീതികള്കൊണ്ടോ, സദാചാരപരമായ കാരണങ്ങളാലോ യാതൊരുവിധത്തിലും ഈ പട്ടികയില്‍ ഇടംനേടാൻ അവര്‍ക്കാവില്ല. ദൈവമാണ് അവരെ ഈ ഉന്നതദൗത്യത്തിനായി തിരഞ്ഞെടുത്തത്. മനുഷ്യര്‍ക്ക് അവരെ അപശകുനമെന്നോ, ദുഃഖപുത്രിയെന്നോ കണികാണാന്‍ കൊള്ളരുതാത്തവൾ എന്നോ അല്ല, ഇനി മറ്റേതെങ്കിലും ശാപവാക്കുകള്‍ ചേര്‍ത്തോ അപമാനിക്കാം. എന്നാല്‍, ദൈവം അങ്ങനെയല്ല അവരെ കണ്ടത്. ദൈവപുത്രനായ യേശുവിനു ഭൂമിയില്‍ ഒരു വംശാവലിയുണ്ടാകുമ്പോള് അതിൽ ഈ വനിതകള്‍ക്കും ഒരു പങ്ക് ഉണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിച്ചു. അങ്ങനെയാണു ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളെല്ലാം. അര്‍ഹതയില്ലാത്തവരെ അര്ഹരാക്കിത്തീര്ക്കുന്നു.
ആറു പുരുഷന്മാരെ മാറിമാറി ഭര്‍ത്താവായി സ്വീകരിച്ചവള്ക്കും വ്യഭിചാരകർമത്തിൽ പിടിക്കപ്പെട്ട യുവതിക്കും താൻ ചെയ്തുകൂട്ടിയ പാപത്തിന്റെയെല്ലാം പ്രായശ്ചിത്തമെന്നോണം യേശുവിന്റെ പാദത്തിൽ തൈലാഭിഷേകം നടത്തിയ പാപിനിയായ സ്ത്രീയ്ക്കും മോചനമരുളുന്നതാണു ദൈവത്തിന്റെ സ്നേഹം.
ഇതു വായിക്കുന്ന നിങ്ങള്‍ ഒരുപക്ഷേ, എല്ലാം തികഞ്ഞവരായിരിക്കാം. യാതൊരുവിധ ദുഷിപ്പുകളും നിങ്ങളില്‍ ഇല്ലായിരിക്കാം. പുരുഷനോ സ്ത്രീയോ ആരുമായിക്കൊള്ളട്ടെ. നിങ്ങള്ക്കുവേണ്ടിയുള്ളതല്ല ഈ കുറിപ്പ്. യാത്രയ്ക്കിടയിലും മറ്റുമായി കണ്ടുമുട്ടുന്ന പരശതം ആളുകളെ എനിക്കറിയാം. ജീവിതത്തെ നിരാശയോടെയും ഭാവിയെ ഭീതിയോടെയും കാണുന്നവര്‍. ഒരിക്കല്‍ സംഭവിച്ച തെറ്റിന്റെ കദനഭാരത്താല്‍ നമ്രശിരസ്കരായിരിക്കുന്നവര്. ചെറുപ്പക്കാരും പ്രായമായവരും അക്കൂട്ടത്തിലുണ്ട്. അങ്ങനെയുള്ളവര്ക്കുവേണ്ടിയാണ് ഇത് എഴുതുന്നത്. തകര്‍ന്നടിഞ്ഞുപോയ ദാമ്പത്യത്തിന്റെ ദുഃഖം പേറുന്നവര്‍, കബളിപ്പിക്കപ്പെടലിനു വിധേയരായി ധനവും മാനവും നഷ്ടമായവര്‍. ജീവിതസാഹചര്യങ്ങളോടു പിടിച്ചുനില്‍ക്കാനാവാതെ എല്ലാം ഇട്ടെറിഞ്ഞ് ദാരിദ്ര്യത്തിന്റെ അടിത്തട്ടിലേക്കു മുങ്ങിത്താണവര്‍, ആത്മീയനെന്നു കരുതിയ ഭര്‍ത്താവ് പിശാചായി മാറുന്നതുകണ്ട് എല്ലാം ദൈവനിശ്ചയം എന്നു കരുതി സ്വയം എരിയുന്ന സഹോദരിമാര്‍, കബളിപ്പിക്കപ്പെട്ടവര്‍, മക്കളെയോര്‍ത്ത് വ്യാകുലപ്പെടുന്നവര്… നീണ്ടുപോകുന്നു ആ പട്ടിക. നിങ്ങള്‍ ആരായാലും നിങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്നേഹസമ്പന്നനാണു ദൈവം. മറ്റാര്‍ക്കും നിങ്ങളെ അതുപോലെ മനസിലാക്കാന്‍ കഴിയുകയില്ല.
താമാറിനെയും രാഹാബിനെയും രൂത്തിനെയും ബേത്ത്ശേബയെയും മറിയയെയും പിന്നെ പേരറിയാത്ത ആ അനേകരെയും വ്യത്യസ്തരാക്കാന് കഴിഞ്ഞ ദൈവത്തിനു നിങ്ങളെയും മാറ്റാന്‍ കഴിയും. നിങ്ങളെ ആരും ഗൗനിക്കുന്നില്ലെന്നോ സാഹചര്യങ്ങളെ മറികടക്കാന്‍ ആരും സഹായത്തിനെത്തുകയില്ലെന്നോ മനസ്സുപറയുന്നുണ്ടാകാം. ദൈവം നിങ്ങളെ സ്നേഹിക്കുന്നു; നിങ്ങള്‍ക്കായി കരുതുന്നു.