കൂടെ നടക്കുന്ന കർത്താവ്

0
2266

കൂടെ നടക്കുന്ന കർത്താവ്

ടി.എം മാത്യു

പ്രഭാതത്തിന്റെ  ഭംഗിക്ക് ആ പകല്‍ പോരെന്നു അവർക്കു തോന്നി. അത്യത്ഭുതകരമായ ഒരു സംഭവത്തെക്കുറിച്ച് കേട്ടുകൊണ്ടാണു നേരം പുലർന്നത്. ആഗ്രഹിച്ചതു തന്നെ സംഭവിച്ചെന്നു തോന്നലുണ്ടാക്കിയ നിമിഷം. ഗുരു മുമ്പ് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും അതു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍, ഇന്ന് അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. യേശു ഉയിർത്തെഴുന്നേറ്റു. അത് അവരെ ആശ്ചര്യപരതന്ത്രരാക്കി. എന്നേക്കുമായി ഇരുളടഞ്ഞു എന്നു തോന്നിയ നിമിഷങ്ങൾക്ക് രത്നശോഭ കൈവന്ന നിമിഷങ്ങളായിരുന്നു പ്രഭാതത്തില്‍ കല്ലറയില്‍ പോയി മടങ്ങിവന്ന സ്ത്രീകള്‍ പറഞ്ഞത്. പിന്നാലെ ഓടിയ പത്രൊസും യോഹന്നാനും സംഭവത്തിനു കുറെക്കൂടെ വ്യക്തത നല്കി്. അവര്‍ യേശുവിന്റെ ശരീരം കണ്ടില്ലെന്നും പകരം തലയ്ക്കലും കാല്ക്കെലും രണ്ടു ദൂതന്മാരെ കണ്ടെന്നും, അവര്‍ ‘നിങ്ങള്‍ അന്വേഷിക്കുന്ന നസറായനായ യേശു ഇവിടെ ഇല്ല’ എന്ന് പറഞ്ഞുവെന്നും ആ ശിഷ്യന്മാര്‍ പറഞ്ഞു.

സംഭ്രമജനകമായ ഈ വാർത്ത കേട്ടുകൊണ്ടാണ് ആ രണ്ടുപേർ യാത്രയാരംഭിച്ചത്. മധ്യാഹ്നത്തോടെ സ്വദേശത്തേക്കു മടങ്ങുകയായിരുന്നു. ഒരാളുടെ പേര് ക്ലെയോപ്പാവ് എന്നു വായിക്കുന്നു. അവര്‍ ഇരുവരും ഭാര്യ ഭർത്താക്കന്മാരായിരുന്നു എന്നതാണ് സൂചനകളുടെ അടിസ്ഥാനത്തില്‍ നമുക്ക് അനുമാനിക്കാവുന്നത്. യോഹന്നാന്‍ 19:25 -ൽ “യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു”. ക്ലെയോപ്പവും ഭാര്യ മറിയയും.

സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർക്കും പ്രിയപ്പെട്ടവർക്കുമായി പതിനൊന്നു പ്രത്യക്ഷതകളാണ് യേശു നല്കി്യത്. അതില്‍ത്തന്നെ അഞ്ചെണ്ണം ഉയിർപ്പു ഞായറാഴ്ചയായിരുന്നു.

1. മഗ്ദലനമറിയയ്ക്ക് അതിരാലെ (മർക്കൊ.16:9-11; യോഹ.20:11-18).
2. വഴിയിൽ വീണ്ടും മാറിയമാർക്കു പ്രത്യക്ഷനായി ശിഷ്യന്മാർക്കുള്ള നിർദേശം പറഞ്ഞുവിടുന്നു (മത്തായി 28:9)
3. പത്രൊസിനു യേശു പ്രത്യക്ഷനായത് പകലായിരുന്നു (ലൂക്കൊ. 24:34).
4. എമ്മവൂസ് യാത്രയിലെ പ്രത്യക്ഷത (ലൂക്കോസ് 24:13-31 )
5. മാളികമുറിയില്‍ ശിഷ്യന്മാര്‍ കണ്ടത് അതേസായാഹ്നത്തിലാണ് (മർക്കൊ.16:14; ലൂക്കൊ.24:36-43; യോഹ. 20:19-25).
ഇവയിൽ ഏറ്റവുമധികം വിവരണം നല്കിയിട്ടുള്ള യേശുവിന്റെ പ്രത്യക്ഷതയാണ് നാം പ്രാരംഭത്തില്‍ വായിച്ചുതുടങ്ങിയത്. അത് രണ്ടു പേരുടെ എമ്മവുസ് യാത്രയായിരുന്നു.

തങ്ങളുടെ പ്രിയനായ യേശുവിന്റെ ഉയിർപ്പിന്റെ വിവരമറിഞ്ഞ ശേഷമായിരുന്നു യാത്ര. സന്തോഷവും ഭയവും ആകസ്മികതയും നിറഞ്ഞുനിന്ന യാത്ര. പിന്നിടേണ്ട ഏഴുമൈല്‍ അവരെ സംബന്ധിച്ച് കഠിനമായിരുന്നു. യാത്രയില്‍ അവർക്കു മറ്റൊന്നും സംസാരിക്കാനില്ലായിരുന്നു. അങ്ങനെയുള്ള സംഭ്രമവേളയിലാണ് അവരോടു ചേർന്ന് ഒരപരിചിതനെപ്പോലെ യേശു നടന്നടുക്കുന്നത്. ഒന്നുമറിയാത്തവനെപ്പോലെ, ആ ദേശക്കാരനല്ലാത്ത ഭാവത്തില്‍ തന്റെ മരണപുനരുത്ഥാനങ്ങളെക്കുറിച്ച് താന്‍ ഏറ്റവും പ്രിയപ്പെട്ടവരില്‍ ചിലര്‍ പറയുന്നതു കേൾക്കാൻ മറ്റൊരാളായി അവന്‍ അവരുടെ കൂടെ നടന്നുതുടങ്ങി. ഈ നാളുകളില്‍ യെരൂശലേമില്‍ നടന്ന ഏറ്റവും വലിയ സംഭവമായ മശിഹയുടെ ക്രൂശീകരണത്തെക്കുറിച്ച് ഒന്നുമറിയാത്ത പാവം നാട്ടിൻ പുറത്തുകാരനെപ്പോലെ ചോദ്യങ്ങൾ ചോദിച്ചു. തന്നെ സ്നേഹിക്കുന്നവരോടൊപ്പം നടക്കുന്നത് ചിലപ്പോഴൊക്കെ യേശു ഒന്നുമറിയാത്തവനെപ്പോലായിരിക്കും. നമ്മുടെ ഉള്ളില്‍ തിളച്ചുമറിയുന്ന പ്രശ്നങ്ങളും ഭയവും ഭീരുത്വവുമെല്ലാം അവനു നന്നായി അറിയാം എങ്കിലും അറിയാത്ത ഭാവത്തില്‍ അവന്‍ നമ്മോടൊപ്പം നടക്കുന്നു. അതുതന്നെയായിരുന്നു കാറുംകോളും നിറഞ്ഞ കടലില്‍ ശിഷ്യന്മാര്‍ തണ്ടുവലിച്ച് വലയുമ്പോള്‍ തിരമാലകളുടെ മുകളിലൂടെ നടന്നുചെല്ലുമ്പോഴും യേശുവിനുണ്ടായിരുന്നത്. അവന്‍ മുന്നോട്ടുപോകുന്ന ഭാവം കാണിച്ചു.

പലപ്പോഴും നാം അറിയാതെ ചേദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്, ‘യേശുവേ അങ്ങ് ഇതൊന്നും കാണുന്നില്ലേ’? കഠിനമായ ശോധനയിലൂടെ കടന്നുപോകുമ്പോള്‍ മറിയയെയോ മാർത്തയെയോപോലെ, ‘യേശുവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍…? എന്നു നാമും പറഞ്ഞിട്ടില്ലേ? എന്നാല്‍, യേശു ദൂരെയെങ്ങും പോയിട്ടില്ല. അവന്‍ നമ്മോടൊപ്പമുണ്ട്. നാം തിരിച്ചറിയുന്നില്ലെന്നു മാത്രം. നമ്മുടെ സംഭ്രമവേളകളില്‍ യേശു നമ്മോടുകൂടെയുണ്ടെന്നു വിശ്വസിക്കുക. എന്തൊക്കെയായിരിക്കും അവിടുന്നു നമ്മോടു ചോദിക്കുക? നമ്മുടെ പ്രശ്നം മനസ്സിലാക്കാന്‍ യേശു ശ്രമിക്കും. എമ്മവുസിലേക്കു പോയവരെപ്പോലെ നാമും പ്രശ്നങ്ങള്‍ മുഴുവനായി യേശുവിനോട് തുറന്നു പറയുക. അപ്പോള്‍ അവന്റെ മറുപടി വളരെ ലളിതമായിരിക്കും. നമുക്കു ലഭിക്കുന്ന ഉത്തരങ്ങള്‍ മുഴുവന്‍ തിരുവെഴുത്തുകളില്‍ നിന്നായിരിക്കും യേശു പറയുക. സങ്കീർത്തനങ്ങളും പ്രവാചകവാക്യങ്ങളും അവയിലെ ദൈവിക ഉറപ്പുകളും വാഗ്ദത്തങ്ങളും. ആ നിമിഷങ്ങളില്‍ നമ്മുടെ നടപ്പിന്റെ ദൂരം നാം മറക്കും. നമ്മുടെ പ്രശ്നങ്ങള്‍ മറന്നുപോകും. പിന്നെ ചിന്ത യേശുവിനെക്കുറിച്ചാകും. അപ്പോള്‍ നാം പറയും, ‘കൂടെപ്പാർക്ക  കര്ത്താവേ, നേരം വൈകുന്നിതാ കൂരിരുളേറുന്നു കർത്തവേ കാണുന്നല്ലോ’. അപ്പോഴാണ് ഒരു തിരിച്ചറിവിലേക്കു നാം വന്നെത്തുക. ക്രിസ്തുവിനെ വീട്ടിലേക്കു നാം ക്ഷണിക്കും. ക്ഷണം സ്വീകരിച്ച് അവന്‍ വീട്ടിലെത്തിയതുകൊണ്ടല്ലേ നമ്മുടെ അമ്പരപ്പും നിരാശയും ബുദ്ധിമുട്ടുമൊക്കെ മാറിയത്. അപ്പോഴാണ്, ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നത് ഈ കർത്താവിനോടായിരുന്നെന്ന് നാം തിരിച്ചറിയുക.

യേശു എപ്പോഴും അങ്ങനെയാണ്. തന്നെ സ്നേഹിക്കുന്നവരെ മറന്നുകളയുന്നവനല്ല. ക്ലെയോപ്പാവും മറിയയും കുരിശിന്റെ ചുവട്ടില്‍ നിന്ന് മാറാതെ നിന്നവരാണ്. അവരെ കാണാനാണു യേശു എമ്മവുസ് പാതയില്‍ കാത്തുനിന്നത്. തിരക്കുള്ള വഴി, യാത്രക്കാര്‍ ധാരാളം എന്നാല്‍, യേശുവിനു കാണേണ്ടിയിരുന്നത് ക്ലെയോപ്പാവിനെയാണ്. അവന്റെ മനസ്സ് യേശുവിനു നന്നായി അറിയാം. അതുകൊണ്ടാണ് അപരിചിതത്വം കാണിച്ചത്. ഒന്നും അറിഞ്ഞിട്ടില്ലാത്തയാളപ്പോലെ അവരുടെ വിവരണങ്ങള്‍ കേട്ടതും ചോദിച്ചറിഞ്ഞതും അവരുമായി സമയം പങ്കിടാന്‍ യേശു കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു അത്. നമ്മോടെല്ലാം ഇതുപോലെ സമയം കണ്ടെത്തി സംസാരിക്കാന്‍ യേശു പല കാരണങ്ങള്‍ കണ്ടെത്തിയേക്കാം.
നാം സംസാരിക്കാന്‍ നിന്നുകൊടുക്കുമോ?
നിങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നുണ്ടോ?
കുരിശിന്റെ ചുവട്ടില്‍ പ്രാണപ്രിയനോടൊത്ത് അല്പംനില്ക്കാന്‍ ക്ഷമയുണ്ടോ?

ഒരുപക്ഷെ, മറ്റാരും നിങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എന്നാല്‍, യേശു ശ്രദ്ധയോടെ നോക്കുന്നവനാണ്. നിങ്ങളെ കാണുന്നവനാണ്. നിങ്ങളുടെ ഹൃദയത്തുടിപ്പുകള്‍ അവന്‍ അറിയുന്നു. നിരാലംബത്വം അവന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ സംസാരിക്കുന്നത് അവന്‍ ശ്രദ്ധിക്കുന്നു.

പണ്ടൊക്കെ നമ്മുടെ വീടുകളുടെ വരാന്തയില്‍ ഏതാണ്ട് ഇപ്രകാരം ഭംഗിയായി എഴുതി പ്രദർശിപ്പിക്കുമിക്കുന്നു ; “ക്രിസ്തു ഈ വീടിന്റെ്നായകന്‍, എല്ലാ സംസാരവും കേൾക്കുന്ന അദൃശ്യനായ വിരുന്നുകാരന്‍”.

ക്രിസ്തു നമ്മെ കാണുന്നു. സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നു. പ്രശ്നങ്ങള്‍ ചോദിച്ചറിയുന്നു. അവയ്ക്ക് പരിഹാരം പറഞ്ഞുതരുന്നു. നാം ക്ഷണിക്കുമ്പോള്‍ നമ്മുടെ ഭവനങ്ങളിലേക്ക് വരുന്നു. നിശബ്ദനായി, നമുക്കുള്ളതിനെ കരങ്ങളിലെടുത്ത് അനുഗ്രഹിക്കുന്നു. അവന്‍ ഇന്നും വ്യക്തികൾക്കായി യ ആഗ്രഹിക്കുന്നു. ആ കരസ്പർശനനത്തിനു നിങ്ങള്‍ തയ്യാറാണോ?

LEAVE A REPLY

Please enter your comment!
Please enter your name here