സുഹൃത് ബന്ധം സ്കാൻ ചെയ്യുമ്പോൾ

0
2113

 സ്പർശനം

സുഹൃത് ബന്ധം സ്കാൻ ചെയ്യുമ്പോൾ
യഥാർത്ഥ സുഹൃത് ബന്ധത്തെ ക്കുറിച്ചു പലർക്കും പല ധാരണയാണുള്ളത്. ചിലർ കരുതുന്നു അത് ഒരുമിച്ചു യാത്രചെയ്യുന്നതാണെന്ന്. മറ്റുചിലർക്ക് അത് ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതാണ്. ചിലർക്ക് അത് കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുമുള്ളതാണ്. ചിലർക്ക് അത് നേരമ്പോക്കാണെങ്കിൽ മറ്റു ചിലർക്കത് സായാഹ്നങ്ങളിലെ ഒത്തുചേരലാണ്. ചിലർ എന്നും കാണുന്നതും സംസാരിക്കുന്നതുമായി സൗഹൃദത്തെ കാണുമ്പോൾ ചിലർക്ക് വേദനയിൽ കൂടെയിരിക്കുന്നതാണ് സൗഹൃദം. ഇതൊന്നുമല്ലെങ്കിൽ മറ്റുചിലർക്ക് ചുമ്മാ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതായിരിക്കും.  ഇതൊന്നും പൂർണമായ നിർവചനങ്ങളല്ല. 
പൗലോസ് അപ്പോസ്തോലൻ ഇതിനുനൽകിയിരിക്കുന്ന പദം “സഹോദര പ്രീതി” എന്നാണ്. (Brotherly love)  താൻ പറയുന്നത് ശ്രദ്ധിക്കുക: “സഹോദര പ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊള്ളുവിൻ”. (Be devoted to one another in brotherly love” (റോമർ 12:10). ഇതു വായിക്കുമ്പോഴൊക്കെ ഒരു മത്സര ഭാവം അതിൽ അടങ്ങിയിട്ടുള്ളതു പോലെ തോന്നാറുണ്ട്. അന്യോന്യം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിലുള്ള മത്സരം!
അടുത്തയിടെ എന്റെ സുഹൃത്തുമായി ഇങ്ങനെ ഒരു ചർച്ച വേണ്ടി വന്നപ്പോൾ ഞാൻ ആകെ കുഴങ്ങി. ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിനു വളരെ പഴക്കമുണ്ട്; വളരെ ആഴവുമുണ്ട്. എങ്കിലും ഞാൻ ചിന്തിച്ചുപോയി, എന്താണ് യഥാർത്ഥ സുഹൃദ് ബന്ധം? അപരിചിതരായ രണ്ടുപേർ സുഹൃത്തുക്കളാകുന്നത് ഒരിക്കലും അവരുടെ സ്വന്തം തിരഞ്ഞെടുപ്പല്ല. ഞാനും സുഹൃത്തും ഇതുപറയാറുണ്ട്. അതിന്റെ പിന്നിലും ദൈവമാണ് സംയോജനം നടത്തുന്നത്. നമ്മുടെ പക്കലേക്കു ഒരാളെ കൊണ്ടു വരുന്നതും ഇഷ്ടം തോന്നുന്നതും ദൈവേഷ്ട  പ്രകാരമാണ് എന്ന് വിശ്വസിക്കു മ്പോൾ സുഹൃത്ബന്ധത്തിൽ പോലും നാം ദൈവേഷ്ടം നിറവേറ്റപ്പെടുകയാണ്. അങ്ങനെയാണ് ദൃഢതരമായ ബന്ധങ്ങൾ ഉണ്ടാകുന്നത്. യോനാഥാനും ദാവീദും അതിനൊരു ഉദാഹരണമാണ്.
മഹാനായ ചിന്തകനും ഗ്രന്ഥകാരനുമായ സി എസ് ലൂയിസ് പറയുന്നത് ഇങ്ങനെയാണ്: “ഒരു സുഹൃത്ബന്ധം ജനിക്കുന്നത് ഒരാൾ മറ്റൊരാളോട്, ‘ആഹാ.. നീയും ഉണ്ടോ…? ഞാൻ കരുതി ഞാൻ മാത്രമേയുള്ളുവെന്നു’ ചിന്തിക്കുമ്പോഴാണ്”. അതെ, ഞാൻ തനിയെയല്ല എന്ന് ചിന്തിക്കുന്നിടത്താണ് ബന്ധങ്ങൾ തുടങ്ങുന്നത്. ഒരേ വികാരമുള്ളവർ, ഒരേ ചിന്തയുള്ളവർ, ഒരേ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ളവർ… അവർ  എല്ലാം ഒരുപോലെ ചിന്തിക്കുന്നു; ഒന്നിച്ചു പ്രവർത്തിക്കുന്നു. അത് ആത്മബന്ധം കൊണ്ടാണ്. അങ്ങനെയുള്ളവർക്കേ ഒത്തുപോകാൻ കഴിയൂ. യേശുവും ശിഷ്യന്മാരും അതിനൊരു മാതൃകയാണ്. അക്കൂട്ടത്തിൽ ചേരാത്തവനായിരുന്നു യൂദാ.
എന്തുകൊണ്ട് ഒരു സഭയിലെ വിശ്വാസികൾക്ക് ഇതുപോലെ ആത്മബന്ധത്തിൽ വന്നുകൂടാ? കൃപയാൽ ഒരേ രക്ഷാമാർഗം കണ്ടെത്തിയവർ, ഒരേ ബൈബിൾ വിശ്വസിക്കുന്നവർ, ഒരേ സ്നാനം സ്വീകരിച്ചവർ, ഒരേ ആത്മാവിനെ പ്രാപിച്ചവർ, ഒരേ അപ്പത്തിന്റെ അവകാശികൾ, ഒരേ നാടിനെ നോക്കിപ്പാർക്കുന്നവർ…. അവരുടെ കൂട്ടമല്ലേ സഭ? കുടുംബബന്ധം പോലെയോ അതിലുപരിയോ ശക്തമായ ബന്ധം. അതിൽ മറഞ്ഞിരിക്കുന്നത് ജീവൻ തന്നു നമ്മെ പരസ്പരം ബന്ധിപ്പിച്ച കർത്താവിന്റെ സ്നേഹമല്ലേ? പിന്നെ പരസ്പരം പോരടിക്കാൻ എങ്ങനെ തോന്നും? ചെളിവാരി എറിയുംപോലുള്ള വാക്കുകൾ എങ്ങനെ പ്രയോഗിക്കും? (ക്ഷോഭത്തിൽ ആണെങ്കിൽപോലും അതിനു പരസ്പരം മാപ്പുപറയേണ്ടതാണ്) കൈത്താങ്ങൽ കൊടുക്കേണ്ടിടത്തു  ഒഴിഞ്ഞുമാറാൻ എങ്ങനെ തോന്നും? സഭയിൽ അങ്ങനെ ആയിരിക്കണം. അതുകൊണ്ടാണ് പൗലോസ് ആ ബന്ധത്തെ ശരീരാവയവങ്ങളുമായി ഉപമിച്ചിരിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെയും കരുതുന്നവരുടെയും താങ്ങു നല്കുന്നവരുടെയും സംഘമായിരിക്കണം സഭ. അതിനു വത്യസ്തമായുള്ളതെല്ലാം കുടുംബ ബന്ധം ഇല്ലാതാക്കുന്നതും ദൈവസ്നേഹം തകർത്തുകളയുന്നതുമാണ്.
ഇതേക്കുറിച്ചുള്ള യേശുവിന്റെ കല്പനകൂടി ഉദ്ധരിച്ചു ഈ ചിന്ത അവസാനിപ്പിക്കട്ടെ. “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിൽ വസിക്കുവിൻ….. ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്നാകുന്നു എന്റെ കൽപ്പന”. (യോഹന്നാൻ 15: 9-12).

LEAVE A REPLY

Please enter your comment!
Please enter your name here