രണ്ടാമൂഴം

0
1685

സ്പർശനം

രണ്ടാമൂഴം

ടി.എം.മാത്യു

രിക്കൽ തെറ്റുചയ്തുപോയതിന്റെ പേരിൽ ജീവിതം മുഴുവൻ പശ്ചാത്തപിച്ചു കഴിയുന്നവരുണ്ട്. ദൈവമക്കളിൽപോലും സംഭവിച്ചു പോയതിന്റെ മറവിൽ ഭയന്ന് കഴിയുന്നവരും കണ്ടേക്കാം. നമ്മുടെ ദൈവം ക്ഷമിക്കുന്നവനെന്നു ശരിയായി മനസിലാക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മടങ്ങിവരാൻ ദൈവം വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്ന സ്നേഹവാനാണ്. അബ്രഹാം, മോശെ, ദാവീദ്, യോനാ, പത്രോസ്, മാർക്കോസ്,ഒനേസിമൊസ് ഇങ്ങനെ വീണ്ടും അവസരങ്ങൾ ലഭിച്ച അനേകരുടെ ചരിത്രം ബൈബിളിന്റെ താളുകളിലുണ്ട്.

ദൈവം കൃപയാൽ വീണ്ടും നൽകുന്ന അവസരങ്ങളെ നന്നായി പ്രയോജനപ്പെടുത്താൻ കഴിയുന്നവർ വിജയികളായിത്തീരും. അല്ലാത്തവർ പിന്നെയും അധഃപതനത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കും. തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്.

ദൈവം എന്തിനു വീണ്ടും അവസരങ്ങൾ തരുന്നു? അതാണ് ദൈവത്തിന്റെ പ്രത്യേകത. ജോസഫ്, ദാവീദ്, യേശുക്രിസ്തു – ഈ മൂന്നു ജീവിതങ്ങളിലും ഇത് നമുക്ക് കാണാം. മനുഷ്യർ തള്ളിക്കളയുന്നത് ദൈവം പിന്നെയും എടുത്ത് പണിയുന്നവനാണ്. അതുകൊണ്ടാണ് വീടുപണിയുന്നവർ തള്ളിക്കളയുന്ന കല്ലിനെക്കുറിച്ചു കർത്താവു പറയുന്നത്. ഒടുവിൽ ആ കല്ല് വീടിന്റെ മൂലക്കല്ലായി തീരുന്നു. മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ കല്ലായിട്ടാണ് ദൈവപുത്രനെ വിശേഷിപ്പിച്ചിരിക്കുന്നത്.
പരാജയങ്ങൾ ഒരിക്കലും അവസാനമല്ല. കൂടുതൽ പ്രയത്നിച്ചു മുന്നേറാനുള്ള അവസരങ്ങൾ മാത്രമാണവ. ദൈവവചനത്തിൽനിന്നു ചില വാക്യങ്ങൾ താഴെ കൊടുക്കുന്നു.

നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. (ഫിലിപ്പിയർ 1:4)

ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മിക ഗൃഹമായി യേശു ക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധ പുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
“ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.
(1പത്രോസ് 2: 1-3)

ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു. അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ. അന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. (കൊലൊസ്സ്യർ 3: 5-10)

രക്ഷിക്കപ്പെട്ട ദൈവപൈതലിന്റെ ജീവിതംതന്നെ ഒരു രണ്ടാമൂഴമാണ്‌. നിത്യനാശത്തിലേക്കു പോകേണ്ടിയിരുന്നിടത്തുനിന്നുള്ള രക്ഷപ്പെടുത്തൽ. അത് കൃപയാൽ ലഭിച്ചതാണ്. പാപത്തിൽ വീഴുമ്പോഴും തെറ്റിൽ അകപ്പെടുമ്പോഴും അരുതാത്തതു സംഭവിക്കുമ്പോഴും ആ കൃപയിൽ വീണ്ടും ആശ്രയിക്കുക. നമ്മുടെ യേശു പിന്നെയും ക്ഷമിക്കും. അങ്ങനെയുള്ളവരോടുള്ള സമീപനത്തെക്കുറിച്ചു യേശു പറഞ്ഞിട്ടുള്ള ഒരു വചനംകൂടി ഉദ്ധരിച്ചു ഈ കുറിപ്പ് നിറുത്തട്ടെ:

“അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം. അവൻ ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ച വരുത്തുന്നതിനെക്കാൾ ഒരു തിരിക്കല്ലു അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നതു അവന്നു നന്നു. സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക. (ലൂക്കോസ് 17: 1-4)

LEAVE A REPLY

Please enter your comment!
Please enter your name here