ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ പാര്‍ത്തു

0
1020

ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ പാര്‍ത്തു

ടി.എം.മാത്യു

ഡിസംബര്‍!

ഡിസംബറിന്‍റെ കുളിര്.

പുലര്‍കാലമഞ്ഞിന്‍റെ ഗന്ധം.

സന്ധ്യയുടെ മാനത്തിനു ചാരുത പകരാന്‍ വര്‍ഷംതോറും വിരുന്നിനെത്തുന്ന അതുല്യശോഭയുള്ള ചില നക്ഷത്രങ്ങള്‍. തെളിഞ്ഞ ആകാശം. കരോള്‍ ഗാനങ്ങള്‍, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് ട്രീ ഇവയെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നതു ഒരേയൊരിടത്തേക്കാണ്. ബെത്ലെഹെമിലേക്ക്!

കേട്ടാലും കേട്ടാലും മതിവരാത്ത നൂറുകണക്കിനു ഗാനങ്ങള്‍ ക്രിസ്മസ്സിന്‍റേതായി ലോകമെമ്പാടുമുണ്ട്. ‘Gingle Bells, Oh Come…, Silent Night’ എന്നിവയെല്ലാം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് നൂറ്റാണ്ടുകളായി മനുഷ്യമനസ്സുകളില്‍ ഒഴുകിനടക്കുന്നവയാണ്. നമ്മുടെ ഭാഷയിലുമുണ്ട് അതിമനോഹരമായ ക്രിസ്മസ് ഗാനങ്ങള്‍. അവയിൽ എനിക്കു ഏറെ പ്രിയപ്പെട്ടത്, “കാവല്‍ മാലാഖമാരേ കണ്ണിമയ്ക്കരുതേ…” എന്ന ഗാനമാണ്. അത് അടുത്തയിടെ വീണ്ടും കേട്ടപ്പോള്‍ മനസ്സിന്‍റെയുള്ളില്‍ എവിടെയോ ചെന്നു തറച്ചതുപോലെ തോന്നിപ്പോയി.

      ” ഉണ്ണീ ഉറങ്ങ്, ഉണ്ണീ ഉറങ്ങ്..

      ഉണ്ണീ ഉറങ്ങുറങ്ങ്….”

ഉറങ്ങൂ പൈതലേ, സ്വര്‍ഗത്തിന്‍റെ മണിമകുടമേ!

സാധുവായ ഒരു കന്യകയിലേക്കു ദൈവകൃപ പകരപ്പെട്ടതിന്‍റെ  സാക്ഷാത്ക്കാരമേ… ഉറങ്ങൂ…

ചുറ്റും ഉരുണ്ടുകൂടുന്ന പൈശാചികതയുടെയും എരിഞ്ഞുയരുന്ന ക്രോധത്തിന്‍റെയും മധ്യത്തില്‍ പുല്‍ക്കൂടിന്‍റെ ശാന്തതയില്‍ നീ ഉറങ്ങൂ. ഈ ശാന്തതമാറി വലിയൊരാരവം നിന്നെ കാത്തിരിക്കുന്നുണ്ട്; നിന്‍റെ രക്തത്തിനായുള്ള ആരവം! “അവനെ ക്രൂശിക്ക… ക്രൂശിക്ക”.

ഭംഗിയുള്ള പിഞ്ചുവിരലുകള്‍ ചുരുട്ടിപ്പിടിച്ച് പൈതലേ നീ ഉറങ്ങൂ… നിന്‍റെ കൈകള്‍ ഒരു രാജാവിന്‍റേതാണെങ്കിലും അതു ചെങ്കോലോ, കിരീടമോ സ്വര്‍ണസരിപ്പളിയോ അണിയാനുള്ളതല്ല. ഒരു ചിത്രകാരനെയോ എഴുത്തുകാരനെയോപോലെ ബ്രഷോ പേനയോ നിന്‍റെ കൈകള്‍ക്കു പാകമാകയില്ല. നിന്‍റെ മനോഹരാംഗുലികള്‍ മറ്റു ചിലതിനുവേണ്ടി മാത്രം നിയോഗിക്കപ്പെട്ടവയാണ്.

വിധവയുടെ കണ്ണീരൊപ്പാന്‍…

തുപ്പല്‍കൊണ്ടു ചേറുണ്ടാക്കാന്‍… അതു വാരി ഒരു അന്ധന്‍റെ കണ്ണില്‍ പൂശാന്‍…

പഴുത്തു ചലംവമിക്കുന്ന കുഷ്ഠരോഗിയുടെ വൃണം തൊട്ട് സൗഖ്യമാക്കാന്‍…

ശിശുക്കളെ ചേര്‍ത്തു നിര്‍ത്താന്‍…

ബാലകന്‍റെ അഞ്ചപ്പവും രണ്ടുമീനും എടുത്തു വാഴ്ത്തിനുറുക്കി വിളമ്പാന്‍…

പേടിച്ചു മുങ്ങിത്താഴാന്‍ തുടങ്ങുന്ന പത്രൊസിന്‍റെ കൈപിടിച്ച് ഉയര്‍ത്തിയെടുക്കാന്‍…

മരിച്ചു കിടക്കുന്ന ബാലികയെ കൈക്കു പിടിച്ച് എഴുന്നേല്‍പ്പിച്ച് ജീവനിലേക്കു നടത്താന്‍…

തീര്‍ന്നില്ല റോമന്‍ ക്രൂരതയുടെയും യെഹൂദ സമുദായത്തിന്‍റെ  കരുണയില്ലായ്മയുടെയും പ്രതീകമായി ആ കരങ്ങ ള്‍ കുരിശിനോടു ചേര്‍ത്തുവച്ച് ഇരുമ്പാണികള്‍ അടിച്ചുകയറ്റാനുള്ളവയാണ്. 

കുഞ്ഞേ ഇപ്പോൾ നീ ഉറങ്ങൂ… നിന്‍റെ പാദങ്ങള്‍ അനേക കാതങ്ങള്‍ താണ്ടാനുള്ളവയാണ്. അശ്വരഥത്തിലോ ആനപ്പുറത്തോ ആയിരിക്കുകയില്ല നിന്‍റെ സഞ്ചാരം. കല്ലും മുള്ളും നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ എന്നും ഒരു കാല്‍നടക്കാരനായി മാത്രം

   കഫര്‍ന്നഹൂമിലേക്ക്

   നസറേത്തിലേക്ക്

   ബഥാന്യയിലേക്ക്

  യെരൂശലേമിലേക്ക്

ഒടുവില്‍ ഗോൽഗോഥായിൽ ചെന്ന് എത്തി നിൽക്കുന്ന സഞ്ചാര പഥം.

ഭാരമേറിയ കുരിശും തോളിലേന്തി അര്‍ധപ്രാണമായി ആ കാലുകള്‍ വേച്ചുവേച്ച് നടന്നു നീങ്ങാനുള്ളവയാണ്. കൈകളില്‍ അടിച്ചുകയറ്റിയതിനെക്കാള്‍ വലിയ രണ്ടാണികള്‍ നിന്‍റെ പാദങ്ങള്‍ തുളച്ച് മരക്കുരിശിലേക്കു നിന്നെ അടിച്ചുറപ്പിക്കാനുള്ളതാണ്.

സൂക്ഷിച്ചുനോക്കിയാല്‍ ആ പിഞ്ചുപൈതലിന്‍റെ ഹൃദയമിടിപ്പ് അതിലോലമായികാണാം. എന്തു ശാന്തതയാണവിടെ!

  രോഗികള്‍ 

  ഭൂതഗ്രസ്തര്‍

   സത്യാന്വേഷികള്‍

    ചുങ്കക്കാർ

    വലിയ പുരുഷാരം…

ആ ഹൃദയത്തിന്‍റെ സ്പന്ദനം നേരിട്ടറിഞ്ഞവരാണവര്‍. പുരുഷാരത്തെ ചിന്നിയവരും ചിതറിയവരുമായി കാണുമ്പോള്‍ ആ ഹൃദയം വേദനിച്ചിരുന്നു. പരീശന്‍റെ കപടത കണ്ട് ആ ഹൃദയം ദുഃഖിച്ചു. ആ വേദനകളെല്ലാം ഹൃദയത്തിനു താങ്ങാനാവുന്നതിനുമപ്പുറമായിരുന്നെങ്കിലും അതെല്ലാം താന്‍ സ്വീകരിച്ചു. എന്നിട്ടും ആ ഹൃദയം കുന്തംകൊണ്ട് കുത്തിത്തുളയ്ക്കപ്പെട്ടു. രക്തവും വെള്ളവും ചേര്‍ന്നൊഴുകിയ ആ പ്രവാഹത്തിനു മനുഷ്യവര്‍ഗത്തിന്‍റെ പാപക്കമുഴുവ ന്‍ കഴുകി വെണ്‍മയാക്കാന്‍ ശക്തിയുണ്ടായിരുന്നു.

പൈതലേ നീ ഇപ്പോള്‍ ഉറങ്ങൂ…

പ്രവാചകന്‍ വിളിച്ചുപറയുന്നതു കേള്‍ക്കുന്നില്ലേ?

“നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു; നമുക്കൊരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവൻ അത്ഭുത മന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കപ്പെടും. അവന്‍റെ ആധിപത്യത്തിന്‍റെ വര്‍ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല….”

(യെശയ്യാവ് 9:6,7).

ഇടയന്മാര്‍ക്കു പ്രത്യക്ഷനായ ദൈവദൂതനും പറഞ്ഞതു മറ്റൊന്നുമായിരുന്നില്ല: “കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു…”

അതെ, ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ പാര്‍ത്തു!

LEAVE A REPLY

Please enter your comment!
Please enter your name here