സ്പർശനം
ദൈവവചനം വായിക്കാൻ പഠിക്കാം
ടി.എം.മാത്യു
കഴിഞ്ഞ ആഴ്ചയിൽ നമ്മൾ തുടങ്ങിവച്ച ബൈബിൾ പഠന വായനയുടെ മറ്റുചില വശങ്ങൾകൂടി ഇത്തവണ നമുക്ക് ചിന്തിക്കാം. എത്രപേർ കഴിഞ്ഞ ലക്കത്തിലെ നിർദേശങ്ങൾ ഗൗരവമായി എടുത്തുവെന്നു അറിയില്ല. ദൈവവചനം സ്വയം വായിച്ചു മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആ നിർദ്ദേശങ്ങൾ പ്രയോജനപ്പെടുമെന്നുതന്നെയാണ് എന്റെ വിശ്വാസം. ദിവസവും അഞ്ചു മിനിറ്റ് സമയം, സ്ഥിരമായൊരു ഇടം, ഒന്ന് യോഹന്നാന്റെ ലേഖനം ഇതായിരുന്നു ഞാൻ പറഞ്ഞതിന്റെ ചുരുക്കം.
ചിലർ വായിച്ചുതുടങ്ങിയതായി അറിയാം. എന്നാൽ എല്ലാവരുടെയും അറിവിലേക്കായി പൊതുവായ ചിലകാര്യങ്ങൾകൂടി ആമുഖമായി പറയട്ടെ.
ലേഖനങ്ങൾ നാം അറിയുംപോലെ കത്തുകളാണ്. ആര്, ആർക്ക്, എപ്പോൾ, എന്തിനു എന്നിങ്ങനെ വിശദമായ പഠനത്തിന് ഉപകരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ ലഭ്യമാണ്. അവ അറിഞ്ഞിരിക്കുന്നത് നല്ലതുതന്നെയാണ്. എന്നാൽ പ്രധാനമായും ഓർത്തിരിക്കേണ്ടത് ലേഖനങ്ങളുടെ സ്വഭാവമാണ്. ലേഖങ്ങൾ കത്തുകളാണെന്നു നമുക്കറിയാം. പൗലോസ്, പത്രോസ്, യോഹന്നാൻ, യാക്കോബ്, യൂദാ എന്നിവരാണ് പുതിയനിയമ ലേഖനങ്ങൾ എഴുതിയിരിക്കുന്നത്.
നമുക്ക് ലഭിക്കുന്ന കത്തുകൾ നാം എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്? ഓരോന്നിന്റെയും സ്വഭാവവും രീതിയുമനുസരിച്ചു വ്യത്യാസമുണ്ടാകുമെങ്കിലും പൊതുവെ, ഒരു കത്ത് ആവേശമുണർത്തുന്നതാണ്. ആരും കത്ത് ഖണ്ഡശ വായിക്കാറില്ല. ഒറ്റവായനയിൽ വായിച്ചുതീർക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. നീണ്ട കത്തെങ്കിൽ ആദ്യം ഓടിച്ചുനോക്കി പിന്നീട് സാവകാശം വായിക്കും. പ്രാധാന്യമെന്നു തോന്നുന്ന ഭാഗങ്ങൾ പലതവണ വായിക്കും. അതുപോലെ പ്രിയപ്പെട്ടവരുടെ കത്തുകൾ പിന്നെയും പിന്നെയും വായിക്കും.
ഇതുപോലെതന്നെവേണം പുതിയനിയമ ലേഖനങ്ങൾ വായിക്കാൻ. ഒറ്റവായനയിൽ മുഴുവൻ വായിക്കാൻ കഴിയുന്നത് നല്ലതാണ്. ഉള്ളടക്കത്തെക്കുറിച്ചു വ്യക്തമായൊരറിവ് ആ വായനയിൽത്തന്നെ ലഭിക്കും.നാലോ അഞ്ചോ അധ്യായമുള്ളവയാണല്ലോ പല ലേഖനങ്ങളും. അത് പല സന്ദർഭങ്ങളിലായി അഞ്ചായി വായിച്ചാൽ മുഖ്യ സന്ദേശം എന്തെന്ന് മനസിലാക്കാനാവാതെ പോകും. അതുകൊണ്ടു ഒരുമിച്ചു വായിച്ചു ശീലിക്കുക. ആദ്യവായനയിൽ എല്ലാം മനസിലായി എന്നു വരികയില്ല. ശ്രദ്ധാപൂർവം പിന്നീട് വായിക്കണം. വായനക്ക് പല തലങ്ങളുണ്ട്. സാധിക്കുമെങ്കിൽ അതേക്കുറിച്ചു പിന്നീട് എഴുതാം. റോമർക്കെഴുതിയ ലേഖനംപോലെ ദൈർഘ്യമുള്ളവ ഒന്നോ രണ്ടോ ഭാഗമായി തിരിച്ചു വായിച്ചാലും കുഴപ്പമില്ല. അധ്യായങ്ങളായോ വിഷയങ്ങളായോ ആയി തിരിക്കാം. ഏകദേശം 1500 വർഷങ്ങൾക്കുശേഷമാണ് സൗകര്യത്തിനുവേണ്ടി വാക്യങ്ങളും അധ്യായങ്ങളുമായി തിരിക്കപ്പെട്ടത് എന്നത് ഓർമ്മിക്കുക.
1യോഹന്നാൻ പോലുള്ള ചെറുലേഖനങ്ങൾ ഒറ്റയിരിപ്പിൽത്തന്നെ വായിക്കണം. എങ്കിൽമാത്രമേ അതിലെ ഉള്ളടക്കം എന്തെന്ന് ഒരു ധാരണ ലഭിക്കുകയുള്ളു. അതോടൊപ്പം പഠന ഗ്രന്ഥങ്ങൾ പരിശോധിക്കുന്നതും നല്ലതാണ്.
എന്റെ അഭിപ്രായത്തിൽ ഏഴ് തവണയെങ്കിലും 1യോഹന്നാൻ വായിക്കണം. ഒരു ആഴ്ചക്കാലം. ഓരോ വായനയിലും ആവേശമുണർത്തുന്ന പുതിയപുതിയ ആത്മീയചിന്തകൾ പരിശുദ്ധാത്മാവ് നിങ്ങൾക്കു തരും. വായിച്ചുകൊണ്ടിരിക്കുന്ന ഭാഗത്തുനിന്നുകൊണ്ടുതന്നെ സമാനഭാഗങ്ങളിലേക്കു പോകാൻ പ്രേരണതോന്നും. ഇംഗ്ലീഷിലോ മലയാളത്തിലോ ഒത്തുവാക്യങ്ങളുള്ള (Concordence) ഒരു ബൈബിൾ കരുതുന്നത് നല്ലതാണ്. ഓരോദിവസവും ലഭിക്കുന്ന ചിന്തകൾ ഡയറിയിൽ കുറിച്ചിടുക.
തീർന്നില്ല, ഇനിയും പല പടികൾ ഉണ്ട്. അത് അടുത്ത ആഴ്ചയിൽ.