വീട്ടില്‍ കാത്തിരിക്കുന്ന കര്‍ത്താവ്

0
1219

സ്പർശനം

വീട്ടിൽ കാത്തിരിക്കുന്ന കര്‍ത്താവ്

ടി.എം.മാത്യു

യേശുക്രിസ്തുവിന്‍റെ ഇഹലോകവാസത്തിന്‍റെ അവസാനദിവസങ്ങള്‍ വളരെ സംഭ്രമജനകമായിരുന്നല്ലോ. വളരെ തിരക്കുപിടിച്ച് എന്തോ ചെയ്തുതീര്‍ക്കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെപ്പോലെ നമുക്ക് യേശുവിനെ അവിടെ കാണാം. പെസഹാപ്പെരുന്നാളിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴേ ഇതു അവിടുത്തെ അവസാന പെസഹയാണെന്നു കര്‍ത്താവിന് അറിയാമായിരുന്നു. യോഹന്നാന്‍ 13-ാം അധ്യായം ആരംഭിക്കുന്നതു തന്നെ അത്തരം തിരക്കുകളെക്കുറിച്ച് രേഖപ്പെടുത്തിക്കൊണ്ടാണ്. ആദ്യവാക്യം ഇങ്ങനെ വായിക്കുന്നു: “പെസഹാപ്പെരുന്നാളിനു മുന്‍പേ താന്‍ ഈലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകാനുള്ള നാഴികവന്നു എന്നു യേശു അറിഞ്ഞിട്ട്, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു”. തന്‍റെ കൂടെ കഴിഞ്ഞ മൂന്നര വര്‍ഷം ജീവിച്ച പ്രിയ ശിഷ്യന്മാരെക്കുറിച്ചുള്ള അതിയായ സ്നേഹത്തിന്‍റെ പ്രകടനമാണ് ആ വാക്യങ്ങളിലെല്ലാം വിവരിച്ചിട്ടുള്ളത്. താന്‍ സ്നേഹിച്ചവരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കും എന്നതിന്‍റെ ദുഃഖവും  അധ്യായത്തില്‍ കാണാം. എങ്കിലും താന്‍ ഈ ലോകംവിട്ട് പിതാവിന്‍റെ അടുക്കലേക്കു മടങ്ങിയാല്‍ അവിടെ ഈ വത്സലശിഷ്യന്മാരും എത്തിച്ചേരണമെന്ന ആഗ്രഹം കര്‍ത്താവ് പ്രകടിപ്പിച്ചുകൊണ്ടാണ് അധ്യായം അവസാനിക്കുന്നത്. 14-ാം അധ്യായത്തിലേക്കു വരുമ്പോള്‍ പ്രാരംഭമായിത്തന്നെ താന്‍ പോകുന്നത് എന്തിനുവേണ്ടിയെന്ന് നന്നായി വിവരിക്കുന്നു.  ഒരു വാസസ്ഥലം ഒരുക്കുന്നതിനുവേണ്ടിയാണ് യാത്രയെന്നും അവിടെ പ്രിയ ശിഷ്യന്മാരെ ചേര്‍ക്കുന്നതിനും യേശു താല്‍പര്യപ്പെടുന്നതായി നമുക്കു കാണാം. അതുകൊണ്ടുതന്നെ യോഹന്നാന്‍റെ സുവിശേഷം പതിമൂന്നു മുതലുള്ള അധ്യായങ്ങള്‍ അത്യന്തം വികാരനിര്‍ഭരമാണ്.

“ശിമോന്‍ പത്രൊസ് അവനോട്: കര്‍ത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാന്‍ പോകുന്ന ഇടത്തേക്ക് നിനക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ കഴിയുകയില്ല. പിന്നത്തെതില്‍ നീ എന്നെ അനുഗമിക്കും എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു” (യോഹന്നാന്‍ 13: 36). തുടര്‍ന്ന് താന്‍ പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള ലഘുവിവരണമാണു തിരുവചനത്തിലെ ഏറ്റവും വിലമതിക്കാനാവുന്ന ഭാഗങ്ങളില്‍ ഒന്ന്.

“നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്: ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു. ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍ ഞാന്‍ ഇരിക്കുന്ന ഇടത്തും നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും”
(യോഹ. 14: 1-3).

സ്വര്‍ഗം എന്നും ഒരത്ഭുതമാണ്

എവിടെയാണു സ്വര്‍ഗം? ഈ ആകാശമണ്ഡലങ്ങള്‍ക്കു മേലെയാണെന്നാണു എല്ലാവരും കരുതുന്നത്. എന്നാല്‍, ചിലര്‍ ഭൂമി സ്വര്‍ഗമാക്കി മാറ്റാന്‍ പണിപ്പെടുന്നവരാണ്. അത് എന്നു നടക്കുമോ ആവോ? എന്നാല്‍, സ്വര്‍ഗം എവിടെയാണ്?. യേശു ശിഷ്യന്മാരോടു പറഞ്ഞത്, “ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍ ഞാന്‍ ഇരിക്കുന്ന ഇടത്തും നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും” എന്നാണ്.

അപ്പോള്‍ എവിടെയാണു സ്വര്‍ഗം?

യേശു ഇരിക്കുന്നിടത്ത്. അവിടേക്കാണു പ്രിയപ്പെട്ടവരെ യേശു കൂട്ടിക്കൊണ്ടുപോകുന്നത്.

ഒരു അമ്മയുടെയും മകന്‍റെയും കഥ വായിച്ചതോര്‍ക്കുന്നു. ആ അമ്മ തന്‍റെ യൗവനകാലത്ത് വീട്ടുകാരുടെ ഇഷ്ടത്തെ മാനിക്കാതെ ഒരാളെ വിവാഹം ചെയ്തു മറ്റൊരു നഗരത്തില്‍ പാര്‍ക്കാന്‍ ആരംഭിച്ചു. ഏറെ താമസിയാതെ അവളുടെ ഭര്‍ത്താവ് മരണമടഞ്ഞു. ഗര്‍ഭിണിയായിരുന്ന ആ സ്ത്രീ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. തന്‍റെ സ്ഥിതി വളരെ ദയനീയമായിരുന്നു. ഭക്ഷണത്തിനുപോലും വകയില്ലാതെ കുഞ്ഞിനെയുംകൊണ്ട് അവള്‍ പലയിടത്തും അലഞ്ഞുതിരിഞ്ഞു. വിശന്നുകരയുമ്പോള്‍ അവള്‍ മകനോടു കഥകള്‍ പറയുമായിരുന്നു. അങ്ങനെ പറയുന്ന കഥകളില്‍ അധികവും തന്‍റെ ബാല്യകാലത്തെക്കുറിച്ചും ധനാഢ്യനായ പിതാവിനെക്കുറിച്ചുമായിരുന്നു. മോടിയുള്ള വസ്ത്രം ധരിച്ച് വിശാലമായ പുല്‍ത്തകിടിയുള്ള വീട്ടുമുറ്റത്ത് കളിച്ചുനടന്ന രംഗങ്ങളെല്ലാം അവള്‍ മകനോടു പറയുമ്പോള്‍ കൊച്ചുബാലന്‍റെ കണ്ണുകള്‍ വികസിക്കുമായിരുന്നു. വിശപ്പിനെ വെല്ലാന്‍ പര്യാപ്തമായിരുന്നു ആ കഥകളെല്ലാം. നിരാലംബയായ അവളുടെ കൈകളില്‍ ഒരിക്കല്‍ പോസ്റ്റുമാന്‍ ഒരു കത്തുനല്‍കി. വിറയ്ക്കുന്ന കൈകളോടെ അവള്‍ ആ കവര്‍ തുറന്നു. ഒരേയൊരു വാചകം, ‘വീട്ടിലേക്കു വരിക’ കൂടെ ഒരു ചെക്കും. കൈപ്പടകണ്ടപ്പോള്‍ തന്നെ അത് ആരയച്ചതെന്ന് മനസിലായി. ദൂരെയാണെങ്കിലും തന്നെ സ്നേഹിക്കുന്ന പിതാവ് അയച്ച ആ കത്ത് അവള്‍ക്ക് നിധിപോലെയായിരുന്നു. ‘വീട്ടിലേക്കു വരിക’.

യേശു താന്‍ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കുന്ന വീട്ടിലേക്ക് ഇതുപോലെ ഓരോ ദിവസവും ക്ഷണക്കത്തുകള്‍ അയയ്ക്കുകയാണ്. വീട്ടിലേക്കു വരുക.

ക്രിസ്തുവിനെ അറിയുന്നവര്‍ക്കു മരണത്തെ ഭയപ്പെടേണ്ടതില്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണം വീട്ടിലേക്കുള്ള യാത്രയാണ്. അപ്പൊസ്തലനായ പൗലൊസ് അതെക്കുറിച്ച്, “വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ” (ഫിലി. 1: 23) എന്നാണു പറയുന്നത്. ബൈബിള്‍ വീണ്ടും പറയുന്നു: “പരദേശികളായ നമുക്കുവേണ്ടി അവിടുന്ന് ഒരു നഗരം ഒരുക്കിയിരിക്കുന്നു”(എബ്രാ.11:16). “അവിടെ യേശു നമ്മെ കാത്തിരിക്കുന്നു”. ഇതാണു യേശുക്രിസ്തു നല്‍കുന്ന ഉയിര്‍പ്പിന്‍റെ പ്രത്യാശ.

ഈ ഭൂമിയില്‍ ക്രിസ്തുവിന്‍റെ അദ്യശ്യസാന്നിധ്യം അനുഭവിച്ചു ജീവിക്കുന്നവര്‍ക്കാണു സ്വര്‍ഗത്തിലും ആ നില തുടരാന്‍ സാധിക്കുന്നത്. ക്രിസ്തു തന്നെ പറഞ്ഞത് ഇപ്രകാരമാണ്: “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പ്രമാണിക്കും. എന്‍റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്‍റെ അടുക്കല്‍ വന്ന് അവനോടുകൂടെ വസിക്കും”.

‘വീട്ടിലേക്കു വരുക’ എന്ന വിളി ഏതു സമയവും നാം പ്രതീക്ഷിച്ചിരിക്കണം. അവിടെ നമ്മെ കാത്തിരിക്കുന്ന കര്‍ത്താവുണ്ട്. ധൈര്യപൂര്‍വം നമുക്ക് അവിടേക്കു കയറിച്ചെല്ലാം. എന്‍റെ പിതാവിന്‍റെ ഭവനത്തിലുള്ള അനേക കൊട്ടാരങ്ങളിലൊന്ന് എനിക്കുവേണ്ടിയുള്ളതാണ് എന്ന പ്രതീക്ഷയോടെ ഈ ദിവസങ്ങള്‍ പ്രത്യാശാ പൂര്‍ണമാക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here