വഴികളും വിചാരങ്ങളും

0
871

സ്പർശനം

വഴികളും വിചാരങ്ങളും

ടി.എം മാത്യു

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ പോലെ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികൾ പോലെയുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർ‍ന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർ‍ന്നിരിക്കുന്നു.” (Isaiah 55:8-9)
ഇതിലെ “പോലെ” എന്ന വാക്കു ഞാൻ ചേർത്തതാണ്. ചില ഭാഷാന്തരങ്ങളിൽ അങ്ങനെയാണ് കാണുന്നത്. ഇംഗ്ലീഷിൽ ”ലൈക്” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
The LORD says, “My thoughts are not like your thoughts. Your ways are not like my ways. Just as the heavens are higher than the earth, so are my ways higher than your ways and my thoughts higher than your thoughts.
(New Century Version)

നമുക്ക് അറിയാവുന്ന ചില ഉദാഹരങ്ങൾ ഇപ്രകാരമാണ്: മനുഷ്യരായ നാം ശരീരത്തെ പരിരക്ഷിക്കുന്നു. എന്നാൽ ദൈവത്തിന്റെ കരുതൽ മനുഷ്യന്റെ ആത്മാവിനെക്കുറിച്ചാണ്. ജീവിത നിലവാരം ഉയർത്തുന്നതിനെക്കുറിച്ചു നാം ചിന്തിക്കുമ്പോൾ മരിച്ചവരുടെ ഇടയിൽനിന്നു നമ്മെ ഉയർപ്പിക്കുന്നതിനെക്കുറിച്ചാണ് ദൈവം ചിന്തിക്കുന്നത്. വേദന മാറി സന്തോഷിക്കുവാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ വേദനയിലൂടെ യേശുവിനെ കടത്തിവിട്ടത് നമുക്ക് നിത്യസന്തോഷം നല്കുവാനായിരുന്നു. ജീവനിൽനിന്നു മരണത്തിലേക്ക് പോകുന്നവനാണ് മനുഷ്യൻ. എന്നാൽ ദൈവമോ മനുഷ്യനെ മരണത്തിൽനിന്നു നിത്യജീവനിലേക്കു കൈപിടിച്ച് നടത്തുന്നവനാണ്. അങ്ങനെ നമ്മുടെ ചിന്തകളേക്കാൾ ഉന്നതമാണ് ദൈവത്തിന്റെ ചിന്തകൾ. ഇനിയും ഉദാഹരങ്ങൾ പലതുമുണ്ട്.

ഈ വാക്യംതന്നെ ചിന്തിക്കുക. നമ്മുടെ ചിന്തകളും വഴികളും ഈ ഭൂമിയുടെ പരപ്പിലുള്ളതാണ്. എന്നാൽ ദൈവത്തിന്റെ ചിന്തകൾക്ക് ആകാശമണ്ഡലങ്ങളോളം ഉയരമുണ്ട്. ഭൂമിയുടെ പരപ്പിലൂടെ നോക്കികാണാവുന്നവ മാത്രമാണ് നമ്മുടെ കാഴ്ച. എന്നാൽ ദൈവം മുകളിൽ നിന്ന് നോക്കി കാണുന്നവനാണ്. ഈ രണ്ടു കാഴ്‌ചകൾക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് നമുക്ക് അറിയാം. ഉയർന്ന കെട്ടിടങ്ങളുടെ മുകളിൽ നിന്ന് താഴേക്കുനോക്കുമ്പോഴോ വിമാനത്തിലിരിക്കുമ്പോഴോ നമ്മൾ അത് മനസിലാക്കിയിട്ടുണ്ടാകും. അതിന്റെ ചെറിയൊരു പതിപ്പാണ് ഗൂഗിൾ മാപ്പിൽ നമ്മുടെ മൊബൈൽഫോണിൽ ഉള്ളത്. അപകടങ്ങളും വരാൻപോകുന്ന പലതും മുൻകൂട്ടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചിട്ടില്ലെ?

ദൈവം എല്ലാം കാണുന്നു. തന്റെ മക്കൾക്കുവേണ്ടി അപകടങ്ങളെ ദൈവം ഒഴിവാക്കിവിടുന്നു. തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഒരു അവസരവും ദൈവം നഷ്ടമാക്കുന്നില്ല. ദൈവം കരുതലുള്ളവനാണ്, കരുണയുള്ളവനാണ്. ചിലപ്പോൾ നമുക്ക് തോന്നും ഇത് എന്തൊരു ദൈവമാണെന്ന്. എന്നാൽ ആ സാഹചര്യങ്ങളിലൂടെ നാം കടക്കേണ്ടിവരുമ്പോൾ ദൈവം മറ്റുപലതുമാണ് നമുക്കുവേണ്ടി സാധിച്ചെടുക്കുന്നത്.

യിസ്രായേൽ മക്കളുടെ അനുഭവം അതായിരുന്നു. ചെങ്കടിലിനരികെയുള്ള പിഹഹീരോത്തിനരികെ അവർ പകച്ചുപോയി. ദൈവം എന്തിനു ഇതുചെയ്യുന്നുവെന്നു അവർ പരസ്പരം ചോദിച്ചു. നായകനായ മോശെക്കുപോലും എന്താണു സംഭവിക്കുന്നതെന്ന് നിശ്ചയമില്ലായിരുന്നു. എന്നാൽ അടുത്ത മണിക്കൂറുകളിൽ അവർ ദൈവത്തിന്റെ പദ്ധതി കണ്ടു. ചെങ്കടൽ പിളർന്നുമാറി. ജനം അക്കരെ കടന്നു. അതോടൊപ്പം അവരുടെ ശത്രുക്കൾ ആ കടലിൽ മുങ്ങിമരിക്കുന്നത് അവർ ഭയത്തോടെ നോക്കിക്കണ്ടു. ആ ചെങ്കടൽ അനുഭവം ഉണ്ടായിരുന്നില്ലെങ്കിലോ?

ഇതാണ് ദൈവം. ഇതാണ് ദൈവത്തിന്റെ പദ്ധതി.
മനുഷ്യന് അദൃശ്യമായ വഴികളും അവനു സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയാത്ത കരുതലും ഉള്ള മഹാദൈവം. അപ്പോസ്തോലനായ പൗലോസ് അതേക്കുറിച്ചു ചെറിയ ഒരു വിവരണം പറയുന്നത് ഇങ്ങനെയാണ്:
“ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.”
(1 Cor 1:25)

ദൈവം ഉന്നതമായ സ്വർഗ്ഗത്തിലാണിരിക്കുന്നത്. അവിടെയിരുന്നുകൊണ്ട് എല്ലാം നിയന്ത്രിക്കുന്നു. എല്ലാം കാണുന്നു, എല്ലാം അറിയുന്നു. പ്രപഞ്ചം മുഴുവൻ അവിടുത്തെ കണ്മുന്നിലുണ്ട്. ആ ദൈവം എന്നെയും എന്റെ പ്രശ്നങ്ങളെയും സങ്കടങ്ങളെയും മാത്രമല്ല, എന്റെ സന്തോഷവും എന്റെ പ്രവർത്തികളും അറിയുന്നവനെന്നു വചനം പറയുന്നു. ആ ദൈവത്തെയാണ് യേശു നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ആ ദൈവത്തെ വിളിക്കുമ്പോൾ തുടങ്ങേണ്ടത് ഇങ്ങനെയാണെന്നു യേശു പറഞ്ഞു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ……….”
അത് എന്തൊരു വലിയ ബന്ധം, ഇനി ഞാൻ എന്തിനു ഭയപ്പെടണം!

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here