സ്വപ്നങ്ങള്‍ മണ്ണടിഞ്ഞുവെന്ന് ആരും പറയരുത്!

0
1357

സ്വപ്നങ്ങള്‍ മണ്ണടിഞ്ഞുവെന്ന് ആരും പറയരുത്!

ടി.എം.മാത്യു

ശവമഞ്ചത്തിനു പിന്നാലെ ഏങ്ങി ഏങ്ങിക്കരഞ്ഞ് അവള്‍ നടന്നു. അത് അവളുടെ ജീവിത്തിലെ രണ്ടാമൂഴമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാറ്റിനും താങ്ങായിരുന്ന ഭര്‍ത്താവിനെ യാത്ര അയക്കുമ്പോള്‍ തന്നെ ചേര്‍ത്തു പിടിച്ചിരുന്ന രണ്ട് പിഞ്ചു കൈകള്‍ ഉണ്ടായിരുന്നു. അവ മാത്രമായിരുന്നു പിന്നീട് തന്‍റെ ആശ്രയം. എന്നാല്‍ അന്ന് തന്നെ താങ്ങിയിരുന്ന ആ കൈകളാണ് ഇപ്പോള്‍ നിശ്ചലമായിരിക്കുന്നത്. ചിറകറ്റു വീണ ഒരു പക്ഷിയെപ്പോലെ അവള്‍ ആ മണ്‍വഴിയില്‍ കുഴഞ്ഞു വീണു. ആരെക്കെയോ ചേര്‍ന്ന് അവളെ എഴുന്നേല്‍പ്പിച്ചു. ഇനിയുള്ള ജീവിതപാതകളിലെല്ലാം മറ്റാരുടെയെങ്കിലും കാരുണ്യംകൊണ്ടേ തനിക്കു ജീവിക്കാന്‍ കഴിയൂ എന്ന ചിന്ത അവളെ ഭയചകിതയാക്കി. താലോലിച്ചു വളര്‍ത്തിയ പൊന്നുമകന്‍ ഇത്രപെട്ടന്ന് മരിക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചില്ല. വളരെയേറെ പ്രതീക്ഷ അവനില്‍ അര്‍പ്പിച്ചിരുന്നു. വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ തനിക്ക് ആശ്രയമായിരിക്കുമെന്ന് കരുതിയിരുന്നു. ഈ ലോകത്തില്‍ ആരിലാശ്രയം വെച്ചാലും, അത് സ്വന്തം മക്കളിലായാല്‍ പോലും നിരാശയായിരിക്കും ഫലം. എങ്കിലും തന്‍റെ മകനുണ്ടായിരുന്നെങ്കില്‍!

അവള്‍ക്ക്  ഇനി എന്തിനെക്കുറിച്ചാണ് പ്രതീക്ഷിക്കുവാനുള്ളത്? സ്പനങ്ങളെല്ലാം ഈ ശവമഞ്ചത്തില്‍ ചലനമറ്റു കിടക്കുകയല്ലേ? ആ സ്വപ്നങ്ങളെ ജീവിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ. മധ്യവയസ്സു കഴിഞ്ഞ നിറം മങ്ങിയ ജീവിതത്തിന് ഇനി മറ്റൊരു സ്വപ്നവും നെയ്യാനാവുകയില്ല. നിമിഷങ്ങള്‍കൂടി കഴിയുമ്പോള്‍ ആറടി മണ്ണില്‍ തന്‍റെ പ്രിയ മകന്‍റെ ശരീരം അടക്കം ചെയ്യും. അവനെ കുഴിമാടം വരെ അനുയാത്ര ചെയ്ത ഈ ജനങ്ങളും പിരിഞ്ഞുപോകും. കരയുന്നവരും കരയിപ്പിക്കുന്നവരും വീണ്ടും മാറ്റൊരു ശവമടക്കം തേടി ഒരു പക്ഷേ പോയേക്കാം. ഇവിടെ താന്‍ മാത്രം!

വിധവയും അനാഥയുമായ ഒരു സ്ത്രീക്ക് നിത്യവൃത്തികഴിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വരുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്ന മാന്യമായ തൊഴില്‍ ഭിക്ഷാടനം മാത്രമാണ്. തന്‍റെ വിധി ആതായിപ്പോല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ പിന്നെയും തളര്‍ന്നു പോയി.

പെട്ടന്നായിരുന്നു അതു സംഭവിച്ചത്. നഗര കവാടത്തിലൂടെ പുറത്തേയ്ക്ക് വന്ന നയീനിലെ വിധവയുടെ വിലാപ യാത്ര നിശ്ചലമായി. എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ല. തങ്ങളുടെ മുമ്പില്‍ മറ്റൊരു ആള്‍ക്കൂട്ടം. കുറേ അധികം ആളുകളുമുണ്ട്. അവര്‍ പട്ടണത്തിലേയ്ക്ക് വരികയാണെന്നു തോന്നുന്നു. ശവമഞ്ചത്തില്‍ കൈകള്‍ തൊട്ടുകൊണ്ട് സ്നേഹവായ്പ്പോടെ തന്നെ നോക്കുന്ന ആ യുവാവിന്‍റെ മുഖത്തേയ്ക്ക് അവള്‍ നോക്കി. കരുണയുടെ സാഗരം അണപൊട്ടി തന്നിലേയ്ക്ക് ഒഴുകി വരുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു.

നിമിഷങ്ങള്‍ക്കൊണ്ട് എല്ലാം സംഭവിച്ചു. മഹാനായ ഗുരു ശവമഞ്ചത്തില്‍ നിത്യനിദ്രയിലായിരുന്ന തന്‍റെ മകനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഒരു ഉറക്കത്തില്‍ നിന്നും വിളികേട്ടുണരുന്നവനെപ്പോലെ മകന്‍ ഉണര്‍ന്നെഴുന്നേറ്റു വരുന്ന കാഴ്ച അവളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല. അതെ, തന്‍റെ മകന്‍ ജീവിച്ചെഴുന്നേറ്റു! ‘അമ്മേ’ എന്നു വിളിച്ചുകൊണ്ട് അവന്‍ കൈകള്‍ നീട്ടിയപ്പോള്‍ ഓടിയണഞ്ഞ തന്നെ അവന്‍ ഇറുക്കിപ്പുണര്‍ന്നത് എന്തോരാവേശത്തോടെ ആയിരുന്നു. മാറിനിന്ന് പുഞ്ചിരിച്ചുകൊണ്ടിരുന്ന യേശു അവന്‍റെ  കരങ്ങളില്‍ പിടിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു: “കരയേണ്ട, ഇതാ നിന്‍റെ മകന്‍.” എങ്ങനെ നന്ദി പറയണം എന്ന് തനിക്കറിയില്ലായിരുന്നു. അല്ലെങ്കിലും വാക്കുകള്‍ കൊണ്ട് ഇതിനുള്ള നന്ദി പറഞ്ഞുതീര്‍ക്കാനാവുമോ?

നയിനിലെ വിധവയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിഞ്ഞു കൂടാ. അവള്‍ ആരായിരുന്നു എന്നോ,അവളുടെ കുലമഹിമയോ കുടുംബ ശ്രേഷ്ഠതയോ ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. അവള്‍ വിധവ ആയിരുന്നു എന്നു മാത്രമേ രേഖകളില്‍ കാണുന്നുള്ളൂ. കുലമഹിമയോ ശ്രേഷ്ഠതയോ നോക്കിയല്ല യേശു സഹായമെത്തിക്കുന്നത്. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയ്ക്കും വകയില്ല എന്നു തോന്നുന്ന അവസാന നിമിഷത്തിലും പ്രവര്‍ത്തിക്കുവാന്‍ യേശു ശക്തനാണ്.

പ്രതീക്ഷകളെല്ലാം തകര്‍ന്ന് ഇനി എന്നെ ആര് സഹായിക്കും എന്ന് ഒരു പക്ഷേ നയീനിലെ വിധവയെപ്പോലെ നാമും ചിന്തിച്ചിട്ടുള്ള അനേകം സന്ദര്‍ഭങ്ങള്‍ നമുക്കുമില്ലേ? “മനുഷ്യന്‍റെ പരിശ്രമങ്ങള്‍ പരാജയപ്പെടുന്നിടത്തു നിന്നും ദൈവത്തിന്‍റെ പ്രവൃത്തികള്‍ ആരംഭിക്കുന്നു” എന്ന ചൊല്ല് ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണ്. യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത മരണശയ്യപോലെ ഭീകരമായ ഏതെങ്കിലും പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു താങ്കള്‍ എങ്കില്‍പ്പോലും നിരാശപ്പെടേണ്ട. ശവക്കുഴിയിലേയ്ക്കു താങ്കളെ കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാകുന്ന ചുമട്ടുകാരെ നിശ്ചലമാക്കാന്‍ യേശുവിന്‍റെ ഒരു സ്പര്‍ശനത്തിന് സാധിക്കും. “യേശു അടുത്തു ചെന്ന് മഞ്ചം തൊട്ടു, ചുമക്കുന്നവര്‍ നിന്നു.”  

ലൂക്കൊസ്. 7:11-16

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here