യേശുവിനെ ദൈവമായി കാണുന്നത് എന്തുകൊണ്ട്?

0
2056

യേശുവിനെ ദൈവമായി കാണുന്നത് എന്തുകൊണ്ട് ?

ടി.എം.മാത്യു

യേശുവിനെ എന്തിനാണ് ദൈവമായി കാണുന്നതിനു നിങ്ങള്‍ ഇത്ര പ്രാധാന്യം നല്‍കുന്നത്. പലരുടെയും ചോദ്യമാണിത്. ലോകത്തു ജീവിച്ചിരുന്ന വ്യക്തികളില്‍ ഏറ്റവും ശ്രേഷ്ഠനായിരുന്നു യേശു എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. യേശുവിന്‍റെ ഉപദേശങ്ങള്‍ മനുഷ്യകുലത്തിനാകെയുള്ളതായിരുന്നല്ലോ. മഹാത്മാഗാന്ധി, ഡോ. എസ്. രാധാകൃഷ്ണന്‍, മാര്‍ട്ടിന്‍ ലൂഥര്‍കിങ്, ദലൈലാമ എന്നിങ്ങനെ ലോകം അറിയുന്ന ചിന്തകരും മനുഷ്യസ്നേഹികളും യേശുവിനെ എത്രയോ ബഹുമാനിച്ചിരുന്നു. ലോകം ആദരണീയരെന്നു കരുതുന്ന പലരും യേശുവിനെയും തന്‍റെ ഉപദേശത്തെയും, ശിഷ്യനായ യൂദായാല്‍ ഒറ്റികൊടുക്കപ്പെടുന്നതിനെയും, തെറ്റുചെയ്യാതിരുന്നിട്ടും കഠിനമായി പീഡിപ്പിക്കപ്പെട്ടതിനെയുമൊക്കെ മാത്രമാണ് അറിയുന്നത്.

‘ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കണം എന്നു കരുതാതെ ദാസരൂപമെടുത്തു വേഷത്തില്‍ മനുഷ്യനായി’ എന്നാണു യേശുവിനെക്കുറിച്ചു ഫിലിപ്പിയ ലേഖനത്തില്‍ വായിക്കുന്നത്.

മനുഷ്യനായി ഭൂമിയില്‍ വന്ന യേശു മരണംവരെയും മനുഷ്യനായി ജീവിച്ചു.
താന്‍ സമ്പൂര്‍ണ മനുഷ്യനായി ഭൂമിയില്‍ ജീവിച്ചു എന്നതിന് നിരവധി തെളിവുകള്‍ പുതിയനിയമം നിരത്തുന്നുണ്ട്.
യേശുവിനു ഒരു ശരീരം ഉണ്ടായിരുന്നു.
യേശു മനുഷ്യനായി ജനിച്ചു.
യേശു വളര്‍ന്നു.
യേശു ക്ഷീണിച്ചു
യേശു ദാഹിച്ചു
യേശുവിനു വിശന്നു.
ശാരീരികമായി തളര്‍ന്ന അനുഭവങ്ങള്‍ ഉണ്ടായി.
യേശു മരിച്ചു.
ഉയിര്‍ത്തെഴുന്നേറ്റതു മനുഷ്യശരീരത്തിലായിരുന്നു.
മനസ്സുതളരുന്ന അവസ്ഥ നമുക്കുണ്ടായിട്ടില്ലേ? യേശുവിനും ഉണ്ടായിട്ടുണ്ട്.
മരണവേദനപോലുള്ള അതിദുഃഖത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടില്ലേ? യേശുവിനും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
ദുഃഖം താങ്ങാനാകാതെ കരഞ്ഞിട്ടില്ലേ? യേശുവും കരഞ്ഞിട്ടുണ്ട്.
എബ്രായ ലേഖനകര്‍ത്താവ് എഴുതിയിട്ടുള്ളത്, ‘തന്നെ മരണത്തില്‍നിന്നും രക്ഷിക്കുവാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിച്ചു’ എന്നാണ്.
താന്‍ മനുഷ്യനായിരുന്നു എന്നതാണു നമ്മുടെ ഭാഗ്യം.

അതുകൊണ്ടാണു നമ്മുടെ ദുഃഖം യേശുവിന്‍റേതും നമ്മുടെ സന്തോഷം യേശുവിന്‍റെ സന്തോഷമായും മാറുന്നത്. വിവാഹവീട്ടില്‍ അവന്‍ സന്തോഷമായി മാറി. അവര്‍ക്കുണ്ടാകാമായിരുന്ന അപമാനം അവന്‍ മാറ്റിക്കൊടുത്തു. അന്ധനായ ബര്‍ത്തിമായി കാഴ്ചലഭിക്കാനുള്ള ആഗ്രഹത്തോടെ നിലവിളിച്ചതു കേട്ടു അവിടുന്ന് അവനു കാഴ്ചനല്കി. സ്വയം ഭക്തരെന്നു നടിച്ചവരെ യേശു കണക്കിനു പരിഹസിച്ചു. കപടഭക്തി യേശു വെറുത്തു. കുരിശിലെ കള്ളന്‍റെ മനസ്സ് അറിഞ്ഞ്, അവനു പാപമോചനവും പറുദീസയും നല്‍കി. തന്‍റെ ശിഷ്യന്മാരില്‍ കള്ളനെ യേശു നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, തന്നെ തള്ളിപ്പറഞ്ഞ പത്രൊസിനെ ഉപാധികളൊന്നുമില്ലാതെ സ്വീകരിച്ചു. പള്ളിപ്രമാണിയുടെയും പട്ടാളക്കാരന്‍റെയും ആവശ്യമറിഞ്ഞു മരണവക്രത്തില്‍നിന്നും മക്കളെ ജീവിപ്പിച്ചു നല്‍കി.
എന്നാല്‍ യേശു പരിപൂര്‍ണ ദൈവമായിരുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവ് അവിടുന്ന് തന്നെയായിരുന്നു. അവനില്‍ പാപത്തിന്‍റെ കലര്‍പ്പു ഒട്ടും ഇല്ലായിരുന്നു. ഒരിക്കല്‍ ജനത്തോടു യേശു ഇങ്ങനെ ചോദിച്ചു: “നിങ്ങളില്‍ ആര്‍ക്ക് എന്നിലെ പാപത്തെക്കുറിച്ചു ബോധം വരുത്താം?” കാരണം യേശു പാപരഹിതനായിരുന്നു. പാപം ഒഴികെ സകലത്തിലും നമുക്കു തുല്യന്‍. തന്‍റെ ദൈവത്വത്തെക്കുറിച്ചു യേശു പറഞ്ഞത്: ‘സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു’ (മത്തായി 25:15)

സര്‍വത്തിന്മേലും യേശുവിനു അധികാരമുണ്ട്. അതു നിത്യമാണ്. അനാദികാലം മുതല്‍ മറഞ്ഞിരുന്ന രഹസ്യമാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. ആ ദൈവിക സ്വഭാവം മാറ്റിവച്ചാണു താന്‍ മനുഷ്യനായി ഭൂമിയില്‍ വന്നത്. നമ്മുടെ സാഹചര്യങ്ങളും യേശു അറിയുന്നു. ആവശ്യം മനസിലാക്കുന്നു. മനസ്സിന്‍റെ ഭാരം ലഘൂകരിക്കുന്നു. പാപിയെ സ്നേഹിക്കുന്നു. പാപത്തെ വെറുക്കുന്നു.
യേശു ഇപ്പോള്‍ സ്വര്‍ഗത്തില്‍ ദൈവമഹിമയുടെ വലതുഭാഗത്താണ്. നമ്മോടു കൂടെ നടന്ന, നമ്മുടെ പ്രശ്നങ്ങള്‍ സ്വന്തമെന്നപോലെ മനസിലാക്കുന്ന, പ്രാര്‍ഥന കേള്‍ക്കുന്ന യേശു നമ്മെക്കുറിച്ചുള്ളവയല്ലാം സ്വര്‍ഗീയപിതാവിനോട് അറിയിച്ചുകൊണ്ടിരിക്കയാണ്. ബൈബിള്‍ പറയുന്നത്, യേശു ഇപ്പോള്‍ നമുക്കുവേണ്ടി പിതാവിനോടു മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്. എന്താണ് യേശു പിതാവിനോട് നമ്മെക്കുറിച്ചു പറയേണ്ടതെന്ന് ഓരോരുത്തരും തീരുമാനിക്കണം. തെറ്റുകൾ സമ്മതിച്ചു യേശുവിനോടു ഏറ്റുപറയണം. ആവശ്യങ്ങള്‍ യേശുവിനെ അറിയിക്കണം. പ്രശ്നങ്ങള്‍ തുറന്നുപറയണം. പിന്നെ യേശു നമുക്കുവേണ്ടി ഇതെല്ലം ഇപ്പോഴും ചെയ്തുതരുന്നതിനു നന്ദി പറയണം. വെറുതെ സ്തോത്രം പറയരുത്. ലഭിച്ചവര്‍ നന്ദി പറയാനാണ് ആ വാക്കു ഉപയോഗിക്കേണ്ടത്.

എത്രനാള്‍ ഈ കൃപ എത്രനാള്‍ നമുക്കായി തുറന്നിരിക്കുമെന്നു ആര്‍ക്കും നിശ്ചയമില്ല. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം. പിന്നെ സ്നേഹിതനായ യേശുവിനെ നാം കാണില്ല. പകരം അവന്‍ ന്യായാധിപനായിവരും. എല്ലാ മുഴങ്കാലും തിരുമുന്‍പില്‍ മടങ്ങും. എല്ലാ നാവും അവനെ കര്‍ത്താവ് എന്ന് ഏറ്റുപറയും. എന്തുവേണമെന്നു നമുക്കു തീരുമാനിക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here