പാമ്പാടിയിലെ ഭവനത്തിലേക്ക് ഇനി ഇല്ല; 'പുതിയ ഭവനത്തിലേക്ക്' സ്റ്റെഫിൻ യാത്രയായി

പാമ്പാടിയിലെ ഭവനത്തിലേക്ക് ഇനി ഇല്ല; 'പുതിയ ഭവനത്തിലേക്ക്' സ്റ്റെഫിൻ യാത്രയായി

കോട്ടയം: പാമ്പാടിയിൽ പുതിയതായി പണിയുന്ന ഭവനത്തിൽ എത്താനാവാതെ 'സ്വർഗീയ ഭവനത്തിലേക്ക് ' യാത്രയായി സ്റ്റെഫിൻ. ഓഗസ്‌റ്റിൽ പുതുതായി പണിത വീട്ടിലേക്ക് താമസം മാറാൻ കാത്തിരുന്ന സ്‌റ്റെഫിന് ഒരു ദിവസം പോലും ആ വീട്ടിൽ കിടക്കാനായില്ല. പുതിയ വീട്ടിലേക്ക് മാറിയാൽ ഉടൻ വിവാഹവും നടത്താൻ തീരുമാനിച്ചിരുന്നു.

കുവൈറ്റിൽ ഉണ്ടായ അത്യാപത്തിലൂടെ  മകൻ സ്‌റ്റെഫിൻ എബ്രഹാം സാബുവിന്റെ വേർപാട് ഉൾക്കൊള്ളാൻ മാതാപിതാക്കൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

  ഐപിസി അഹമ്മദി സഭാംഗമായ സ്റ്റെഫിൻ ആത്മീയ പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു. അഹമ്മദി പിവൈപിഎ ട്രഷററും സഭയുടെ കീബോർഡിസ്റ്റുമായിരുന്നു സ്റ്റെഫിൻ.

പാമ്പാടി ഐ.പി.സി ബെഥേൽ സഭാംഗങ്ങളായ സാബു ഫിലിപ്പ്, ഷേർളി സാബു ദമ്പതികളുടെ മൂത്ത മകനാണ് സ്റ്റെഫിൻ. പാമ്പാടിയിലെ എൻജിനീയറിങ് കോളേജിൽനിന്ന് മികച്ച മാർക്കോടെ ബിരുദം കരസ്ഥമാക്കിയാണ് കുവൈറ്റിലേക്ക് പോയത്. അതിനിടെ സ്റ്റെഫിൻ സഹോദരനെയും കുവൈത്തിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മക്കളിൽ മൂത്തയാളായ സ്റ്റെഫിൻ വീടിന്റെ ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റെടുത്ത് മുന്നോട്ടുപോവുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. ഇപ്പോൾ വാടക വീട്ടിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. ഇളയ സഹോദരൻ കെവിൻ ഇസ്രയേലിൽ പിഎച്ച്‌ഡി ചെയ്യുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സംസ്‌കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങളിലാണ് കുടുംബം.

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു.  മലയാളികൾ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീൻസുകാരുമാണ് മരിച്ചത്. മരിച്ചവരിൽ 24 മലയാളികൾ ഉണ്ടെന്ന് വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കുമെന്ന് കുവൈറ്റിലേക്ക് തിരിച്ച വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം തിരുവനന്തപുരത്ത് തുടങ്ങി. സംസ്‌ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക് തിരിക്കും. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

Advertisemen