നീയും ഞാനും സീയോൻ യാത്രയിൽ

0
587

നീയും ഞാനും സിയോൻ യാത്രയിൽ

സൂസൻ പണിക്കർ

നീയും ഞാനും സിയോൻ യാത്രയിൽ ആയിരിക്കുമ്പോൾ ദൈവം നമുക്ക് തന്നിരിക്കുന്ന സർവ്വത്തിനും ആയി ദൈവത്തെ സ്തുതിക്കുകയും ആരാധനയും മഹത്വവും സർവ്വശക്തന് അർപ്പിക്കുകയും ചെയ്യാം!!

നമ്മുടെ കർത്താവിന്റെ വാക്കുകളും നമ്മുടെ വാക്കുകളെയും കുറിച്ചൊന്ന് ചിന്തിക്കാം. ഉൽപത്തി പുസ്തകത്തിൽ കാണാം – ദൈവം കൽപിച്ചതൊക്കെയും അതുപോലെതന്നെ സംഭവിച്ചു. സർവ്വവും ആറു ദിവസം കൊണ്ട് തന്റെ വാക്കിനാൽ കല്പിച്ചപ്പോൾ ഉളവായി വന്നു. കർത്താവിൻറെ വാക്കുകൾക്ക് അത്ര ശക്തിയുണ്ട്.

നമ്മുടെയോ? എന്നാൽ ആ സർവ്വശക്തൻ നമ്മുടെ മൺകൂടാരത്തിൽ വസിച്ചാൽ നമ്മുടെ വാക്കുകൾക്കും ആ ശക്തി ദൈവം തരും. മനുഷ്യർ വാക്ക് പറയും, എന്നാൽ സാഹചര്യങ്ങൾ മാറുമ്പോൾ വാക്ക് മാറ്റിപ്പറയും. എന്നാൽ ദൈവത്തിന്റെ വാക്കുകൾക്ക് “ഉവ്വ്’ എന്നേയുള്ളൂ എന്ന് വിശുദ്ധ വേദപുസ്തകം പറയുന്നു.

പ്രിയ ദൈവപൈതലേ നമ്മുടെ സീയോനിലേക്കുള്ള യാത്രയിൽ നമ്മുടെ വാക്കുകൾ എങ്ങനെയുള്ളതാണ്? ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് കൃപയോട് കൂടിയതും ഉപ്പിനാൽ രുചിയുള്ള വാക്കുകളായിരിക്കുവാനുമാണ്. ഉപ്പിന് കാരം ഇല്ലാതെ പോയാൽ അതു കൊണ്ട് എന്ത് പ്രയോജനം? നമ്മുടെ വാക്കുകൾ അനുഗ്രഹങ്ങളായി തീരട്ടെ. ശാപവാക്കുകൾ ദുഷ്ടനിൽ നിന്നും പിശാചിൽ നിന്നും വരുന്നു. ഒരു ദൈവപൈതലിന്റെ വായിൽ എപ്പോഴും കർത്താവിനെ സ്തുതിക്കുന്ന വാക്കുകളും പ്രവർത്തികളും ഉണ്ടായിരിക്കട്ടെ.

ആത്മീയ വർധനയ്ക്കായി നല്ല വാക്ക് അല്ലാതെ മറ്റൊന്നും നമ്മുടെ വായിൽനിന്നും വരാതിരിക്കുവാൻ കഴിവതും ഓരോ നിമിഷവും സൂക്ഷ്മതയോടെ ജീവിക്കാൻ ശ്രമിക്കുക പ്രാർത്ഥിക്കുക. കൊലോസ്യർ 2 : 4 – വശീകരണ വാക്കുകൊണ്ട് ആരും നിങ്ങളെ തെറ്റിക്കാതിരിക്കാൻ ദൈവത്തിൽ ആശ്രയിക്കുക.

റോമർ 3:4 “നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും”
നമ്മുടെ വാക്കുകളിൽ കർത്താവിന്റെ വാക്കുകളെ പോലെ ഒരു നീതി ഉണ്ടെങ്കിൽ സത്യമുണ്ടെങ്കിൽ കർത്താവ് നമ്മിൽ സന്തോഷിക്കും. നമ്മുടെ വാക്കുകളിലാണ് നാം നീ നീതീകരിക്കപ്പെടുന്നത്. നമ്മുടെ ചിന്തകളിൽ കൂടെ കടന്നുവന്ന് അത് ഹൃദയത്തിന്റെ അടിത്തട്ടിൽ വന്നിട്ട് വാക്കുകളായി പുറത്തുവരുന്നു. നമ്മുടെ വാക്കുകൾ മറ്റുള്ളവരെ പണിയുന്നത് ആണോ അതോ അവരെ പൊളിക്കുന്നതാണോ?

റോമർ 3: 13, 14 – “അവരുടെ തൊണ്ട തുറന്ന ശവക്കുഴി, നാവു കൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ട്. അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.” ഇങ്ങനെ വചനം പറയുമ്പോൾ “തുറന്ന ശവക്കുഴിയായിരിക്കുന്ന തൊണ്ടയിൽ നിന്നും വരുന്ന വാക്കുകൾ എപ്പോഴും നാറ്റം അഥവാ മറ്റുള്ളവരെ കുറ്റം പറയുന്ന വാക്കുകൾ ആയിത്തീരുന്നു. അധരങ്ങൾക്ക് കീഴെ സർപ്പവിഷം ഉള്ള നാവിൽ നിന്നും വരുന്ന വാക്കുകൾ മറ്റുള്ളവരെ നശിപ്പിക്കുവാൻ തക്കവണ്ണമുള്ള, ദുഷിക്കുന്ന, ഏഷണി പറയുന്ന, മറ്റുള്ളവരെ തമ്മിലടിപ്പിക്കുന്ന വാക്കുകളായി പതിക്കുന്നു.

യാക്കോബ് 3 : 2 – നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ട് കൊണ്ട് നടത്തുവാൻ ശക്തനായ സൽഗുണപൂർത്തി ഉള്ള പുരുഷൻ ആകുന്നു. വായിൽ നിന്നും പുറത്തുവരുന്ന വാക്കിനാൽ നാം അശുദ്ധരായി തീരുന്നു. നാം വാക്കിനാലും നാവിനാലും മാത്രമല്ല പ്രവർത്തിയിലും സത്യത്തിലും അന്യോന്യം സ്നേഹിക്കുമ്പോൾ നമ്മുടെ വാക്കുകൾ കർത്താവിൻറെ വാക്കുകൾ ആയിത്തീരും.

2 പത്രോസ് 2: 16 – ഉരിയാടാ കഴുത മനുഷ്യ വാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധി ഭ്രമത്തെ തടുത്തുവല്ലോ. അനീതിയുടെ കൂലി കൊതിക്കുന്ന പ്രവാചകൻമാരെ ദൈവം ഇങ്ങനെ ശിക്ഷിക്കുന്നു എങ്കിൽ പ്രവാസകാലം ഭയത്തോടെ ദൈവസന്നിധിയിൽ ഇരിക്കുവാൻ കർത്താവ് നമ്മെ ഏവരെയും സഹായിക്കട്ടെ. നമ്മുടെ വാക്കുകൾ കർത്താവിനു സൗരഭ്യവാസനയായി തീരുവാൻ.. സ്തോത്രം എന്ന യാഗമായി തീരുവാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here