നീയും ഞാനും സീയോൻ യാത്രയിൽ

0
1495

നീയും ഞാനും സീയോൻ യാത്രയിൽ
(മൂന്നാം ഭാഗം)

സൂസൻ പണിക്കർ

നീയും ഞാനും സീയോൻയാത്രയിൽ ആയിരിക്കുമ്പോൾ നമ്മുടെ കണ്ണുകളെ കുറിച്ച് എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നു.

വിശുദ്ധവേദപുസ്തകത്തിൽ മത്തായി സുവിശേഷം 6:22,23-ൽ ഇങ്ങനെ പറയുന്നു; ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു; കണ്ണ് ചൊവുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും.

ഞങ്ങളുടെ ഇവിടെ ഓസ്‌ട്രേലിയയിൽ കണ്ണ് പരിശോധനക്ക് ചെന്നാൽ ആദ്യം അവർ കണ്ണ് സ്കാൻ ചെയ്യും. എന്നിട്ടാണ് മറ്റു ചെക്ക് അപ്പ്കൾ നടത്തുന്നത്. എല്ലാ വർഷവും ഫ്രീ ആയി ഇവിടെ ചെയ്യുന്നതിനാൽ ഞാൻ ആ ടെസ്റ്റ് ചെയ്യാറുണ്ട്. ഇത് വായിക്കുന്ന ചിലരെങ്കിലും ചെയ്തുകാണും. ആ സ്കാൻ റിപ്പോർട്ട് നോക്കിയാൽ നമുക്ക് അതിശയം തോന്നും. രണ്ടു വലിയ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നതുപോലെയാണ് നമ്മുടെ കണ്ണുകൾ. അതിലുള്ള നേരിയ ഞരമ്പുകളും മറ്റും കാണുമ്പോൾ അതിശയം തോന്നും. ഒരു ചെറിയ കുഴപ്പം ഉണ്ടെങ്കിൽ ഡോക്‌ടേഴ്‌സ് പറഞ്ഞുതരും എന്താണ് കുഴപ്പം എന്നു. കണ്ണ് ഒരു നിമിഷം ഒന്ന് അടച്ചുനോക്കിയാൽ സർവവും അന്ധകാരം. നമ്മുടെ ശരീരത്തിലെ വെളിച്ചം തരുന്ന-നമ്മുടെ പ്രീയ കണ്ണുകൾ!! ദൈവത്തിന്റെ സൃഷ്ടിയിലെ ഏറ്റവും മനോഹരമായവ!!

ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു. നാം കണ്ണ് കൊണ്ട് കാണുന്ന അതേ സമയം നമ്മുടെ ചിന്തയായി തലച്ചോറിൽ കയറുന്നു. അവിടെനിന്നും ഹൃദയത്തിലേക്ക് ആ ചിന്ത സംഗ്രഹിക്കുന്നു. നമ്മുടെ ഹൃദയത്തിലേക്ക് നാം കയറ്റുന്ന കാര്യങ്ങൾ എപ്പോഴും നാം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവവചനം പറയുന്നത് കണ്ണ് ചൊവുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും. നാം ചെയ്യുന്ന എല്ലാ പ്രവർത്തികളിലും ആ പ്രകാശം കടന്നുവരും. എന്നാൽ നിങ്ങളുടെയും എന്റെയും കണ്ണ് കേടുള്ളതെങ്കിൽ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. എന്റെ പ്രഭാതപ്രാർത്ഥനയിൽ ഞാൻ ദൈവത്തോട് പറയാറുണ്ട് കർത്താവേ ഞാൻ കാണാത്ത ഒരു പകൽ കൂടെ കാണാൻ അവിടുന്നു എനിക്ക് ഭാഗ്യം തന്നുവല്ലോ? ദൈവഹിതപ്രകാരം ഉള്ളതുമാത്രം കാണുവാൻ, കേൾക്കുവാൻ, പറയുവാൻ കൃപ തരുമാറാകേണം എന്നും നിത്യരാജ്യത്തിൽ ആ സീയോനിൽ എത്തുന്നതുവരെയും യേശുവിനോടൊപ്പം നടക്കുവാൻ സർവ്വശക്തൻ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ!!!

എന്നാൽ നാം പലപ്പോഴും സ്വന്തം കണ്ണിലെ കോൽ എടുക്കാതെ സഹോദരന്റെ കണ്ണിലെ കരട് എടുക്കുന്നവരാണ്. ആദ്യം നാം ചെയ്യേണ്ടത് സ്വന്തം കണ്ണിലെ കോൽ എടുത്തുകളഞ്ഞാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളാവാൻ വെടിപ്പായി തോന്നും (മത്തായി 7:4,5).

കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നവരുണ്ട്, കണ്ണ് അടച്ചു കാണിക്കുന്നവരുണ്ട്, കണ്ണ് ഉരുട്ടി കാണിക്കുന്നവരുണ്ട്, കണ്ണുകൊണ്ട് എയ്യുന്നവരുണ്ട്, കണ്ണുകൊണ്ട് വശ്യം സംസാരിക്കുന്നവരുണ്ട്, ഇങ്ങനെ കണ്ണിന്റെ ഉപയോഗം പലതുണ്ട്.

എന്നാൽ ഒരു ദൈവപൈതലിന്റെ കണ്ണ് എവിടേക്കാണ് എന്ന് വചനത്തിൽ നമുക്ക് നോക്കാം. സങ്കീർത്തനങ്ങൾ 127:1,2 ഞാൻ എന്റെ കണ്ണ് പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്നും വരും? എന്റെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയിൽ നിന്നും വരുന്നു. നമ്മുടെ കണ്ണ് നമ്മുടെ യഹോവയിങ്കലേക്ക് ആണെങ്കിൽ നമ്മെ വഴിനടത്തുന്ന ഒരു ദൈവമാണ് നമ്മുടെ സ്വർഗ്ഗീയപിതാവ്!!!

നാം ഒരു മനുഷ്യന്റെ കണ്ണിലേക്കു സൂക്ഷിച്ചുനോക്കിയാൽ അവരുടെ വിചാരങ്ങളെ ഏറെ കുറെ നമുക്ക് മനസിലാക്കുവാൻ കഴിയും. മനസ്സിന്റെ കണ്ണാടി ആയി നമ്മുക്ക് കാണാൻ കഴിയും. ദുഃഖം വരുമ്പോൾ കണ്ണിൽകൂടി കണ്ണുനീര് വരുന്നു, കരയുന്നു. ദൈവത്തിന്റെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നായ ഈ കണ്ണ് നാം എങ്ങനെ സൂക്ഷിക്കണം?

നമ്മുടെ കർത്താവിന്റെ ദൃഷ്ടി തന്റെ ഭക്തന്മാരുടെ മേലും തന്റെ ദയക്കായി പ്രത്യാശിക്കുന്നവരുടെ മേലും ഇരിക്കുന്നു (സങ്കീർത്തങ്ങൾ 33:18).

ഇയ്യോബിന്റെ കഷ്ടതയുടെ അനുഭവങ്ങൾ നമുക്ക് അറിയാവുന്ന കാര്യം ആണ്. എല്ലാം നഷ്ടപ്പെട്ട ഭക്തൻ ദൈവത്തെ തള്ളി പറഞ്ഞില്ല. ഇയ്യോബ്ബ് 42:5 ഇങ്ങനെ പറയുന്നു “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു”.

എന്റെ ഈ എളിയ ലേഖനം വായിക്കുന്ന ദൈവപൈതലേ, ചില കഷ്ടതകൾ നമ്മുടെ ജീവിതത്തത്‍ വരുന്നത് നമ്മുടെ സ്വന്തം കണ്ണാൽ ദൈവത്തെ കാണുവാനാണ്. അപ്പോൾ നമ്മുടെ കണ്ണുകൾ പ്രകാശം കൊണ്ട് നിറയും; സന്തോഷ കണ്ണുനീരാൽ മനം തണുക്കും.

നമ്മുടെ ഈ സീയോൻ യാത്രയിൽ നമ്മുടെ കണ്ണുകൾ കർത്താവിനെ എപ്പോഴും തിരയുന്ന കണ്ണുകളായി തീരട്ടെ!!! കണ്ണിന്റെ കൃഷ്ണമണി പോലെ നമ്മെ കാക്കുന്ന ദൈവം…. നമ്മുടെ കണ്ണ് നേർ കാണുവാൻ മാത്രം ആയിരിക്കട്ടെ. അതിനായി സർവ്വശക്തൻ നമ്മെ ശാക്തീകരിക്കട്ടെ.

“ഞാനോ നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും” (സങ്കീർത്തങ്ങൾ 17:15)

പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ തന്നെ ദൈവമുഖം കണ്ട്‌ തൃപ്തരാകുവാൻ, നല്ലതു മാത്രം കണ്ടു നമ്മുടെ ശരീരവും ജീവിതവും പ്രകാശവ ഊർജ്ജിതവും ആയി തീരുവാൻ നമ്മുടെ യേശു നമ്മളിൽ പകർന്നിട്ടുള്ള പരിശുദ്ധാത്മാവിനാൽ നമ്മെ ഓരോരുത്തരെയും സഹായിക്കുമാറാകട്ടെ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here