മുക്കാല്‍ നൂറ്റാണ്ടിന്‍റെ കണ്‍വന്‍ഷന്‍ ഓര്‍മകളുമായി പാസ്റ്റര്‍ റ്റി.എ. ചെറിയാന്‍
സന്ദീപ് വിളമ്പുകണ്ടം | കുമ്പനാട് വിശേഷങ്ങൾ

കുമ്പനാട് വിശേഷങ്ങൾ
മുക്കാല്‍ നൂറ്റാണ്ടിന്‍റെ കണ്‍വന്‍ഷന്‍ ഓര്‍മകളുമായി പാസ്റ്റര്‍ റ്റി.എ. ചെറിയാന്‍
സന്ദീപ് വിളമ്പുകണ്ടം
കുമ്പനാട് കണ്‍വന്‍ഷനെക്കുറിച്ചുള്ള മുക്കാല്‍ നൂറ്റാണ്ടിന്‍റെ മാധുര്യമുള്ള ഓര്‍മകളുടെ ഫ്രെയിമിലാണ് ഐപിസിയിലെ സീനിയര്‍ ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ റ്റി.എ. ചെറിയാന്‍. ഉച്ചമയക്കത്തിന്‍റെ ആലസ്യത്തിലായിരിക്കുമ്പോഴാണ് ഞാനും സജി മത്തായി കാതേട്ടും കറുകച്ചാലിലെ താബോറില്‍ എത്തിയത്. ചെറുപ്രായത്തില്‍ തുടങ്ങി 94 വയസ്സുവരെയുള്ള അക്കാലയളവിലെ കുമ്പനാട് കണ്‍വന്‍ഷന്‍ വിശേഷങ്ങള്‍ പങ്കിടുമ്പോള്‍ അദ്ദേഹം ഒരു യുവാവിനെ പോലെ ആവേശഭരിതനായി. മിക്കവാറും കണ്‍വന്‍ഷനുകളിലും ഭാര്യ മേരികുട്ടിയും ഒത്തു പോയതിന്‍റെ ഓര്‍മ്മകള്‍ പാസ്റ്റര്‍ റ്റി.എ. ചെറിയാന്‍ ഓര്‍ത്തെടുത്തു.
അദ്ദേഹത്തിന്‍റെ ചില വാക്കുകള്‍: 'സാറപ്പച്ചന്‍റെ കാലത്തു ഒരു കണ്‍വന്‍ഷന്‍ കൂടിയാല്‍, അടുത്ത കണ്‍വന്‍ഷന്‍ വരെ ഞങ്ങള്‍ കാത്തിരിക്കും, അത്രമാത്രം സ്വാധീനമാണ് കുമ്പനാട്ടിലെ ഒത്തുകൂടല്‍ ജനങ്ങളില്‍ ചെലുത്തിയത്. യാഗപീഠത്തിലെ അഗ്നി, സ്വര്‍ഗം തുറന്ന ഏഴു സന്ദര്‍ഭങ്ങള്‍, ഏഴു പറുദീസ, പലസ്തീന്‍ പ്രത്യാഗമനം ഇതു മാത്രമായിരുന്നു അന്നത്തെ പ്രസംഗങ്ങള്‍. ശ്രോതാക്കള്‍ക്ക് സ്വര്‍ഗീയ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അനുഭവങ്ങളായിരുന്നു അക്കാലത്ത്."
സാറാപ്പച്ചന്‍റെ പ്രസംഗങ്ങള്‍ക്ക് വാക്യം വായിക്കുവാനും, ഏറ്റു പറയുവാനും ലഭിച്ച അവസരങ്ങളെ അദ്ദേഹം ഒരു ഭാഗ്യ പദവിപോലെ വര്‍ണ്ണിച്ചു. 40 വര്‍ഷം കുമ്പനാട് കണ്‍വന്‍ഷനില്‍ ക്വയര്‍ ലീഡര്‍ സ്ഥാനം വഹിച്ച അദ്ദേഹത്തിന് ഓര്‍ക്കാന്‍ അനവധിയായിരുന്നു. അന്നത്തെ ആത്മീയ ആരാധനകള്‍, അടയാളങ്ങള്‍, അത്ഭുതങ്ങള്‍, അഭിഷിക്തരായ വിദേശ മിഷനറിമാരുടെ പ്രസംഗങ്ങള്‍ തുടങ്ങിയവ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആവേശം പറഞ്ഞറിയിക്കുവാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന 99-ാമതു കുമ്പനാട് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് അദ്ദേഹം.
അദ്ദേഹത്തിന്‍റെ അനുഗ്രഹ പ്രാര്‍ത്ഥനയോടെയും, നൂറാം കണ്‍വന്‍ഷനിലും ആരോഗ്യത്തോടെ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന ആശംസകള്‍ അര്‍പ്പിച്ചും ഞങ്ങള്‍ താബോര്‍ വീട്ടില്‍ നിന്നിറങ്ങി.
Advertisement