'മത്സര'മല്ല താലന്ത് പരിശോധന
'മത്സര'മല്ല താലന്ത് പരിശോധന
പെന്തക്കോസ്തു യുവജന പ്രസ്ഥാനങ്ങൾക്ക് ഏറ്റവും സുപരിചിതമായ പേരാണ് 'താലന്ത് പരിശോധന'. ഐ.പി.സി പ്രസ്ഥാനത്തിലെ യുവജനങ്ങൾ മാത്രമല്ല ക്രൈസ്തവ കൈരളിയിലെ പെന്തക്കോസ്തു ഉപദേശങ്ങൾ മുറുകെ പിടിക്കുന്ന യുവജന പ്രസ്ഥാനങ്ങൾ മിക്കവരും തന്നെ നെഞ്ചിലേറ്റിയ അവരുടെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക പ്രോഗ്രാമുകളിൽ ഒന്ന്. എന്നാൽ ഈ പേര് വന്നതിന്റെ പിന്നിൽ ഒരു ചെറുചരിത്രമുണ്ട്.
1980കൾ മുതൽ പി.വൈ.പി.എയ്ക്ക് ഒരു പുതിയ മുഖം രൂപപ്പെട്ടു. മലങ്കരയിലെ അഗ്നിനാവുള്ള പ്രഭാഷകൻ എന്ന് പിൽക്കാലത്തു അറിയപ്പെട്ട പാസ്റ്റർ കെ. സി. ജോൺ പി.വൈ.പി.എയിലൂടെ ആത്മീക നേതൃത്വത്തിലേക്ക് എത്തിയ കാലഘട്ടം. യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് യുവജനങ്ങളുടെ ഇടയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ദീർഘ വർഷങ്ങൾ പി വൈ പി എ നയിച്ച പ്രൊ. റ്റി സി മാത്യു സ്ഥാനം ഒഴിഞ്ഞ ശേഷം വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യ മായിരുന്നു തന്റെ മുമ്പിലുണ്ടായിരുന്നത്. അത് സധൈര്യത്തോടെ ഏറ്റെടുത്തു യുവമനസുകളെ കീഴടക്കി മുന്നേറാൻ പാസ്റ്റർ കെ. സി. ജോണിനു കഴിഞ്ഞു എന്നത് തർക്കമറ്റ സംഗതിയാണ്.
യുവജനങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കുവാൻ നടത്തിവന്ന മത്സരങ്ങൾ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നടന്നു വന്നിരുന്നത്. ജനറൽ ക്യാമ്പിനോടനുബന്ധിച്ചാണ് മത്സരങ്ങൾ നടത്തി വന്നിരുന്നത് എന്നാൽ ആത്മീക പ്രസ്ഥാനം എന്ന നിലയിൽ മത്സരം എന്ന വാക്കിനോട് ഐ.പി.സിയുടെ അതികായകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ പി.എം. ഫിലിപ്പ് ഉൾപ്പെടെയുള്ള പല ദൈവദാസന്മാർക്കും താല്പര്യം ഉണ്ടായിരുന്നില്ല. പാസ്റ്റർ കെ. സി. ജോണിനെ കാണുമ്പോഴൊക്കെ പാസ്റ്റർ പി. എം. ഫിലിപ്പ് മത്സരം എന്ന വാക്ക് ഒഴിവാക്കണമെന്നും 'മത്സരികൾ വരണ്ട നിലത്തു പാർക്കുമെന്നതാണ് ദൈവവചനം' എന്നും നർമത്തിൽ പൊതിഞ്ഞു വളരെ ഗൗരവ മായി തന്നെ പറയുമായിരുന്നു എന്ന് പാസ്റ്റർ കെ. സി. ജോൺ ഓർത്തെടുക്കുന്നു.
ആ പ്രാവശ്യത്തെ മത്സരങ്ങളുടെ ചുമതല ഏൽപ്പിച്ചിരുന്നത് കോട്ടയം സെന്റർ പി.വൈ.പി.എയുടെ സെക്രട്ടറിയും സംസ്ഥാന താലന്ത് കൺവീനറുമായ റോയ് വാകത്താനത്തെ ആയിരുന്നു. അദ്ദേഹം ഇതിന് പ്രത്യേക താല്പ്‌പര്യം എടുത്തിരുന്നു. വിശദമായ ചർച്ചകൾക്കായി പി.വൈ.പി.എയുടെ ജന റൽ സെക്രട്ടറിയായിരുന്ന ബ്രദർ ടി. എം. മാത്യുവിനെ കണ്ടു. അവരുടെ ദീർഘസമയത്തെ ചർച്ചകളിൽനിന്നും ഉടലെടുത്തതാണു 'ടാലെന്റ് ടെസ്റ്റ്' എന്ന ഇംഗ്ലീഷ് പദം റോയ് വാകത്താനം തന്നെ മലയാളവത്കരിച്ചു 'താലന്ത് പരിശോധന' എന്നാക്കി.
പെന്തക്കോസ്തു യുവജന സംഘടനയിലാണ് ആദ്യം ഉപയോഗിച്ചതെങ്കിലും പിന്നീട് മറ്റുള്ള യുവജന പ്രസ്ഥാനങ്ങളും അതേറ്റെടുത്തു.
ഇന്ന് പെന്തക്കോസ്‌തു യുവജന സംഘടനയുടെ ഏറ്റവും ആവേശകരമായ പ്രോഗ്രാമാണ് താലന്ത് പരിശോധന.