വീണ്ടും കർമ്മനിരതനായി ഡോ. മുരളീധർ

വീണ്ടും കർമ്മനിരതനായി ഡോ. കെ. മുരളീധർ
ഗുഡ്ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ടും, പ്രമോഷണൽ സെക്രട്ടറി കെ.ജെ.ജോബും ഡോ.കെ.മുരളീധറുമായി സംഭാഷണത്തിൽ
പുതുവർഷത്തെ നന്മ നുകരാൻ ദൈവം നല്കിയ അവസരങ്ങളാർത്ത് പുഞ്ചിരി തൂകുകയാണ് ഡോ. കെ. മുരളീധർ. മരണ താഴ്വരയുടെ കൂരുരുട്ടിൽപ്പെട്ടുഴന്ന കോവിഡ് കാലത്തെ ഭയാശങ്കകളെ പ്രത്യാശ കൊണ്ട് നേരിട്ട് വിശ്വാസത്തോടെ ജീവിക്കുകയാണ് അദ്ദേഹം. ലോകമെമ്പാടുമുള്ളവരുടെ മനമുരുകിയ പ്രാർഥനയ്ക്ക് ഉത്തരമായി വേദികളിൽ വീണ്ടും സജീവമാവുകയാണ് ഡോ മുരളീധർ.
കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന ഒരു സമ്മേളനത്തിൽ ഒരു മണിക്കൂറിലേറെ പ്രസംഗിക്കുകയും ഊർജ്ജസ്വലതയോടെ സജീവമാവുകയും ചെയ്തു. പ്രസംഗങ്ങളിലേറെയും മരണത്തിൽ നിന്നും രക്ഷിച്ച ദൈവത്തിനുള്ള നന്ദിയർപ്പണമായിരുന്നു.
കൊറോണയുടെ രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിഞ്ഞപ്പോൾ 'ഡോ.മുരളീധർ യാത്രയായി' എന്നു പോലും സോഷ്യൽ മീഡിയയിൽ വാർത്ത വന്ന സാഹചര്യം ആരും മറന്നിട്ടില്ല. ലോകമെമ്പാടുമുള്ളർ ശ്രദ്ധയോടെ പ്രാർത്ഥിച്ച ഏക വിഷയം ഡോ.മുരളീധരന്റെ സൗഖ്യമായിരുന്നു. മികച്ച ഒരു മിഷണറി ഡോക്ടറെ ദൈവം മടക്കിക്കിത്തന്നത് ഒരു പുതുവത്സര സമ്മാനമായിട്ടാണ് വിശ്വാസി സമൂഹം കരുതുന്നത്.
കഴിഞ്ഞ കാലത്തെക്കാളും അനേകകാതം സുവിശേഷത്തിനായി ഓടണമെന്ന ആശയാണ് ഡോക്ടർ ഗുഡ്ന്യൂസിനോട് പങ്കിട്ടത്. ആ ഓട്ടത്തിൽ ഗൈനക്കോളജിസ്റ്റായ ഭാര്യ ഡോ.ഏലിയാമ്മ മുരളീധറും ഒപ്പമുണ്ട്.
1965 ൽ പോണ്ടിച്ചേരിയിൽ ഒരു മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുന്ന കാലം. അന്ന് അവിചാരിതമായി പങ്കെടുത്ത ഒരു ചെറിയ ഭവന പ്രാർത്ഥനാന്തരമാണ് മുരളീധർ യേശുക്രിസ്തുവിനെ കണ്ടു മുട്ടിയത്. പിതാവിന് തൻ്റെ ഏകമകനിലെ ഈ മാറ്റം ഉൾക്കൊള്ളാനായില്ല.
1967 സെപ്റ്റംബറിൽ പോണ്ടിച്ചേരിയിലെ കടലിലാണ് മുരളിധർ സ്നാനമേറ്റത്. സ്നാനശുശ്രുക്ഷ നിർവ്വഹിച്ച പാസ്റ്റർ സുന്ദരം പറഞ്ഞു. "ജോലിയോടൊപ്പം സുവിശേഷം പങ്കുവയ്ക്കുക. ദരിദ്രരിൽ ദരിദ്രരായവരെ സഹായിക്കുക". ഒരു മെഡിക്കൽ ഡോക്ടർക്ക് ആ ഉപദേശം പകർന്നു നല്കിയ ഊർജ്ജത്തിൽ തന്നാലാവോളം പ്രയത്നിച്ചു. ഇപ്പോഴും അതു മുടക്കമില്ലാതെ തുടരുന്നു. പ്രത്യേക നിയോഗമനുസരിച്ച് ട്രൈബൽ മിഷൻ്റെ ഭാഗമായി. മുൻ നിര പോരാളിയായി പ്രവർത്തിക്കുന്നു. അൻപത്തിനാലിലധികം ഗോത്ര വിഭാഗങ്ങളിൽനിന്ന് രക്ഷയിലേക്ക് വരുന്ന വരുന്ന യുവതീ യുവാക്കൾക്ക് ട്രയിനിംഗ് കൊടുക്കുക, അവരെ ആ സമൂഹങ്ങളിലേക്ക് അയക്കുക എന്ന ആ ദൗത്യം അഭംഗുരം തുടരുന്നു.
അട്ടപ്പാടിയിലെ എല്ലാ നിലയിലുമുള്ള പിന്നോക്കാവസ്ഥ മനസിലാക്കിയ മുരളീധർ തിരുവനന്തപുരം ശ്രീ ചിത്രയിലേയും കൊല്ലം ബെൻസിഹർ ഹോസ്പിറ്റലിലേയും ജോലികൾ ഉപേക്ഷിച്ചാണ് അവിടെയെത്തിയത്. ബഥനി സ്കൂളും ബഥനി ഹോസ്പിറ്റലും വളരെ ചെറിയ തുടക്കങ്ങളായിരുന്നു. ഒട്ടേറെ ത്യാഗവും, വെല്ലുവിളികളും അതിജീവിച്ച് ദൈവത്തിൻ്റെ മഹാ കരുണയാൽ അത് ഇന്നും അനേകർക്ക് ആശ്വാസമാവുന്നു.
ഇനിയും ഒട്ടേറെ കാതങ്ങൾ സഞ്ചരിക്കുവാനും, ലഭിച്ച വലിയ ദൗത്യം നിർവ്വഹിക്കുവാനും ഈ കാർഡിയോളജി മിഷണറി ഡോക്ടർക്ക് സാധിക്കട്ടെ.