മരണത്തോട് ‘ബൈ’ പറഞ്ഞ് നിറപുഞ്ചിരിയുമായി ടൈറ്റസ്

0
2806

ടോണി ഡി ചെവ്വൂക്കാരൻ

കൊല്ലം: മരണത്താഴ് വരയിൽ നിന്നും ‘വീണ്ടും ജനിച്ച ‘ ടൈറ്റസ് ശാസ്ത്രലോകത്തിനു അത്ഭുതമാവുകയാണ്. കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഏഴു തവണ മരണമുഖത്ത് നിന്നും തിരികെ ജീവിതത്തിലേക്ക് വന്ന
അത്ഭുത സാക്ഷ്യത്തിൻ്റെ അനുഭവമാണ്
പള്ളിശേരിക്കൽ ബഥേൽ വീട്ടിൽ ടൈറ്റസിനു പറയാനുള്ളത്.
ജൂലൈ ആറിനാണ് 52 കാരനായ ടൈറ്റസിനു കോവിഡ് രോഗം ബാധിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയത്. ആഞ്ഞിലംമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസ് ശാസ്താംകോട്ട രാജഗിരി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

ഡയബറ്റിക് രോഗിയായ ടൈറ്റസിൻ്റെ കിഡ്നി ഉൾപ്പെടെ ആന്തരികാവയവങ്ങൾ എല്ലാം തകരാറിലായി. 43 ദിവസം വെൻറിലേറ്ററിൽ ആയിരുന്ന ടൈറ്റസ് 20 ദിവസം അബോധാവസ്ഥയിൽ കിടന്നു.

വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാർ ടീമായി ചികിത്സ ഏറ്റെടുത്തു. ടൈറ്റസിൻ്റെ ആന്തരികാവയങ്ങൾ പലതും പ്രവർത്തനക്ഷമമല്ലാതായി. വൃക്കരോഗം കലശലായി. 30 തവണ വെൻറിലേറ്ററിൽത്തന്നെ ഡയാലിസ് ചെയ്തു. നിരന്തരം ഡയാലിസിസ് വേണ്ടി വന്നതിനാൽ ആറു ലക്ഷം രൂപ ചെലവിൽ ഐ സി യു വിൽ തന്നെ മെഷിനുകൾ സ്ഥാപിച്ചു.

അതിനിടയിൽ കോവിഡ് നെഗറ്റീവ് ആയതിനെത്തുടർന്ന്
ഓഗസ്റ്റ് 17 ന് വെൻറിലേറ്ററിൽ നിന്നും മാറ്റിയെങ്കിലും സ്ഥിതി ഗുരുതരമായി തുടർന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം പരാമാവധി പരിശ്രമിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ  ബന്ധുക്കളെയെല്ലാം അറിയിച്ചു കൊള്ളുവെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതീക്ഷകളെല്ലാം പൊലിഞ്ഞ് ടൈറ്റസിൻ്റെ മരണം ഉറപ്പാക്കിയ സമയത്താണ് അനേകരുടെ പ്രാർത്ഥനാ ഫലമായി ജീവൻ്റെ ദാതാവായ ദൈവം വെൻ്റിലേറ്ററിലേക്ക് ഇറങ്ങി വന്നത്. 
നഷ്ടപ്പെട്ട ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്തു.

ടൈറ്റസ് ഇപ്പോൾ  ആരോഗ്യവാനായി ഭവനത്തിൽ കഴിയുന്നുവെന്നും 
അത്ഭുതം സ്വന്തം കണ്ണാൽ കണ്ടതിൻ്റെ സന്തോഷത്തിലുമാണ് താനിപ്പോഴെന്നു  സഹോദരി പുത്രൻ  രാജീവ് ഗുഡ്ന്യൂസിനോട് പറഞ്ഞു. 

വൈദ്യശാസ്ത്രത്തിനു വെല്ലുവിളിയായ ടൈറ്റസിൻ്റെ ചികിത്സയ്ക്കായി സർക്കാർ 32 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ടൈറ്റസിൻ്റെ ഭാര്യ ലൈലാ മേരിയും രണ്ടു മക്കളുമടക്കം ഭവനത്തിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.എല്ലാവരും രോഗമുക്തരാണിപ്പോൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here