വാക്കും നാക്കും

പാസ്റ്റർ ബാബു ചെറിയാൻ |തിരുവചന ദീപം

വാക്കും നാക്കും

തിരുവചന ദീപം

വാക്കും നാക്കും

"ക്ക സമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങ പോലെ"  സദൃ.: 25:11

ട്ടും വിശ്രമമില്ലാതെ പ്രവർത്തിക്കപ്പെടുന്ന മനുഷ്യ അവയവങ്ങളിൽ ഒന്നാണ് നാവ്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും നാവിങ്ങനെ ഉപയോഗിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. കുരങ്ങന്മാർ സദാ ചാടികൊണ്ടിരിക്കുന്നു. ആന എപ്പോഴും തുമ്പി ചലിപ്പിക്കുന്നു. നായ വാലാട്ടുന്നു. കിളികൾ ചിറകടിക്കുന്നു. എന്നാൽ മനുഷ്യൻ വായിട്ടലക്കുന്നു. ജനിച്ചു വീണ അന്ന് തുടങ്ങിയ ശബ്ദമാണ് മരണസമയത്തു നിലയ്ക്കുന്നത്. ജോലി നിർത്തിയാലും നടപ്പു തുടരാം എങ്കിലും, കിടപ്പായാൽ നാവോഴിക എല്ലാ അവയവങ്ങൾക്കും വിശ്രമം തുടങ്ങും. നാവു പണിമുടക്കിയാൽ മരണം അടുത്തു എന്നുറപ്പിക്കാം.

ഒരു ദിവസം നാം പറയുന്ന വാക്കുകൾ എത്ര എന്നും എന്തിനുവേണ്ടി എന്നും നാം ചിന്തിക്കാറില്ല. ഇന്ന് കേരളം ക്യാമറയുടെ നിഴലിലാണെങ്കിലും ചിത്രമല്ലാതെ ശബ്ദം രേഖപ്പെടുത്തുന്നില്ല. ഒരിക്കലെങ്കിലും നമ്മുടെ വാക്കുകളെ നാം തന്നെ ഒന്നു തൂക്കിനോക്കിയെങ്കിൽ. നന്നായിരുന്നു മനുഷ്യൻ പറയുന്ന ഏതുനിസ്സാരവാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു പറയേണ്ടി വരുമെന്നുള്ള തിരുവചനം പലരും കാണുന്നില്ല എന്ന് തോന്നുന്നു. ചില വചനങ്ങൾക്കു അമിത പ്രാധാന്യം കൊടുക്കുകയും മറ്റു പലതും കണ്ടില്ലെന്നു നടിക്കയും ചെയ്യുന്നതു ശരിയാണോ? "വ്യഭിചാരം ചെയ്യരുതെന്ന് കല്പിച്ചവൻ കൊല ചെയ്യരുതെന്നും കല്പിച്ചിരിക്കുന്നു. ഇന്നത്തെ കൊല് കത്തികൊണ്ടല്ല കമ്പ്യൂട്ടർ കൊണ്ടാണെന്നു മാത്രം. പേന കൊണ്ടും സോഷ്യൽ മീഡിയകൊണ്ടും എത്രയോ പേരെയാണ് കൊന്നുകൊണ്ടിരിക്കുന്നത്. പക്ഷേ ഇവരൊക്കെ വ്യഭിചാരത്തെ വലിയ പാപമായി കൊട്ടിഘോഷിക്കയും ചെയ്യുന്നു. രണ്ടും പാപം തന്നെ. പക്ഷെ ഒന്നിനധികം പ്രാധാന്യമുണ്ടോ? നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കയും എന്റെ നാവിനെ കടിഞ്ഞാണിട്ടു സൂക്ഷിക്കയും ചെയ്യുമെന്ന് നമുക്ക് ദൈവസന്നിധിയിൽ തീരുമാനിക്കാം. നിങ്ങളുടെ വാക്കുകൾ ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും ഇരിക്കട്ടെ എന്ന ദൈവശബ്ദം മറക്കല്ലേ.

ജീവൻ, ദീർഘായുസ്സ് എന്നിവ ആഗ്രഹിക്കാത്ത ആരാണുള്ളത്. ഇതു ലഭിക്കാൻ നാവിനെ സൂക്ഷിക്കണമെന്നു തിരുവചനത്തിൽ രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നു. ജീവന്റെയും മരണത്തിന്റെയും താക്കോൽ നാവിൽ തന്നെ എന്നതും വചന സന്ദേശം തന്നെ. സഹോദരനെ നിസാര, എന്നോ മൂഢൻ എന്നോ വിളിച്ചാലുള്ള ശിക്ഷ അറിയാമോ? ഞങ്ങൾ വിളിക്കുന്നില്ല എഴുതുന്നതേയുള്ളൂ എന്നാശ്വസിക്കുകയാണോ? നമ്മൾ എവിടേക്കാണ്. ഒരു ചെറിയ മോതിരം ഇടുന്നവരെ കുറ്റം വിധിക്കുന്ന നമ്മൾ പലിശക്കാരുടെ നേരെ കണ്ണടയ്ക്കുമ്പോൾ കൊതുകിനെ അരിക്കയും ഒട്ടകത്തെ വിഴുങ്ങുകയുമല്ലേ? സ്വർണ്ണനിറമുള്ള വാച്ചു കെട്ടുന്നവരെ അപമാനിച്ച നമ്മൾ സ്വർണ്ണകള്ളകടത്തുകാർക്കും കുട പിടിക്കുമോ എന്നു സംശയിച്ചാൽ അതിശയമുണ്ടോ?

നാവും ഒരു തീ തന്നെ എന്ന് യാക്കോബ് അപ്പോസ്തലൻ പറയുന്നതിന്റെ അർത്ഥം നാം ഇനിയും മനസ്സിലാക്കാൻ ഉണ്ട്. തീയില്ലാതെ മനുഷ്യനു ജീവിക്കാൻ പറ്റില്ല. ഭക്ഷണം തയ്യാറാക്കാൻ തീ അത്യാവശ്യം. തീവണ്ടി മാത്രമല്ല എല്ലാവണ്ടികളും തീയാൽ തന്നെയാണ് ചലിക്കുന്നത്. ലോകത്തെ നിയന്ത്രിക്കുന്നതുതന്നെ അഗ്നിയാണെന്നു പറയാം. എന്നാൽ ബ്രഹ്മപുരത്തെ തീയണയ്ക്കാൻ സാധിക്കാതെ എറണാകുളം മുഴുവൻ പുകനിറഞ്ഞ നാളുകൾ മറക്കാറായിട്ടില്ല. കഴിഞ്ഞദിവസം കാനഡയിലെ തീ അണക്കാൻ വൈകിയപ്പോൾ ന്യൂയോർക്കു മുഴുവൻ പുകകൊണ്ടു നിറഞ്ഞതും നാം വായിച്ചു.

സഹോദരങ്ങളെ നമ്മൾ നാൾതോറും പുറപ്പെടുവിക്കുന്ന തീ നല്ലതിനായി ഉപയോഗിച്ചാൽ നമ്മുടെ നാടുണരും. തളർന്നിരിക്കുന്നരെ വാക്കുകൊണ്ടു താങ്ങുവാൻ നമുക്കു കഴിയും. നമ്മുടെ നാവിനെ ദൈവത്തിനു സമർപ്പിച്ചാൽ അവിടുന്നതിനെ അച്ചടക്കം ചെയ്തു ആശ്വാസപ്രദമാക്കും. നീ അധമമായതുപേക്ഷിച്ച് ഉത്തമമായതു പ്രസ്താവിച്ചാൽ നിന്റെ വായ് സർവ്വ ശക്തന്റെ വായപോലെയാകും എന്ന തിരുവചനം ആയിരം പ്രാവശ്യം വായിക്കേണ്ട കാലമാണിത്. എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോലാകുന്നു എന്ന് സങ്കീർത്തനക്കാരൻ പറയുമ്പോൾ നമുക്കും ചേർന്ന് പറയാൻ കഴിഞ്ഞെങ്കിൽ സമർത്ഥനായ ആ ലേഖകൻ നമ്മുടെ വാക്കിനെയും നാക്കിനെയും അനേകരുടെ ആശ്വാസത്തിനായി ഉപയോഗിക്കുമായിരുന്നു.

കൂടുതൽ ധ്യാനത്തിന് PSALMS: 45: 1, JEREMIAH: 15: 19, ISAIAH: 50: 4, JAMES: 3:6, MATTHEW: 5: 22, PSALMS: 34: 12, 13

Advertisement