അമ്മയും ഹേമയും
തിരുവചന ദീപം
അമ്മയും ഹേമയും
പാസ്റ്റര്‍ ബാബു ചെറിയാന്‍
എനിക്ക് എന്റെ അമ്മയോട് ഒത്തിരി സ്നേഹമാണ്. എന്നെ ഏറ്റവും സ്വാധീനിച്ചതും, ഞാൻ ഒരു പാസ്റ്ററായി കാണാൻ ഏറ്റവും അധികം ആഗ്രഹിച്ചതും എന്റെ അമ്മ തന്നെയായിരുന്നു.ഞങ്ങൾക്ക് കാറപകടമുണ്ടായി കാര്യമായ പരിക്ക് പറ്റിയപ്പോൾ അമ്മയെ അറിയിക്കരുത് എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. അതെ സമയം അമ്മ കട്ടിലിൽ നിന്ന് വീണു കാലിന്റെ അസ്ഥിക്കു പൊട്ടലുണ്ടായി ആലത്തൂർ ക്രസന്റ് ആശുപത്രിയിലും, ഞങ്ങൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കിടക്കുകയാണ്. എനിക്ക് ഒരു വിധം സുഖമായപ്പോൾ ഞാൻ ആലത്തൂരുപോയി അമ്മയെ കണ്ടു. ആ കിടക്കയിൽ കിടന്നുകൊണ്ട് അമ്മ പറഞ്ഞു ബാബു വന്നല്ലോ എനിക്ക് പോകാമല്ലോ. ഞങ്ങൾ പ്രാർത്ഥിച്ചു അധികം ദിവസം കഴിയുന്നതിനു മുമ്പ് സ്വർഗ്ഗത്തിലേക്കു പോയി.
അമ്മ എനിക്ക് വേണ്ടി സ്വർഗ്ഗത്തിൽ പ്രാർത്ഥിക്കുന്നുവെന്ന് പറയാൻ പാടില്ല, അമ്മയും സകല വിശുദ്ധന്മാരും വിശ്രമാവസ്ഥയിലാണല്ലോ. കർത്താവിന്റെ അമ്മ പോലും നമുക്കുവേണ്ടി അപേക്ഷിക്കുന്നുവെന്ന് പഠിപ്പിച്ചാൽ അത് വചന വിരുദ്ധമാണ്.അവരൊക്കെ നമ്മെയും നമ്മുടെ പ്രവർത്തനങ്ങളെയും കാണുന്നുവെന്ന് ചിന്തിക്കാം. സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്ക് ചുറ്റും നിൽക്കുന്നു എന്നാണല്ലോ അപ്പോസ്തലൻ ആത്മാവിൽ പറയുന്നത്. അവർ നമുക്ക് മുമ്പേ ഓടി ഓട്ടം തികച്ചവരാണ്. അവർ ഗാലറിയിലിരുന്നു നവ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എബ്രായർ 12:1,2 വാക്യങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും അവരെയല്ല വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ തന്നെ നമുക്ക് നോക്കാം.
ഇത്രയൊക്കെ പറഞ്ഞത് 2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മലയാള മിഡിയാകളിൽ അമ്മയുടെ കാര്യമാണ് എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അമ്മ അനാഥമായിരിക്കുന്നു.പണ്ടൊക്കെ നമ്മുടെ നാട്ടിൽ അനാഥ കുട്ടികളും അനാഥാലയങ്ങളുമുണ്ടായിരുന്നു. ഇന്ന് അതുമാറി അമ്മ കിളിക്കൂടും അപ്പൻ കിളികൂടും ധാരാളമായിട്ടുണ്ടാകുന്നു.അനാഥ അമ്മമാർ വർദ്ധിച്ചിരിക്കുന്നു.സാക്ഷരതയ്ക്ക് മുമ്പിൽ നിൽക്കുന്ന കേരളത്തിന് ഇത് അപമാനമാണ്. ഒരു ഹേമാ കമ്മറ്റി വന്നപ്പോൾ വല്ലാത്തൊരു വെപ്രാളമാണ് പലർക്കും. ഇതിന്റെയൊക്കെ പിന്നിൽ നാം അറിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്.അതൊന്നും ശരിയാക്കാൻ നമുക്ക് കഴിയുകയുമില്ല.എന്നാൽ ദൈവമക്കളായ നമ്മൾ ഇതിൽ നിന്നെല്ലാം ചിലതു പഠിക്കണം.
നമ്മുടെ കർത്താവു മടങ്ങി വരും.അവൻ ഒരു കമ്മറ്റിയെയും ഏൽപ്പിക്കാതെ നേരിട്ട് കാര്യം തീർക്കും.അന്നാളിൽ നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കട്ടെ.അത് ഇപ്പോഴേ ചിന്തിക്കാം.ഉത്തരവാദിത്വത്തോടെ ക്രിസ്തീയ ജീവിതം നയിക്കാം.സ്റ്റാർ പ്രീച്ചർ ആയാലും അത്ഭുതങ്ങൾ പ്രവർത്തിച്ചാലും ലക്ഷകണക്കിന് ലൈക്കും ഷെയറും കിട്ടിയാലും അഗ്നിജ്വാല പോലെ കണ്ണുള്ളവനെ കബളിപ്പിക്കാൻ കഴിയില്ല.പത്രോസ് അപ്പോസ്തലൻ തന്റെ രണ്ടു ലേഖനങ്ങൾകൊണ്ടും ഒറ്റകാര്യമാണ് ഓർപ്പിക്കുന്നത്.അത് മറ്റൊന്നുമല്ല, കർത്താവിന്റെ മടങ്ങി വരവാണ്."ചിലർ താമസമെന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്വം നിവർത്തിപ്പാൻ താമസിക്കുന്നില്ല.ആരും നശിച്ചുപോകാതെ എല്ലാവരും മനസാന്തരപ്പെടണമെന്നആഗ്രഹം കൊണ്ടാണ് ഇത്രെയും വൈകിയത്.നമുക്ക് സ്വയം ഒരുങ്ങാനും ചിലരെ ഒരുക്കാനും ഉത്സാഹിക്കാം.
സിനിമക്കാർ ഒരു കാര്യം മനസിലാക്കണം. ഈ സമൂഹത്തെ തിന്മയിലേക്ക് തള്ളിവിടുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മ്ലേച്ഛമായ കാര്യങ്ങൾക്കു നിങ്ങൾ മാന്യതയുടെ ഉടുപ്പിടുവിച്ചു. എങ്ങനെ വിദഗ്ദമായി കൊല നടത്താം, കൊള്ള നടത്താം, കിഡ്നാപ്പ് ചെയ്യാമെന്നു നിങ്ങൾ സമൂഹത്തെ പഠിപ്പിച്ചു. ചില ആശയങ്ങൾ മനുഷ്യ മനസുകളിൽ എത്തിക്കാനും സമൂഹത്തിലെ അനാചാരങ്ങളെ തുറന്നു കാട്ടുവാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ടന്നുള്ളതു സത്യമാണ്. പക്ഷെ കുടുംബം എന്ന പരിപാവനമായ ദൈവാലയത്തെ വെറും ചന്ത സ്ഥലമാക്കുന്നതിൽ സിനിമയും അതിലെ അഭിനയക്കാരും വഹിച്ച പങ്കു കുപ്രസിദ്ധമാണ്.സ്വന്തം കുടുംബത്തെ തകർക്കുന്നതും കുട്ടികളെ ലേലം വിളിക്കുന്നതുമൊക്കെ നിങ്ങളിൽ പലർക്കും ഒരു തമാശയാണല്ലോ.
പിന്നെ നിങ്ങൾ തന്നെ സ്ഥാപിച്ച ഫാൻസ് അസോസിയേഷനുണ്ടല്ലോ എല്ലാറ്റിനും ന്യായികരിക്കാൻ. ഇപ്പോൾ കുറച്ചു നാളായി നിങ്ങൾ ബൈബിളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.മറ്റു പേരുകളൊക്കെ തീർന്നുകാണുമല്ലേ?ബൈബിളിനെയും യേശുവിനെയും തൊടുന്നത് നല്ലതാണ്. അങ്ങനെ ചെയ്ത പലരും പിന്നെത്തേതിൽ ക്രിസ്തു ശിഷ്യരായി മാറി.അമ്മ എന്ന സംഘടനയിൽ നിന്ന് രാജി വെച്ചെങ്കിലും പെറ്റ തള്ളയെ മറക്കല്ലേ...സ്വന്തം കുടുംബത്തെ തകർക്കല്ലേ...അടുത്ത തലമുറയെ ഓർത്തെങ്കിലും സത്യ ദൈവത്തിങ്കലേക്കു തിരിയുക.ദൈവം നിങ്ങളെ അനുഗ്രഹിച്ചു സത്യ ദൈവത്തിങ്കലേക്കു നടത്തട്ടെ.
Advertisement
Advertisement