വിശ്വാസത്യാഗം സഭ ശ്രദ്ധിക്കണം

0
243

എഡിറ്റോറിയൽ

വിശ്വാസ ത്യാഗം സഭ ശ്രദ്ധിക്കണം

ര്‍ത്താവ് പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും ഉറപ്പിച്ചതും അപ്പൊസ്തലന്മാര്‍ ലേഖനങ്ങളിലൂടെ വരമൊഴിയായി നമുക്കു നല്‍കിയതുമായ ദൈവവചനത്തിന്‍റെ പൂര്‍ണരൂപമാണ് വിശുദ്ധബൈബിള്‍ എന്നു നാം വിശ്വസിക്കുന്നു. അറുപത്താറു പുസ്തകമടങ്ങിയ ഗ്രന്ഥത്തോട് യാതൊന്നും കൂട്ടിച്ചേര്‍ക്കാനോ കുറയ്ക്കാനോ ഇല്ല എന്നതു തീര്‍ച്ചയാണ്.
ബൈബിള്‍ സമ്പൂര്‍ണമല്ലെന്നും കാലാകാലങ്ങളിലെ പിതാക്കന്മാരുടെ നടപടികളും മറ്റും സഭയ്ക്കുള്ള ഉപദേശങ്ങളായി കരുതി, ബൈബിളിനപ്പുറവും ഉപദേശസത്യങ്ങളുണ്ടെന്ന് പരസ്യമായി പറയാന്‍ മടിക്കാത്ത ചില എപ്പിസ്ക്കോപ്പല്‍ വിഭാഗങ്ങളിലുള്ളവരും അടിസ്ഥാനപ്രമാണമായി കരുതുന്നത് ഈ അറുപത്താറു പുസ്തകങ്ങളടങ്ങിയ ബൈബിളിനെത്തന്നെയാണ്.
എന്നാല്‍ വ്യാഖ്യാനങ്ങളിലെ വ്യത്യസ്തതയാണ് സഭാവിഭാഗങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നത്. ഒരു വാക്യം തന്നെ പലതരത്തില്‍ നമുക്കു വ്യാഖ്യാനിക്കാം. സ്നാനം, പരിശുദ്ധാത്മാഭിഷേകം, കര്‍ത്തൃമേശ എന്നിവയെക്കുറിച്ചുള്ള വിഭിന്നമായ വ്യാഖ്യാനരീതികളുടെ ഫലമാണ് ഇന്നുള്ള പല സഭാവിഭാഗങ്ങളുടെയും അടിസ്ഥാനപരമായ വേര്‍തിരിവിന്‍റെ കാരണം. ഒരു വിശ്വാസം അംഗീകരിച്ചവര്‍ക്ക് അതു കൈവിട്ടുകളയാനോ മറ്റൊന്ന് സ്വീകരിക്കാനോ ഉള്ള വൈമുഖ്യം സാധാരണയാണ്.
കേരളത്തില്‍ ഇന്നുള്ള പെന്തെക്കോസ്തു സഭകള്‍ക്കെല്ലാം ഒരേ വിശ്വാസപ്രമാണമാണ് പല പേരുകളില്‍ അവ അറിയപ്പെടുന്നുവെങ്കിലും. എന്നാല്‍ ചില പുത്തന്‍ ഉപദേശങ്ങള്‍ ദൈവികതയെ അധികം പ്രോത്സാഹിപ്പിക്കും എന്ന രീതിയില്‍ സഭയ്ക്കുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ന്യൂജനറേഷന്‍ സഭാപ്രസ്ഥാനങ്ങളാണിതിനു പിന്നില്‍. ചില നാളുകള്‍ക്കു മുന്‍പു  വിശുദ്ധചിരി, തളര്‍ന്നുവീഴല്‍, വിശുദ്ധകരച്ചില്‍, ആത്മാവില്‍ പറന്നുനടക്കല്‍, ശാപം മുറിക്കല്‍ എന്നിങ്ങനെ പുതുതലമുറക്കാരെ ആകര്‍ഷിക്കാനുള്ള ചെപ്പടി വിദ്യകളുമായി ആധുനിക അപ്പൊസ്തലന്മാര്‍ രംഗത്തുവന്നത് നമുക്കറിയാം. എന്നാല്‍, അതിനു വേണ്ടത്ര മാര്‍ക്കറ്റ് കിട്ടാത്തതുകൊണ്ടാവാം ഇപ്പോള്‍ അധികമായി കേള്‍ക്കുന്നില്ല.
എന്നാലും വിശ്വാസികള്‍ ‘കണ്‍ഫ്യൂഷ’നിലാണ്. കാരണം, വീട്ടിലെ സ്വീകരണമുറികളിലേക്കു വിരുന്നുവരുന്ന ടെലിവിഷന്‍ പ്രസംഗകര്‍ കുറച്ചൊന്നുമല്ല അമ്പരപ്പ് ഉളവാക്കുന്നത്. ഇവരില്‍ ചിലരുടെപേരില്‍ സാമ്പത്തികവും ലൈംഗികവുമായ അപവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഭംഗിയായി അവതരിപ്പിച്ച് സമയപരിധിക്കുള്ളില്‍ എഡിറ്റു  ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന വിഷ്വലുകളില്‍ എന്തും കുത്തിത്തിരുകാമെന്നതാണ് സാങ്കേതിക വിദ്യയുടെ സൗകര്യം. ഇതു മുതലാക്കി മഹാക്രൂസേഡുകളും അത്ഭുതപ്രപഞ്ചവും സാങ്കേതികമായി സൃഷ്ടിച്ച് പാവം വിശ്വാസികളായ വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് (സഹോദരന്മാരും വീണു പോകാം) അനാരോഗ്യകരമായ ആത്മീയപ്രവണതകളിലേക്ക് നയിക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാന്‍ വിശ്വാസസമൂഹം കൂട്ടായ തീരുമാനമെടുത്താല്‍ നന്നായിരിക്കും. അതോടൊപ്പം വചനത്തിന്‍റെ അടിത്തറയില്‍ വിശ്വാസികളെ ഉറപ്പിച്ചുനിര്‍ത്താന്‍ ഉപയുക്തമായ നല്ല പരിപാടികള്‍ തയ്യാറാക്കാന്‍ പ്രമുഖ സഭകള്‍ത്തന്നെ മുന്നിട്ടിറങ്ങണമെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. അതുപോലെതന്നെ വിശ്വാസികളായവര്‍ നടത്തുന്ന ആത്മീയടെലിവിഷനുകളില്‍നിന്നും വെബ്സൈറ്റുകളില്‍ നിന്നും ഇത്തരം പ്രോഗ്രാമുകള്‍ ഒഴിവാക്കുന്നത് വിശ്വാസസമൂഹത്തിന് അനുഗ്രഹമായിരിക്കും.
ഇതു വിവര സാങ്കേതിക വിദ്യയുടെ കാലമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളും കോര്‍പ്പറേറ്റുകളും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം നൂതന കര്‍മപരിപാടികളാണ് ഇന്‍റര്‍നെറ്റിന്‍റെ വിവിധതലങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കംപ്യൂട്ടര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നരായ ധാരാളം യുവാക്കളും യുവഎന്‍ജിനീയര്‍മാരും സ്വദേശത്തും വിദേശത്തുമായി നമുക്കുണ്ട്. വിശ്വാസ സംരക്ഷണത്തിനുവേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കാന്‍ അവര്‍കൂടി സജ്ജരായാല്‍ ദൈവസഭയ്ക്ക് അത് അനുഗ്രഹമായിത്തീരും.

LEAVE A REPLY

Please enter your comment!
Please enter your name here