കാൽവരി മലയിൽ നിന്നും; എന്റെ ഹൃദയത്തെ ഏറെ സ്പർശിച്ച ടോണി ഡി ചെവ്വൂക്കാരന്റെ ചില ഗാനങ്ങൾ

കാൽവരി മലയിൽ നിന്നും;   എന്റെ ഹൃദയത്തെ ഏറെ സ്പർശിച്ച ടോണി ഡി ചെവ്വൂക്കാരന്റെ ചില ഗാനങ്ങൾ

കാൽവരി മലയിൽ നിന്നും 

എന്റെ ഹൃദയത്തെ ഏറെ സ്പർശിച്ച ടോണി ഡി ചെവ്വൂക്കാരന്റെ ചില ഗാനങ്ങൾ

റവ. ജോർജ് മാത്യു പുതുപ്പള്ളി
        
യേശുക്രിസ്തുവിന്റെ ഓശാനയാത്രയും, പെസഹശുശ്രൂഷയും, പീഡാസഹനവും, ക്രൂശുമരണവും, അടക്കവും, ഉയിർപ്പും ലോകം മുഴുവൻ അനുസ്മരിക്കുന്ന ഈ കഷ്ടാനുഭവവാരത്തിൽ ഞാൻ ശ്രവിച്ച ചില ഗാനങ്ങൾ എന്റെ ഹൃദയത്തെ ഏറെ സ്പർശിക്കുകയുണ്ടായി. പ്രമുഖ ക്രൈസ്തവ സാഹിത്യകാരനും, ഗാനരചയിതാവും, സംഘാടകനുമായ ബ്രദർ ടോണി ഡി ചെവ്വൂക്കാരൻ രചിച്ച ചില ഗാനങ്ങളാണവ. എഴുത്തുകാർക്കിടയിലെ സൗമ്യസാന്നിദ്ധ്യമാണ് അദ്ദേഹമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഈസ്റ്റർ വാരത്തിൽ കാലികപ്രസക്തമെന്നു തോന്നിയതിനാൽ അദ്ദേഹത്തിന്റെ ചില മനോഹരഗാനങ്ങളെക്കുറിച്ചാകട്ടെ ഈ ലക്കം.

കഷ്ടാനുഭവ വാരത്തിൽ 'ഗ്ലോറിയ ഫെലോഷിപ് നടത്തുന്ന റോഡ്ഷോയുടെ 'ടൈറ്റിൽ സോങായി' (Title Song) നിശ്ചയിച്ചിരിക്കുന്നതും ബ്രദർ ടോണി രചിച്ച 'കാൽവരി മലയിൽ നിന്നും' എന്ന പേരിൽ പുറത്തിറങ്ങിയിട്ടുള്ള ഗാനമാണ്. മനോരമ മ്യൂസിക് ഈ ഗാനം നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ഇരുത്തംവന്ന ഒരു ഗാനരചയിതാവിന്റെ കൈത്തഴക്കവും, മെയ് വഴക്കവും ഈ ഗാനത്തിന്റെ ഓരോ വരികളിലും ഞാൻ ദർശിക്കുന്നു. ലളിതവും അർത്ഥസമ്പുഷ്ടവും ആശയ സമ്പന്നവുമാണ് ഈ ഗാനത്തിലെ ഓരോ വാക്കുകളും. ക്രമംതെറ്റാതെ വാക്കുകൾ ഓരോ വരിയിലും വളരെ സൂക്ഷ്മതയോടെ ചേർത്തുപിടിപ്പിച്ചിരിക്കുന്നു.

ഇതിനുമുമ്പും നിരവധി ഗാനങ്ങൾ ടോണി ഡി ചെവ്വൂക്കാരൻ രചിച്ചിട്ടുണ്ട്. ബ്രദർ കുട്ടിയച്ചന്റെ ഓഡിയോയിലും അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നു ഗാനങ്ങൾ അടങ്ങുന്ന 'മോചനഗീതം' എന്ന ടോണിയുടെ ആൽബം ഏറെശ്രദ്ധേയമാണ്. ബ്രദർ എം. വി. ജയിംസ് സംഗീതം നൽകി പ്രശസ്ത ഗായകൻ ബ്രദർ ബിനോയ്‌ ചാക്കോ ആലപിച്ച ടോണിയുടെ മറ്റൊരു മനോഹരഗാനമാണ് 'കാരുണ്യനാഥാ കാൽവരിരൂപ, കനിവിൻ പൂരം ചൊരിഞ്ഞവനേ, വന്നിടുന്നു ഞങ്ങൾ നിൻ തിരുപാതേ, വല്ലഭാ ചൊരിയൂ ആശിഷങ്ങൾ' 
എന്നു തുടങ്ങുന്ന ഗാനം. 

കോവിഡ് കാലത്ത് ടോണി രചിച്ച 'യേശുവേ ജീവദായകനേ, എന്നെ എന്നും നടത്തുന്നു (2) ഇരുളിൻ വഴിയിൽ കരുതീടും നൽ രക്ഷകൻ' (2) എന്ന ഗാനത്തിന് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത് ബ്രദർ ജോസ് പൂമലയും ഗാനം ആലപിച്ചത് അഭിനി സാജനുമാണ്. ടോണി രചനയും എം. വി. ജെയിംസ് സംഗീതവും നൽകി സുപ്രസിദ്ധ ഗായകൻ കെ. ജി. മാർക്കൊസും സംഗീതയും ചേർന്ന് ആലപിച്ച 'പുതുജീവൻ' എന്ന ഗാനവും അത്യന്തം ഹൃദയഹാരിയാണ്. 'പുതുജീവൻ ഏകിടുവാൻ, പുതുവഴികൾ തുറന്നിടുവാൻ, കാൽവരി മലയിൽ ജീവനെ വെടിഞ്ഞു, കാരുണ്യനായകൻ താൻ' എന്ന ഗാനവും യേശുകർത്താവ് അനുഭവിച്ച തീവ്രവേദന നമ്മുടെ മനസിലേക്കു പകരുന്നതാണ്.

'കാൽവരി മലയിൽ നിന്നും ഒഴുകിവരുന്ന സ്നേഹശബ്ദം ശ്രവിക്കുമോ നീ ? 
നിൻ ജീവനെ നേടിയെടുപ്പാൻ 
തിരുനിണം ചൊരിഞ്ഞൂ സ്നേഹനാഥൻ...
(കാൽവരി മലയിൽ നിന്നും)
കാണാതെ പോയ നിന്നെയും തേടി കാലത്തിൽ അവതാരം ചെയ്ത നാഥൻ, കാൽവരിക്കുരിശിൽ നിൻ പാപം പോക്കാൻ 
കരുണാമയൻ തിരുബലിയായി...
(കാൽവരി മലയിൽ നിന്നും)
നിത്യമാം ജീവൻ അവകാശമാക്കാൻ നിത്യപ്രകാശത്തിൽ ഗമിച്ചിടുവാൻ 
നിൻ ഹൃദയത്തിൽ 
സ്വീകരിക്കൂ നീ നാഥനാമേശുവേ രക്ഷകനായ്...
(കാൽവരി മലയിൽ നിന്നും)

യേശുകർത്താവിന്റെ മഹാത്യാഗം ചെറിയ വരികളിൽ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗാനരചയിതാവ്, ആ വലിയ സ്വർഗീയ വീണ്ടെടുപ്പിലേക്ക് ഇതു കേൾക്കുന്ന സകലരെയും ക്ഷണിച്ചു കൊണ്ടാണ് ഗാനം അവസാനിപ്പിക്കുന്നത്. 

ക്രിസ്തീയ ദൈവശാസ്ത്രത്തിലെ 'ആത്മീയ രഹസ്യങ്ങൾ' (Spiritual Mysteries) ചെറിയ വരികളിൽ ശ്രദ്ധാപൂർവം കോർത്തിണക്കുന്നതിൽ മികച്ച സംഘാടകൻ കൂടിയായ ടോണി വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം.

കർണാനന്ദകരമായ സംഗീതമാണ് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബ്രദർ സാംസൺ കോട്ടൂർ ഈ ഗാനത്തിന്റെ വരികളിൽ നിക്ഷേപിച്ചിരിക്കുന്നത്. ക്രൈസ്തവ ഗായകരിലെ കുലപതികളിൽ പ്രമുഖനായ ബ്രദർ കുട്ടിയച്ചനാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ക്രൈസ്തവ ഗാനലോകത്തെ മികച്ച ശബ്ദത്തിനുടമയാണ് താനെന്ന്  ഈ ഗാനാലാപനത്തിലൂടെ കുട്ടിയച്ചൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

നമ്മുടെ അരുമരക്ഷകനായ യേശു കർത്താവ് നമുക്കുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ ഓർക്കുവാനും, യേശുവിനോടുള്ള സ്നേഹവുംഅവനിലുള്ള വിശ്വാസവും പതിന്മടങ്ങ് വർദ്ധിക്കുവാനും, അനേകർ യേശുകർത്താവിനെ രക്ഷകനായി സ്വീകരിക്കുവാനും ഈ ഗാനത്തിലെ സന്ദേശം ശ്രോതാക്കളെ സഹായിക്കട്ടെ. കഷ്ടാനുഭവവാരത്തിൽ ഈ ഗാനത്തോടൊപ്പം മനസുകൊണ്ട് നമുക്കും കാൽവരിയിലേക്ക് ഒരു തീർത്ഥാടനം നടത്താം. നമ്മുടെ ദൃഷ്ടികൾ യേശുകർത്താവിന്റെ പൊന്മുഖത്തേക്ക് ഉയർത്തി 'നിത്യത'യിലേക്കുള്ള നമ്മുടെ മരുഭൂപ്രയാണം തുടരാം. ഹൃദയ ദ്രവീകരണങ്ങളായ ഹൃദ്യഗാനങ്ങൾ ഇനിയും പ്രിയ ടോണി ഡി ചെവ്വൂക്കാരന്റെ പൊൻ തൂലികയിൽ പിറവിയെടുക്കട്ടെ. 'കാൽവരിയെ ഓർമയിൽ കൊണ്ടുവരുന്ന പ്രിയ ടോണി ഡി ചെവ്വൂക്കാരനും പിന്നണിപ്രവർത്തകർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ, സ്നേഹാശംസകൾ.

Advertisement