ചാക്കോ കെ തോമസ്, ബെംഗളുരു
പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ മാർച്ച് 6 ഇന്നു മുതൽ ചെന്നൈയിൽ
ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷനും അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനവും ഇന്നു മാർച്ച് 6 മുതൽ 10 ഞായർ വരെ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കും. ഇന്നു ബുധനാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന കൺവൻഷൻ 10 ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും. ചീഫ് പാസ്റ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ് , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർജി. ജെയം എന്നിവരും സഭയുടെ മറ്റ് പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. നാളെ മുതൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്. 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം ,വൈകിട്ട് 6ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ട് ,അമേരിക്ക, ആസ്ട്രേലിയ , ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
കൺവൻഷൻ ഗ്രൗണ്ടിലേക്ക് വിവിധയിടങ്ങളിൽ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 11-ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. മാർച്ച് 6 ഇന്ന് മുതൽ10 ഞായർ വരെ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർത്ഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും. ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്ത് മിഷൻ സഭയ്ക്ക് ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 44 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും ,വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000 – ൽപ്പരം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാന മന്ദിരം ചെന്നൈയിലും അമേരിക്കയിൽ ന്യൂജേഴ്സിയിലും ,ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ് . 95 വർഷം പിന്നിടുന്ന പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.