പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷന് അനുഗ്രഹീത തുടക്കം
വിശുദ്ധൻ ആത്മീയ നിക്ഷേപങ്ങളുടെ കലവറ - പാസ്റ്റർ ശ്യാം സുന്ദർ
ഡാനി ജോൺ ദുബായ് / ചാക്കോ കെ തോമസ്
ദുബായ്: വിശുദ്ധ ജീവിതം നയിക്കുന്ന നീതിമാൻ്റെ ജീവിതത്തിൽ ആത്മീയ നിക്ഷേപങ്ങളുടെ വലിയ കലവറയുണ്ടെന്ന് പാസ്റ്റർ ശ്യാം സുന്ദർ പറഞ്ഞു. മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ആത്മീയസംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച്) മിഡിൽ ഈസ്റ്റ് ( ദുബായ്) വാർഷിക സെന്റർ കണ്‍വന്‍ഷൻ്റെ പ്രാരംഭ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആത്മീകൻ തൻ്റെ ആന്തരീക നിക്ഷേപത്തിൽ നിന്ന് നിരന്തരം മറ്റുള്ളവർക്ക് നന്മകൾ നൽകി കൊണ്ടിരിക്കും. അത് അവരുടെ സ്വഭാവത്തിൻ്റെ ഭാഗം ആണെന്നും സദൃശ്യവാക്യം 15:6 ആസ്പധമാക്കി അദ്ദേഹം പറഞ്ഞു .
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെ ദുബായ് അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) ഹാളിൽ കൺവെൻഷന് തുടക്കമായി.
ദിവസവും രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് 6.45 ന് ഗാനശുശ്രൂഷയും സുവിശേഷയോഗവും അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) ഹാളിലും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം നശ്വാൻ ഹാളിലും നടക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് സൺഡേ സ്കൂൾ അധ്യാപകരുടെ മീറ്റിംങ് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന മീറ്റിങ് എന്നിവ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിലും നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽകൈമാ, ജബൽഅലി തുടങ്ങിയ യുഎഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവ്വപ്രദേശങ്ങളിലെ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം ദുബായ് അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) (അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശം) നടക്കും.
മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ ഐ.ശാമുവേൽ ,അസി.സെൻ്റർ പാസ്റ്റർ.ചാൾസ് ഡെന്നീസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.