ക്രിസ്തു വന്നത് മനുഷ്യനെ ദൈവത്തോട് അനുരജ്ഞനപ്പെടുത്താൻ: പാസ്റ്റർ ഡി.ഗെർഷോൺ

പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ കൺവെൻഷന് തുടക്കമായി
തിരുവല്ല: പാപം മൂലം ദൈവീക അനുഗ്രഹങ്ങൾ നഷ്ടമായ മനുഷ്യന് ദൈവത്തോട് അനുരജ്ഞനപ്പെടുത്താനാണ് ക്രിസ്തു ഭൂമിയിൽ അവതരിച്ചതെന്ന് പാസ്റ്റർ ഡി.ഗെർഷോൺ (തിരുച്ചിറപ്പള്ളി) പ്രസ്താവിച്ചു .
റ്റി.കെ.റോഡിന് സമീപം കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷൻ്റെ പ്രാരംഭദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിൻ്റെ ബലി മരണത്തിൽ വിശ്വസിക്കുന്നവർക്ക് പാപമോചനം ലഭിക്കുന്നു. അങ്ങിനെയുള്ളവർ സമാധാനപൂർണ്ണമായ ഒരു ലോകത്തെയാണ് നോക്കി പാർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ സണ്ണി ജെയിംസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
ഇന്ന് മുതൽ ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ രാത്രി 10 ന് പ്രത്യേക പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന മീറ്റിംങ്ങ് ഉണ്ടായിരിക്കും. വെള്ളി ,ശനി പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള ടി പി എം ആരാധനാ ഹാളിൽ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിന് കീഴിലുള്ള ആലപ്പുഴ , കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
തിരുവല്ല സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.എം.സാബു എന്നിവർ കൺവൻഷന് നേതൃത്യം നൽകുന്നു.
വാർത്ത . ചാക്കോ കെ.തോമസ്, ബെംഗളൂരു