പാതിവഴിയിൽ നിലച്ചുപോയൊരു പുല്ലാങ്കുഴൽ

പാതിവഴിയിൽ നിലച്ചുപോയൊരു പുല്ലാങ്കുഴൽ

ടോണി ഡി. ചെവ്വൂക്കാരൻ

പാടിത്തീരാത്ത ഒരു ഗാനം പോലെ ജിജിൻ രാജ് പോയ്മറഞ്ഞു ; നിത്യതയിലേക്ക്. മുപ്പത്തിയാറ് വയസിനുള്ളിൽ നൂറുക്കണക്കിന് വേദികളിലൂടെ പരന്നൊഴുകിയ ആ ഹൃദയരാഗം പാതിവഴിയിൽ നിലച്ചുപോയി.

ഫ്ലൂട്ട് എന്ന സംഗീത ഉപകരണത്തിലൂടെ ക്രൈസ്തവ സംഗീതവേദികളിൽ നാദവിസ്മയം തീർത്ത ജിജിൻ രാജ് തിരുവനന്തപുരം മംഗലപുരത്ത് കുന്നുവിള വീട്ടിൽ ജയിൻ രാജിൻ്റെയും ലീല ജയിൻ രാജിൻ്റെയും മകനായി സിഎസ്ഐ കുടുംബത്തിൽ ജനിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചർച്ച് ക്വയറിൽ ഫ്ലൂട്ട് വായിച്ച് സംഗീതവേദിയിൽ ചുവടു വച്ച ഈ കലാകാരൻ്റെ സംഗീതവഴിയിലെ വളർച്ച അത്ഭുതാവഹമായിരുന്നു.

തിരുവനന്തപുരം സ്വാതിതിരുന്നാൾ മ്യൂസിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ജിജിൻ രാജ് ചെറിയ പ്രായത്തിൽ ലോകപ്രശസ്ത ഗായകരായ ഡോ. കെ.ജെ യേശുദാസ്, കെ. എസ് ചിത്ര, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ ഗായകരുടെ സംഗീത പരിപാടികളിലും ഓഡിയോ റിക്കോർഡിംഗിലും ഓടക്കുഴൽ വായിച്ച് പ്രമുഖ സംഗീതജ്ഞരുടെയും ആസ്വാദകരുടെയും മനസ്സിൽ ഇടം നേടി.

അതൊടൊപ്പം മലയാളത്തിലെ ഒട്ടുമിക്ക ടി.വി.ചാനലുകളിലൂടെയും ജിജിൻ രാജിൻ്റെ ഓടക്കുഴൽ നാദം പ്രേക്ഷക ഹൃദയങ്ങളിൽ തേൻ മഴയായി പെയ്തിറങ്ങി.

ഫ്ലൂട്ട് ,സാക്സഫോൺ തുടങ്ങിയ എല്ലാ വിൻ്റ്  ഇൻസ്ട്രുമെൻ്സും അനായാസം വായിക്കുവാൻ സവിശേഷമായ കഴിവ് ലഭിച്ച അതുല്യ പ്രതിഭയായിരുന്നു ജിജിൻ രാജ്.

ഫ്ലൂട്ട് എന്ന സംഗീത ഉപകരണത്തെ ക്രൈസ്തവ സംഗീതവേദികളിൽ ജനകീയമാക്കിയതിൽ ഈ സംഗീതജ്ഞൻ്റെ പങ്ക് ഏറെ വലുതാണ്.

സെക്കുലർ വേദികളിൽ നിറഞ്ഞ കൈയ്യടിയും സാമ്പത്തിക നേട്ടങ്ങളും കൊയ്തെടുക്കുമ്പോഴും ഹൃദയം മുഴുവൻ ശ്യൂന്യതയായിരുന്നു.

സ്ഥായിയായ സമാധാനവും സന്തോഷവും അനുഭവിക്കാൻ കഴിയാതെ സ്വസ്ഥത നഷ്ടപ്പെട്ട ഈ യുവപ്രതിഭ ദൈവസന്നിധിയിൽ കരഞ്ഞ് പ്രാർഥിച്ച് ജീവിതം കർത്താവിനു വേണ്ടി സമർപ്പിച്ചു ; വിശ്വാസസ്നാനമേറ്റു .

യേശു ഉള്ളിൽ വന്നപ്പോൾ ഹൃദയം ദൈവീക സമാധാനത്തിൽ നിറഞ്ഞു . അതോടെ സെക്കൂലർവേദികളോടു വിട പറഞ്ഞു.

പേരിനും പ്രശസ്തിക്കും സാമ്പത്തിക നന്മകൾക്കും പുറകെ ഓടാതെ  വിലയേറിയതും നിലനില്ക്കുന്നതുമായ സ്വർഗീയ നിക്ഷേപം സ്വരൂപിക്കാൻ സുവിശേഷ വയലിലേക്ക് ഇറങ്ങി.

ഗ്രേസ് ഫാമിലി ചർച്ചിനോടു ചേർന്ന് സംഗീത ശുശ്രൂഷ നിർവഹിച്ചു വന്ന ജിജിൻ രാജ് സെപ്. 8 നു ഞായറാഴ്ച വർഷിപ്പിനു ശേഷം വിശ്രമിക്കുന്ന വേളയിൽ ഹൃദയാഘാതം നിമിത്തം പെട്ടെന്നുദിച്ച് മാഞ്ഞുപോയ നക്ഷത്രം പോലെ സ്വർഗീയഗായക സംഘത്തിലേക്ക് പോയി മറഞ്ഞു.

ഭാര്യ: തിരുവല്ല സ്വദേശി ബ്ലെസി. ഏക സഹോദരി ലേഖ അരുൺ.