കാനം അച്ചനും കൈതമറ്റം ഐപിസിയും
ബെന്നി പുള്ളോലിക്കൽ
ഐപിസി കൈതമറ്റം ബെഥേല്‍ സഭയുടെ അന്‍പത് വര്‍ഷം മുന്‍പ് നടന്ന സഭയുടെ ഒന്നാമത്തെ കണ്‍വന്‍ഷനിലെ പ്രധാന പ്രസംഗകനായിരുന്നു പ്രിയ കാനം അച്ചൻ.
2024 മാര്‍ച്ചില്‍ പുറത്തിറക്കിയ സഭയുടെ ഗോള്‍ഡന്‍ ജൂബിലി സുവനീറില്‍ അദേഹം എഴുതിയ ലേഖനത്തില്‍ ഇപ്രകാരം കുറിച്ചു, 'കാനത്തു നിന്ന് കുടുംബമായി ഞങ്ങളെ പറിച്ചുനട്ടത് കൈതമറ്റത്താണ്. പുതുപ്പള്ളി, മണര്‍കാട് തുടങ്ങിയ അനേകം ഇടങ്ങളില്‍ എന്‍റെ എളിയ പാദങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അതില്‍ ഒരംശമെങ്കിലും ബെഥേല്‍ ഐപിസി സഭയോടുള്ള ബന്ധത്തിലാണെന്നുള്ളത് നന്ദിയോടെ ഓര്‍ക്കുന്നു'.
അതുകൊണ്ടുതന്നെ കൈതമറ്റം സഭയോട് ഒരു പ്രത്യേക മമത അദ്ദേഹം പുലര്‍ത്തിയിരുന്നു.
അരനൂറ്റാണ്ട് മുന്‍പ് വല്ലപ്പോഴുമൊക്കെ ഞങ്ങളുടെ സഭായോഗത്തില്‍ വന്നിരുന്ന അദ്ദേഹത്തോടുള്ള എന്‍റെ ബഹുമാനം ഈ വര്‍ഷം സുവനീയര്‍ ലേഖനത്തിനായി ഭവനത്തില്‍ ചെന്നപ്പോള്‍ വരെ വര്‍ധിച്ചുകൊണ്ടിരുന്നു. എന്‍റെ ബഹുമാനത്തിന്‍റെ നിദാനം, ഞാന്‍ ദശകങ്ങള്‍ക്ക് മുന്‍പ് വായിച്ച അദ്ദേഹത്തിന്‍റെ 'ഇരുണ്ട ലോകത്തിലെ വെള്ളി വെളിച്ചം' തുടങ്ങിയ പുസ്തകങ്ങളോ, പ്രസംഗങ്ങളോ, ബൈബിള്‍ ക്ലാസുകളോ, ദുരപദേശങ്ങള്‍ക്ക് എതിരെ ബന്ധങ്ങള്‍ നോക്കാതയുള്ള പോരാട്ടങ്ങളോ, ലാളിത്യമോ മാത്രമല്ല, പ്രസംഗിച്ചതുപോലെ അണുവിടാതെ ജീവിച്ചു എന്നതാണ്.
പണവും അധികാരവും ഇല്ലാതെ സഭാ വ്യത്യാസമില്ലാതെ വിശ്വാസികളുടെ മനസില്‍ കയറിപ്പറ്റിയ കാനം അച്ചന്‍റെ വേര്‍പാടില്‍ കൈതമറ്റം സഭയുടെയും ക്രിസ്തീയപ്രത്യാശ അറിയിക്കുന്നു.