മക്കളെ ധന്യരാക്കി... മക്കളിലൂടെ ധന്യയായി...

ബ്ലസ്സൻ മേമനയുടെ മാതാവിനെ ഡോ. ജെയിംസ് ജോർജ് വെൺമണി അനുസ്മരിക്കുന്നു
പതിറ്റാണ്ടുകൾ പാഴ്‌സ്നേജുകളിൽ ജീവിച്ച് ദൈവീക നിയമനങ്ങളോട് നീതി പുലർത്തി സമർപ്പിതമായ ജീവിതം നയിച്ച ഒരു അനുഗ്രഹീത മാതാവാണ് കുഞ്ഞമ്മ എബ്രഹാം. 'ധീര വനിത' എന്ന അഭിസംബോധന മേമന വീട്ടിൽ കുഞ്ഞമ്മ എബ്രഹാമിനെ അടുത്തറിയാവുന്നവർ നൽകുമെന്നാണ് എന്റെ പക്ഷം. ജീവിതം വിളമ്പിയ കഷ്ടതകളെയും, നൽകിയ കട്ടിയുള്ള ചോദ്യപേപ്പറുകളെയും ആർജ്ജവത്തോടെ നേരിട്ട ഒരു നല്ല മാതാവ്. 25 വർഷങ്ങൾക്ക് മുൻപാണ് എന്റെ ഭാര്യ ബീനയുടെ ഏകസഹോദരി സീനയെ പാസ്റ്റർ എം. റ്റി. ഏബ്രഹാമിന്റെയും കുഞ്ഞമ്മ ഏബ്രഹാമിന്റെയും മകൻ സ്റ്റീഫൻ ഏബ്രഹാം വിവാഹം കഴിച്ചത്. അന്ന് മുതലാണ് മേമന കുടുംബം ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതും. ഔദ്യോഗിക ജോലിയോടൊപ്പം
നൈജീരിയയിൽ ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ ശുശ്രൂഷകനുമാണ് സ്റ്റീഫൻ. ക്രൈസ്തവ ബോധിയുടെ സംഗമങ്ങളെയും ക്രിസ്തീയ പത്രങ്ങളെയും സാഹിത്യസൃഷ്ടികൾ കൊണ്ടു ധന്യമാക്കിയ പാസ്റ്റർ ജോൺസൺ മേമനയുമായി അതിനുമുമ്പേ എനിക്ക് ആത്മബന്ധം ഉണ്ടായിരുന്നു. അദ്ദേഹം ഒരു മിഷനറിയും നല്ല പ്രഭാഷകനുമാണ്.
ഞാൻ സ്നേഹപൂർവ്വം മമ്മി എന്ന് വിളിക്കുന്ന കുഞ്ഞമ്മ എബ്രഹാമിനെപ്പറ്റി ഞാനറിഞ്ഞതും മറ്റുള്ളവർ പറഞ്ഞതുമാണ് ഈ സ്മരണയുടെ ഉറവിടം. ചെറിയ പ്രായം മുതൽ പി. വൈ. പി. എ യിൽ സജീവം. സഹോദരിമാരുടെ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം. ആതുര സേവനം ജീവിതശൈലിയായിരുന്നു. ഭൗതിക ഉയർച്ചയിൽ ജീവിതത്തിന്റെ ബാലൻസ് തെറ്റിയില്ല. ആഡംബര ജീവിതത്തോട് അകലം പാലിക്കുകയും ആവശ്യക്കാരോട് അടുപ്പം കാണിക്കുകയും ചെയ്യുന്നതിൽ അത്യുൽസാഹി.
നിരവധിയാളുകൾ തന്നെ കണ്ടിരുന്നത് ഒരു അമ്മയുടെ സ്ഥാനത്താണ്. വിഭവങ്ങൾ പങ്കുവയ്ക്കുകയും പങ്കുവയ്ക്കുവാൻ മക്കളെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ദുഃഖിതർക്ക് സാന്ത്വനവും ഉത്തേജനവും നൽകുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . ജീവിതത്തിൽ ലഭിച്ച കട്ടിയുള്ള ചോദ്യങ്ങൾക്ക് അനുയോജ്യമായ ഉത്തരങ്ങൾ എഴുതി ജീവിതത്തെ കൂടുതൽ പ്രകാശ പൂരിതമാക്കി. ജീവിതത്തിന്റെ കൃത്യനിഷ്ഠയും തീഷ്ണമായ ദൈവ അന്വേഷണവും തന്നെ വ്യത്യസ്തയാക്കി.
മക്കളിലൂടെയും ധന്യരായ മാതാപിതാക്കളാണ് പാസ്റ്റർ എം. റ്റി. എബ്രഹാമും കുഞ്ഞമ്മ എബ്രഹാമും എന്നത് മറ്റൊരു വസ്തുതയാണ്. ഈ കുടുംബത്തിലെ ഇളയ മകനായ ഡോ. ബ്ലെസ്സൻ മേമന സമർപ്പിതനായ ഒരു വർഷിപ്പ് ലീഡറും ഗായകനുമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി. എച്ച്. ഡി നേടിയ രണ്ടാമത്തെ മകനായ ജെയിംസ് എബ്രഹാം അമേരിക്കയിൽ ഇന്ന് അനുഗ്രഹീതനായ ഒരു അധ്യാപകനാണ്.
'മക്കൾ ദൈവവേലക്ക് കൈ തുറന്നു സഹായിക്കുമ്പോൾ അവരുടെ കരങ്ങൾ ഒരിക്കലും തടഞ്ഞിരുന്നില്ല.' ഈ നിരീക്ഷണം അനുസ്മരണ വേദിയിൽ പലരും നടത്തിയതാണ്.
യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥിയായി പഠിച്ചിട്ടില്ലെങ്കിലും ജീവിതത്തിന്റെ സമര മുഖങ്ങളിൽ നിന്ന് ആർജ്ജിച്ച കരുത്ത് വലുതായിരുന്നു. വിവേകത്തോടും വിവേചന അധികാരത്തോടും ജീവിക്കുവാൻ ഈ ജീവിത പാഠങ്ങൾ തന്നെ സജ്ജയാക്കി. വായനയുടെ സംസ്കാരം ജീവിതത്തിൽ വളർത്തിയെടുത്ത സ്വത്തായിരുന്നു. എന്റെ പുസ്തകങ്ങൾ മനസ്സിരുത്തി വായിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തത് ഞാൻ സ്മരിക്കുന്നു. എന്റെ മാതാവ് മരിച്ചപ്പോൾ ഗുഡ് ന്യൂസിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടോടുകൂടി ഈ വരികൾ അവസാനിപ്പിക്കുന്നു: 'അമ്മയ്ക്ക് പകരം അമ്മ മാത്രം'. എല്ലാ അമ്മമാർക്കും പ്രത്യേകിച്ചും നല്ല അമ്മമാർക്ക് ഒരു ബിഗ് സല്യൂട്ട്!.
.
Advertisement