ജീവിതവും ഉപദേശവും ഒരുപോലെ കാത്ത ദൈവഭക്തൻ

ജീവിതവും ഉപദേശവും ഒരുപോലെ കാത്ത ദൈവഭക്തൻ

അനുസ്മരണം | റവ.ജോർജ് മാത്യു പുതുപ്പള്ളി

ലയാള പെന്തെക്കോസ്തു സഭയിലെ പ്രായമുള്ള പിതാക്കന്മാരെ അധികമായി പരിചയപ്പെടാൻ എനിക്കു സാധിച്ചിട്ടില്ല. 

കൂടുതൽ പരിചയപ്പെടാൻ ഭാഗ്യം ലഭിച്ച ദൈവത്തിന്റെ വിശുദ്ധ പുരുഷനായിരുന്നു പാസ്റ്റർ എം വി വർഗീസ്. എന്റെ ഹൃദയത്തിൽ വാത്സല്യത്തിന്റെ സ്നേഹപ്പൂമഴ പെയ്യിച്ച ഭക്തശ്രീമാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത് വാത്സല്യത്തിൽ പൊതിഞ്ഞ സ്നേഹമായിരുന്നു. ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത് 

എന്നാണെന്ന് കൃത്യമായി ഓർക്കുന്നില്ല. മൂന്നു പതിറ്റാണ്ട് മുമ്പ് ഞാൻ വിശ്വാസത്തിൽ വന്ന സമയത്താണെന്നാണ് എന്റെ ഓർമ.

വീയപുരത്തെ മേക്കാട്ട് ഭവനത്തിൽ കുടുംബമായി അദ്ദേഹത്തെ സന്ദർശിച്ച എന്നോട് ദൈവം തന്നെ നടത്തിയ അത്ഭുതവഴികളെപ്പറ്റി അദ്ദേഹം വിശദീകരിക്കുകയുണ്ടായി. കഷ്ടതയുടെയും നിന്ദയുടെയും വേദനയുടെയും ആദ്യകാലകഥകൾ വിവരിക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുകയും തൊണ്ടയിടറുകയും ചെയ്യുന്നുണ്ടായിരുന്നു. സംഭാഷണ വേളയിൽ അദ്ദേഹത്തിന്റെ നാവിൽനിന്ന് അനേക പ്രാവശ്യം സ്തോത്രശബ്ദം പുറപ്പെട്ടിരുന്നു.

നൂറു വർഷം മുമ്പ് വീയപുരത്തെ പുരാതനമായ ഒരു ഓർത്തഡോക്സ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വിശുദ്ധ ബൈബിൾ വാഗ്ദത്തം ചെയ്യുന്ന അനുഗ്രഹമാണ് ദീർഘായുസ് എന്നത്. സന്തുഷ്ടഹൃദയത്തോടൊപ്പം ദീർഘനാൾ ഭൂമിയിൽ ജീവിക്കുക നിശ്ചയമായും ദൈവകൃപ തന്നെയാണ്. ആ ഭാഗ്യം കൈവരിച്ച ഭക്തപിതാവായിരുന്നു എം വി വർഗീസ് അപ്പച്ചൻ.

ഞാൻ ഓർത്തഡോക്സ് സഭയിൽ ശെമ്മാശനും വൈദികനുമായിരിക്കുമ്പോൾ പല പ്രാവശ്യം വീയപുരം പള്ളിയിൽ വന്നിട്ടുണ്ട്. അവിടെയടുത്ത് എം വി വർഗീസ് എന്ന ഭക്തനായ ദൈവപുരുഷൻ താമസിക്കുന്നുണ്ട് എന്നു പലരും പറഞ്ഞു കേട്ടിരുന്നെങ്കിലും അന്നു ഞാൻ അകലം പാലിച്ചിരുന്ന ഒരു സമൂഹമായിരുന്നു പെന്തക്കൊസ്ത് സമൂഹം എന്നതിനാൽ അന്നു അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചില്ല. നമ്മുടെ വഴികളല്ലല്ലോ ദൈവത്തിന്റെ വഴികൾ. അകലം പാലിച്ച സമൂഹത്തിൽ കർത്താവ് എന്നെയും കൊണ്ടുവന്നു. എം വി വർഗീസ് അപ്പച്ചനെ ഞാനും എന്റെയും ആത്മീയപിതാവായും ഗുരുവായും അംഗീകരിച്ചു.

അദ്ദേഹത്തിന്റെ മകനാകാനുള്ള പ്രായമേ എനിക്കുള്ളൂ. കാണുമ്പോഴൊക്കെ ഒരു മകനോടുള്ള സ്നേഹവാത്സല്യമാണ് അദ്ദേഹം എന്നോടു കാണിച്ചിരുന്നത്. എനിക്ക് അർഹമായതിലും അധികമായ ബഹുമാനവും ആദരവുമാണ് എനിക്കു നൽകിയത്. അതൊക്കെ കാണുമ്പോൾ അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ചുരുങ്ങിച്ചുരുങ്ങി തീരെ ചെറുതാകുന്നതുപോലെ എനിക്കു തോന്നിയിട്ടുണ്ട്. ആ വലിയ മനുഷ്യന്റെ മുമ്പാകെ അല്പം 'അഹങ്കാരിയായ' ഞാൻ ഒന്നുമല്ലാതായിത്തീരുന്നതോർത്ത് എനിക്കു സ്വയം ലജ്ജ തോന്നിയിട്ടുണ്ട്.

ഒരിക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം കസേരയിൽ നിന്നെഴുന്നേറ്റ് കെട്ടിപ്പിടിച്ചു സ്വീകരിച്ചു. എന്റെ കണ്ണു നിറഞ്ഞൊഴുകി. 'പുതുപ്പള്ളി അച്ചൻ' എന്നു മാത്രമേ അദ്ദേഹം എന്നെ സംബോധന ചെയ്തിട്ടുള്ളൂ. ഞാൻ ചർച്ച് ഓഫ് ഗോഡിലെ ഒരു ജനറൽ മിനിസ്റ്റർ ആണെങ്കിലും ഏറ്റവും കൂടുതൽ കൺവൻഷൻ പ്രസംഗിച്ചിട്ടുള്ളത് ഐപിസി സഭയിലാണ്. അദ്ദേഹത്തിന്റെ മാതൃസഭയിൽ ഞാൻ കൺവൻഷൻ പ്രസംഗിച്ചിട്ടുണ്ട്. പല സന്ദർഭങ്ങളിലും 

ഞാൻ എം വി വർഗീസ് അപ്പച്ചനുമായി ദീർഘനേരം നർമസംഭാഷണത്തിൽ മുഴുകിയിട്ടുണ്ട്. അദ്ദേഹത്തിന്റെയത്രയും'ഹ്യൂമർ സെൻസുണ്ടായിരുന്ന' (humour sense) അത്രയും പ്രായമുള്ള വേറൊരു ദൈവദാസനെ ഞാൻ കണ്ടിട്ടില്ല. 

അദ്ദേഹത്തിന്റെ പ്രസംഗശൈലിയും ആത്മീയ ശുശ്രൂഷകളും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ആവർത്തന വിരസതയില്ലാത്ത അവതരണ ശൈലിയും, സുതാര്യത നിറഞ്ഞ സ്ഫുടതയുള്ള ഉച്ചാരണവും, ദൈവവചനത്തിലുള്ള അഗാധജ്ഞാനവും, നിർദോഷമായ ഫലിതങ്ങളും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. മഹാകവി എം വി സൈമൺ സാറിന്റെ പഴയകാല സെമി ക്‌ളാസിക്കൽ ക്രിസ്തീയ ഗാനങ്ങൾ ശ്രുതിയും താളവും തെറ്റാതെ സംഭാഷണവേളകളിൽ അദ്ദേഹം ആലപിച്ചത് അക്ഷരാർത്ഥത്തിൽ എന്നെ അമ്പരപ്പിക്കുകയുണ്ടായി. അനിതരസാധാരണമായ ആ ഓർമശക്തിക്കു മുമ്പിൽ പലപ്പോഴും ഞാൻ തലകുനിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പക്വതയാർന്ന അച്ചടക്കവും, കർശനമായ ശിക്ഷണരീതിയും, അജഗണങ്ങളോടുള്ള പിതൃസഹജമായ വാത്സല്യവും, നിർമലമായ ദൈവഭക്തിയും, പ്രാർത്ഥനാജീവിതവും, വിശ്വസ്തതയും, വിശുദ്ധിയും, വിനയവും, പ്രതിപക്ഷ ബഹുമാനവും, സഭാപരിപാലന രീതിയുമൊക്കെ ഏറെ പ്രശംസനീയവും അനുകരണാർഹവുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ പ്രിയ സണ്ണി (എം വി ഫിലിപ്പ്) എന്റെ സ്നേഹിതനാണ്‌. പാസ്റ്റർ ബി. മോനച്ചൻ കായംകുളത്തിന്റെ ഭവനം സന്ദർശിക്കുമ്പോൾ എം വി വർഗീസ് അപ്പച്ചന്റെ ഹ്യൂമർ സെൻസിനെക്കുറിച്ചും വചനജ്ഞാനത്തെക്കുറിച്ചും പെരുമാറ്റത്തിലുള്ള മാന്യതയെക്കുറിച്ചും ഞങ്ങൾ സംസാരിക്കുമായിരുന്നു.

ഞാൻ അദ്ദേഹത്തെക്കുറിച്ചുകേട്ട ഒരു തമാശ ഇങ്ങനെ : ഓരോ വർഷവും അദ്ദേഹത്തിനു 95, 96, 97, 98,99 വയസായി എന്നു എടുത്തു പറഞ്ഞ് വിശ്വാസികൾ പ്രാർത്ഥിക്കുന്നതു കേട്ടപ്പോൾ അദ്ദേഹം ഒരു ദൈവദാസനോട് ഇങ്ങനെ പറഞ്ഞുവത്രേ : 'ഞാൻ വയസനായി എന്ന കാര്യം ഇന്ത്യാമഹാരാജ്യത്ത് ഇനിയും അറിയാൻ ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമുവും, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും കൂടി മാത്രമേ ബാക്കിയുള്ളൂ.'

പതിനാറാം വയസിൽ രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് വൈദികപഠനം പൂർത്തിയാക്കി കർത്തൃശുശ്രൂഷ ആരംഭിച്ച ആ ദൈവപുരുഷൻ ദീർഘമായ എട്ടു പതിറ്റാണ്ടുകൾ സഭാശുശ്രൂഷകനായും, അഞ്ചു പതിറ്റാണ്ടുകാലം ബൈബിൾ സ്കൂൾ അദ്ധ്യാപകനായും, യേശുവിന്റെ വിശ്വസ്തദാസനായി സുവിശേഷവയലിൽ കഠിനാദ്ധ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു ശിഷ്യഗണങ്ങളുടെ ആത്മീയഗുരുവും പതിനായിരക്കണക്കിനു ദൈവമക്കളുടെ ആത്മീയപിതാവുമായിരുന്നു അദ്ദേഹം. പെന്തെക്കൊസ്ത് സഭയിലെ ആദ്യതലമുറയിലെ അവസാനകണ്ണിയായിരുന്നു 'മേക്കാട്ട് ബേബിച്ചായൻ' എന്ന് കഴിഞ്ഞ തലമുറയിലെ പലരും സ്നേഹാദരവുകളോടെ വിളിച്ചിരുന്ന പാസ്റ്റർ എം വി വർഗീസ് അപ്പച്ചൻ എന്ന് എനിക്കു തോന്നുന്നു. ഭൂമിയിൽ 100 വർഷങ്ങൾ പൂർത്തിയാക്കുവാൻ ദൈവം അദ്ദേഹത്തിനു ഭാഗ്യം നൽകി. 

ബാല്യത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ട എന്നെ ഒരു മകനെപ്പോലെ അദ്ദേഹം സ്നേഹിച്ചിരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. ആ സ്നേഹം ഇനി ഭൂമിയിൽ ഇല്ല. ദൈവത്തിന്റെ വിശ്വസ്ത ദാസനെ ഇനി നിത്യതയിൽ കണ്ടുമുട്ടാമെന്ന് ആശ്വസിക്കുന്നു.

ഭാര്യ : പരേതയായ കുഞ്ഞമ്മ വർഗീസ്. മക്കൾ : പാസ്റ്റർ ജോർജ് വർഗീസ്--അന്നമ്മ, എം. വി. ഫിലിപ്പ്--ശോഭ, ആനി--ജോൺസൺ, ജസി--ഏബ്രഹാം.

.