പാസ്റ്ററായി തീര്‍ന്ന എഞ്ചനീയർ

പാസ്റ്ററായി തീര്‍ന്ന  എഞ്ചനീയർ

പാസ്റ്റര്‍ ജയ്ദീപ്  

പാസ്റ്ററായി തീര്‍ന്ന എഞ്ചനീയർ

അനുസ്മരണം : പാസ്റ്റർ റെജി മൂലേടം

മൂന്നര പതിറ്റാണ്ടുകാലം സുവിശേഷ വേല വ്യത്യസ്തമായ നിലയില്‍ തികച്ചശേഷം കര്‍ത്തൃസന്നിധിയിലേക്ക് വിളിച്ച് ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ ജയ്ദീപിന്റെ ജീവിതം വേറിട്ട് നില്‍ക്കുന്നു. ഐസിപിഎഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ മുതലാണ്, മണിപ്പാല്‍ സ്റ്റാഫായി ചുമതലയേറ്റ ജയ്ദീപിനെ പരിചയപ്പെടുന്നത്.

തിരുവല്ലയില്‍ നിന്നും കാസര്‍ഗോട്ടേക്ക് കുടിയേറിയ ഒരു അക്രൈസ്തവ കുടുംബത്തില്‍ ജനിച്ച താന്‍ പഠനത്തില്‍ സമര്‍ത്ഥനായിരുന്നു. പ്രീഡിഗ്രിക്ക് ഹോസ്റ്റലില്‍ താമസിച്ച് കാസര്‍ഗോഡ് പഠിക്കുമ്പോള്‍ യാദൃശ്ചികമായി ഒരു ഭവനത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനിടയായി. ഒരു ദൈവത്തിലും കാര്യമായി വിശ്വസിച്ചിരുന്നില്ലെങ്കിലും, ആ പ്രാര്‍ത്ഥനായോഗം തന്നെ സ്വാധിനിച്ചു. അവിടെ ഉണ്ടായിരുന്ന കാസര്‍ഗോട്ടെ പയനിയര്‍ മിഷ്ണറി പാസ്റ്റര്‍ മോഹന്‍ പി. ഡേവിഡ് തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ബൈബിളിനെക്കുറിച്ച് വിശദമായി പഠിപ്പിക്കുകയും ചെയ്തത്, സത്യദൈവത്തെ അറിയുവാന്‍ കാരണമായി. തുടര്‍ന്ന് രക്ഷിക്കപ്പെട്ട് സ്‌നാനമേറ്റ്, ആ പ്രവര്‍ത്തനത്തിന്റെ പ്രഥമ വിശ്വാസിയായി മാറി.

ആത്മീയ മകന്‍ എന്ന നിലയില്‍, വിശ്വാസത്തിലും വചനത്തിലും ഉറപ്പിച്ചുകൊണ്ട് വളര്‍ത്തിയെടുക്കുവാന്‍ പാസ്റ്റര്‍ക്ക് സാധിച്ചു. പിന്നീട് മാതാപിതാക്കളും സഹോദരങ്ങളും ആ സഭയുടെ അംഗങ്ങളാകുവാനും ഇടയായി.

പഠനത്തില്‍ മിടുക്കനായിരുന്ന ജയ്ദീപ് എഞ്ചിനീയറിംഗ് പഠനത്തിനായി തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നു. പഠനാനന്തരം സുവിശേഷവേലയ്ക്ക് വിളിയുണ്ടെന്ന തിരിച്ചറിഞ്ഞ താന്‍, 1988ല്‍ ഡോ. മുളരീധറിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ണ്ണാടകയിലെ മണിപ്പാലില്‍ ഐസിപിഎഫിന്റെ പ്രഥമ സ്റ്റാഫ് വര്‍ക്കറായി പ്രവര്‍ത്തനം തുടര്‍ന്നു. അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കാനും രക്ഷിക്കപ്പെടുവാനും ഇതുമൂലം സാധിച്ചു. ചില വര്‍ഷങ്ങള്‍ക്കുശേഷം മംഗലാപുരത്ത് സഭാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 

ദൈവവചനം നന്നായി പഠിപ്പിക്കുവാന്‍ പ്രാവിണ്യം ലഭിച്ചിരുന്നതിനാല്‍ വചനത്താല്‍ അനേകരെ സ്വാധീനിക്കാന്‍ തനിക്ക് കഴിഞ്ഞു. പാസ്റ്റര്‍ മോഹന്‍ പി. ഡേവിഡിന്റെ വാക്കുകളില്‍: ആഴമുള്ള ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉടമയായിരുന്നു. നിര്‍വ്യാജ വിശ്വാസവും നിശ്ചയദാര്‍ഢ്യവും കൈമുതലായിരുന്നു. അന്ത്യവരെയും വചനത്തില്‍ നിന്നും ഓട്ടം വ്യതിചലിപ്പിച്ചിരുന്നില്ല.

വിശ്വാസത്തില്‍ വന്നതുകൊണ്ട്,. വിവാഹത്തിന് ഭാര്യവീട്ടുകാര്‍ ആരും പങ്കെടുത്തിരുന്നില്ല. ഏകയായി ക്രിസ്തുശിഷ്യയായി തീര്‍ന്ന ഡോ. ഷാന്റി ഇന്ന് കാസര്‍കോട് ഡപ്യൂട്ടി DMO ആയി ജോലി ചെയ്യുന്നു. മക്കള്‍ നാലു പേര്‍.

കഴിഞ്ഞ ചില വര്‍ഷങ്ങളായി മഞ്ചേശ്വരത്തുള്ള സഭയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അടുത്തയിടെ, ക്ലബ് ഹൗസിലൂടെ ദൈവവചന പഠനം നടത്തി. അനേകര്‍ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുന്നതിന് തനിക്ക് കഴിഞ്ഞിരുന്നു.

പൊയ്മുഖമണിയാത്ത നിര്‍വ്യാജ വിശ്വാസത്തിന്റെ ഉടമ, വചനത്തെ ആഴത്തില്‍ സ്‌നേഹിച്ചു, പഠിച്ച് നിശ്ചയം പ്രാപിച്ചു, അതില്‍ നിലനിന്ന്, ദൈവ സ്‌നേഹത്തിലേക്ക് അനേകരെ വഴി നടത്തിയ ഇടയന്‍. ഒടുവിലത്തെ ശ്വാസം വരെയും സുവിശേഷത്തിനായി അര്‍പ്പണബോധത്തോടെ പ്രയത്‌നിച്ച നിശബ്ദ സേവകന്‍; വിശ്വാസത്തിന്റെ നിലപാടുകള്‍ക്കുവേണ്ടി അചഞ്ചലമായി നിന്ന കര്‍ക്കശക്കാരന്‍. ഇതെല്ലാമായിരുന്ന പാസ്റ്റര്‍ ജയ്ദീപ് വിശ്രമത്തിനായി കര്‍ത്തൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു.

സുവിശേഷത്താല്‍ താന്‍ സ്വാധീനിച്ച അനേകരിലൂടെ, സത്യവിശ്വാസത്തിന് ഇനിയും വേരുകള്‍ പിടിച്ചിട്ടില്ലാത്ത വടക്കെ ജില്ലയില്‍ ദൈവവചനം വ്യാപിക്കുവാനിടയാകട്ടെ.