പാസ്റ്റർ എം.വി.വർഗീസ് അപ്പച്ചനെ ഓർക്കുമ്പോൾ 

പാസ്റ്റർ എം.വി.വർഗീസ് അപ്പച്ചനെ ഓർക്കുമ്പോൾ 

അനുസ്മരണം | പാസ്റ്റർ ബി. മോനച്ചൻ കായംകുളം 

ഒരു ദൈവഭൃത്യൻ എന്തായിരിക്കണം എന്തായിരിക്കരുത് എന്നതിന് ഉത്തമ മാതൃകയായിരുന്നു പാസ്റ്റർ എം വി. വർഗീസ് അപ്പച്ചൻ.

ജീവിതവും ഉപദേശവും ഒരുപോലെ കാത്ത ദൈവഭക്തനും താഴ്മ വിനയം ദൈവഭക്തി നിഷ്കളങ്കത എന്നിവയുടെ വിളനിലവുമായിരുന്നു അദ്ദേഹം. 

തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ദൈവദാസന്മാരെപ്പോലും എടാ പോടാ എന്നോ പരസ്യമായി പേരോ വിളിക്കുന്നതു ഞാൻ കേട്ടിട്ടില്ല. അദ്ദേഹത്തേക്കാൾ വളരെ പ്രായം കുറഞ്ഞ എന്നെപ്പോലും കർത്താവിൻ്റെ വിലയേറിയ ദാസൻ ,  പ്രിയ പാസ്റ്റർ ബി.മോനച്ചൻ എന്നു മാത്രമേ അദ്ദേഹം പൊതുവേദിയിൽ അഭിസംബോധന ചെയ്യാറുള്ളായിരുന്നു.

കേരളത്തിൽ ഇത്രയധികം വിവാഹ ശുശ്രൂഷ, സംസ്കാര ശുശ്രൂഷ, ഭവന പ്രതിഷ്ഠ, ശിശു പ്രതിഷ്ഠ, സഭാഹാളിൻ്റെയും പാഴസനേജിൻ്റെയും സമർപ്പണങ്ങൾ എന്നിവ നടത്തിയിട്ടുള്ള മറ്റൊരു സഭാ നേതാവോ ശുശ്രൂഷകനോ ഉണ്ടോയെന്ന് സംശയമാണ്.

കാൽ നൂറ്റാണ്ടായി എനിക്ക് അദ്ദേഹത്തോടൊപ്പം ശുശ്രൂഷയിൽ പങ്കാളിയാകാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ പിൻഗാമിയായി ആലപ്പുഴ ഡിസ്ട്രിക്റ്റ് പാസ്റ്ററാകുവാൻ  കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ആലപ്പുഴ ഡിസ്ട്രിക്ടിലെ  ഞങ്ങളുടെ സെൻ്ററിൻ്റെ വിവാഹ, ശവസംസ്കാര ശുശ്രൂഷകൾ ഞങ്ങൾ ഒന്നിച്ച് ആയിരുന്നു നടത്തിയിരുന്നത്. മിക്കവാറും മാസയോഗവും ശുശ്രൂഷകസമ്മേളനവും ഉൾപ്പെടെ എല്ലായിടത്തും പ്രധാന വചനശുശ്രൂഷ ഞാനായിരുന്നു നടത്തിയിരുന്നത്. അപ്പച്ചൻ പ്രധാന ശുശ്രൂഷ ചെയ്യുമായിരുന്നു. ഒരിക്കൽപോലും എൻ്റെ ശുശ്രൂഷയെ വിമർശിക്കുവാനോ ചെറുതാക്കാനോ തിരുത്തുവാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല.  പിൽക്കാലത്ത് ഈ വിധമുള്ള എല്ലാ ശുശ്രൂഷയും പക്വതയോടെ പാകതയോടെ എങ്ങനെ നടത്താമെന്ന് എനിക്ക് അദ്ദേഹത്തിൽനിന്നും പഠിക്കാൻ കഴിഞ്ഞു.

കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയും ഈവിധമുള്ള പ്രധാന ശുശ്രൂഷകൾക്കായി ദൈവജനം ഇപ്പോൾ എന്നെ ക്ഷണിക്കുന്നു. ദൈവകൃപയിൽ ആശ്രയിച്ച്  ഭംഗിയായി അവ നടത്തുവാനും കർത്താവ് എനിക്ക് കൃപ തരുന്നു.

അപ്പോസ്തോലനായ വിശുദ്ധ പൗലോസും നിജപുത്രനായ തിമോത്തിയോസും പോലുള്ള ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. എൻ്റെ മിക്ക പുസ്തകത്തിലും അദ്ദേഹം ആശംസകളോ പുസ്തക അഭിപ്രായമോ എഴുതുമായിരുന്നു.  കുടുംബജീവിതം എന്ന എൻ്റെ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി. "എന്റെ സഹഭടനും തുല്യ ചിത്തനുമായ എന്ന ശൈലിയാണ് വിശുദ്ധ പൗലോസ് എപ്പെഫ്രൊദിസിനെ കുറിച്ച് എഴുതുന്നത് എനിക്കും കർതൃദാസൻ പാസ്റ്റർ ബി. മോനച്ചനെ കുറിച്ച് ഈ ശൈലി തന്നെയാണ് ഉള്ളത് ഇതിൽപരം എന്താ ആദരവാണ് എനിക്ക് അദ്ദേഹത്തിൽ നിന്ന് ലഭിക്കാൻ ഉള്ളത്.

ഒടുവിൽ പുറത്തിറങ്ങിയ എന്റെ ആത്മാകഥാ ഗ്രന്ഥമായ വൻ കൃപയുടെ തണലിൽ എൻ ജീവിതം എന്ന പുസ്തകത്തിൽ ഹൃദയസ്പർശമായ ചില വാചകങ്ങൾ അദ്ദേഹം എഴുതുകയുണ്ടായി.

എന്നെയും എന്റെ പ്രിയ ഭാര്യ സാലിയെയും കുഞ്ഞുങ്ങളെയും അതുപോലെ എൻ്റെ സഹോദര കുടുംബങ്ങളെയും അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നു. വ്യക്തിപരമായി എനിക്ക് ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ വിയോഗം വലിയ നഷ്ടം തന്നെയാണ്

ജീവിതത്തിൻ്റെ സയാഹന വേളയിലും അദ്ദേഹം ദൈവവചന ധ്യാനത്തിലും പ്രാർത്ഥനയിലും ഉറ്റിരുന്നിരുന്ന അദ്ദേഹം മരണവേള വരെ ബോധവാനായിരുന്നു. തൻ്റെ അരികിൽ വന്ന പേർ വിളിക്കുന്നവരെ തിരിച്ചറിയുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

കഴിഞ്ഞ ഒരാഴ്ചത്തെ ശുശ്രൂഷയ്ക്കായി മസ്കറ്റിൽ പോയ എനിക്ക് അദ്ദേഹത്തെ ജീവനോടെ വന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കർത്താവ് ആ ആഗ്രഹം സാധിപ്പിച്ചു.

ഞാൻ നാട്ടിൽ എത്തും മുമ്പ് എന്റെ സഹശുശ്രുഷകൻ പാസ്റ്റർ ജോജി രാജു അപ്പച്ചനെ കാണുവാൻ തലേദിവസം ഹോസ്പിറ്റലിൽ എത്തിയപ്പോൾ മോനച്ചൻ്റെ ആരോഗ്യസ്ഥിതി എങ്ങനെ ഉണ്ട് എന്ന് അദ്ദേഹം ചോദിച്ചതായി പറഞ്ഞു. അദ്ദേഹം ക്ഷീണിതനായി കിടക്കുമ്പോഴും  സ്നേഹിക്കുന്നവരുടെ ആരോഗ്യ അവസ്ഥ അന്വേഷിക്കുന്നതിലൂടെ അദ്ദേഹത്തിൻറെ മറ്റുളളവരോടുള്ള കരുതൽ എത്രത്തോളമെന്ന് ഇതിലൂടെ മനസിലാക്കാം.

ഹോസ്പിറ്റലിൽ ഞാൻ അദ്ദേഹത്തിന്റെ കിടക്കയ്ക്ക് അരികിൽ എത്തി അപ്പച്ചാ എന്ന് വിളിച്ചപ്പോൾ തന്നെ എന്നെ തിരിച്ചറിഞ്ഞു. പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആമേൻ സ്തോത്രവും പറഞ്ഞു. സ്വർഗ്ഗത്തിൽ പോകാൻ റെഡിയാണോ എന്ന് ചോദിച്ചപ്പോൾ റെഡി എന്ന തലയാട്ടി. സ്വർഗ്ഗത്തിലെ ദൂതസംഘം അപ്പച്ചനെ എതിരെൽപ്പാൻ ഒരുങ്ങി നിൽക്കുന്നു. പ്രത്യാശ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ  അതിനും മറുപടിയായി ഉണ്ടെന്ന് തലയാട്ടി. 

ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് പിറ്റെ ദിവസം രാവിലെ അങ്ങനെ ആ ക്രിസ്തുവിൻ്റെ ധീര സേനാനി ഉപദേശത്തിന്റെ കാവൽഭടൻ ജീവിത വസ്ത്രത്തിൽ കളങ്കം പറ്റാതെ സൂക്ഷിച്ച വിശുദ്ധൻ ദൈവസഭയ്ക്ക് ശുശ്രൂഷക വൃന്ദത്തിനും മാതൃകയായിരുന്ന ഭക്തൻ നമ്മെ വിട്ടു ഇമ്പങ്ങളുടെ പറുദീസയിലേക്ക് തന്റെ യജമാനന്റെ സന്നിധാനത്തിലേക്ക് യാത്രയായി.

അദ്ദേഹത്തിന്റെ ആൺമക്കൾ പാസ്റ്റർ ജോർജ് വർഗീസ് മേക്കട്ട് , ബ്രദർ എം വി. ഫിലിപ്പ് , പെൺമക്കൾ കുടുംബം കൊച്ചുമക്കൾ എല്ലാവരും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു. 

എന്റെ സുഹൃത്ത് സഹോദരൻ എം വി. ഫിലിപ്പ് തൻ്റെ ജോലി പോലും ഉപേക്ഷിച്ച് അപ്പച്ചനെ ശുശ്രൂഷാ വേദികളിൽ നിഴൽ പോലെ പിന്തുടരുന്നത് ഞാൻ ഓർക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ ഭാര്യ ശോഭ ഫിലിപ്പ് അപ്പച്ചനെ ശുശ്രൂഷിച്ചത് സ്വന്തം പിതാവിനെ പോലെയായിരുന്നു. 

അപ്പച്ചൻ നൂറാം വയസ്സിലും ആരോഗ്യത്തോടെ ഇരിപ്പാൻ കാരണം ദൈവകൃപയും അദ്ദേഹത്തിനു ലഭിച്ച ശുശ്രൂഷയും പരിചരണവും ആയിരുന്നു എന്നത് നിസംശയം പറയാം.

ദൈവം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ബന്ധുമിത്രാധികളെ സഭാ ജനങ്ങളെ ആശ്വസിപ്പിക്കട്ടെ.

ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്ററിനെ സംബന്ധിച്ച് പ്രിയപ്പെട്ട അപ്പച്ചൻ ചെയ്ത സേവനങ്ങളെ ഒരുകാലത്തും മറക്കുവാൻ കഴിയുകയില്ല.

അവസാനമായി  സെൻ്ററിൻ്റെ  അമ്പതാമത് കൺവെൻഷന്റെ സഭായോഗത്തിലും വീയപുരത്ത് നടന്ന മാസയോഗത്തിലും അപ്പച്ചൻ വന്ന് ദൈവവചനം ശുശ്രൂഷിച്ചു . അവ കേക്കാൻ ദൈവജനം അക്ഷമരായിരുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം തന്നെ ഒരു അനുഗ്രഹമായിരുന്നു.

ബയൂലതീരത്ത് ഇമ്പങ്ങളുടെ പറുദിസയിൽ വീണ്ടും കാണാമെന്ന പ്രത്യാശയോടെ പ്രിയപ്പെട്ട എം വി വർഗീസ് അപ്പച്ചനോട് വിട പറയുന്നു.

നമ്മുടെ കർത്താവ് വരാറായി അവിടുന്ന് മായുള്ള ദിവ്യ കൂടി കാഴ്ചയിൽ നമ്മുടെ പ്രിയ പിതാവിനെയും കാണാം എന്ന പ്രത്യാശയോടെ വിട പറയുന്നു.

Advertisement