പാസ്റ്റർ ജെ.ജോൺസനെ സ്മരിക്കുമ്പോൾ

0
1095

അനുസ്മരണം:

പാസ്റ്റർ ജെ. ജോൺസനെ സ്മരിക്കുമ്പോൾ

പാസ്റ്റർ വിക്ടർ ഫിലിപ്പ്
കാട്ടാക്കട

മെയ് 7 ന് നിത്യതയിലേക്ക് ചേർക്കപ്പെട്ട പാസ്റ്റർ ജെ. ജോൺസൻ നല്ലൊരു ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായിരുന്നു.
1960 ൽ കൊല്ലം ജില്ലയിലെ പുനലൂർ കുതിരച്ചിറയിൽ ജോസഫിന്റെയും ക്ളാരയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബഥേൽ ബൈബിൾ കോളേജിൽ പഠിച്ചു. പഠന കാലത്തെ കലാവാസന കണ്ടു പാസ്റ്റർ പി.ഡി. ജോൺസൺ അദ്ദേഹത്തിനു തബല വാങ്ങാൻ സാമ്പത്തിക സഹായം നൽകി.
1981 ൽ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ നടക്കുമ്പോഴാണ് എന്റെ പിതാവ് പാസ്റ്റർ ജി. ഫിലിപ്പോസിന് മറ്റൊരു ദൈവദാസൻ ജോൺസൻ പാസ്റ്ററെ പരിചയപ്പെടുത്തുന്നത്. ആ വർഷം ഏ. ജി. ക്വയർ ആരംഭിച്ചപ്പോൾ പാടാനും തബല വായിക്കുവാനും അദ്ദേഹത്തെ ടീമിലേക്ക് ക്ഷണിച്ചു. തുടർന്ന് കുടുംബാംഗങ്ങളെപ്പൊലെ ദീർഘകാലം ഒരുമിച്ചു കഴിഞ്ഞു. അന്നു മുതൽ ദൈവദാസന്റെ മരണം വരെ ടീമിന്റെ ലീഡർ അദ്ദേഹമായിരുന്നു.
1990 ലാണ് കാട്ടാക്കട അസംബ്ലീസ് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിലെ വിശ്വാസികളായ മോഹനൻ- ശോശാമ്മ ദമ്പതികളുടെ മകളായ ശോഭിനിയെ വിവാഹം ചെയ്തത്. പാസ്റ്റർ ജി. ഫിലിപ്പോസ് ആണ് ഈ വിവാഹത്തിന് നേതൃത്വം നൽകിയത്.
കാട്ടാക്കട ഏ.ജി. ക്വയർ, പാസ്റ്റർ കെ. എൽ.സണ്ണിയുടെ നേതൃത്വത്തിലുള്ള സെർവന്റ്സ് ഗോസ്പൽ ടീം, പാസ്റ്റർ ലാസർ വി. മാത്യുവിന്റെ ശാലേം സംഗീതമണികൾ ടീം, CMS എന്ന സുവിശേഷ സംഘടനയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തമിഴ് പാട്ടുകൾ നന്നായി പാടാനുള്ള കഴിവ് ഇവിടങ്ങളിൽ ഉപയോഗിച്ചു.
പാസ്റ്റർ ജെ. ജോൺസൻ രചിച്ച് ഈണം നല്കി ആലപിച്ച “ഏൻഗദി മുന്തിരിത്തോട്ടങ്ങളിലെ മൈലാഞ്ചി പൂങ്കുല പോലെ” എന്ന ഗാനം പ്രസിദ്ധമാണ്. “മനസ്സിൻ വേദന മാറ്റും, പിതാവേ എന്നിൽ നീ കനിയേണമേ, താമസമില്ലിനി എൻ പ്രിയൻ വന്നിടാൻ, ശാശ്വത പാറയിൽ ആശ്രയിച്ചിടാൻ” എന്നീ ഗാനങ്ങൾക്ക് ഈണം നല്കിയത് അദ്ദേഹമാണ്. “മനസ്സിൻ വേദന മാറ്റും, പിതാവേ എന്നിൽ നീ കനിയേണമേ, താമസമില്ലിനി എൻ പ്രിയൻ വന്നിടാൻ, സന്തോഷ വേളകൾ” എന്നീ പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിലാണ് റെക്കോർഡ് ചെയ്തത്.
പാസ്റ്റർ ജി. ഫിലിപ്പോസിന്റെ നിർദ്ദേശ പ്രകാരമാണ് സഭാ പ്രവർത്തനത്തിലേയ്ക്ക് പ്രവേശിച്ചത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിനു സമീപം പാലോട്ടു വിളയിലായിരുന്നു ആദ്യ സഭാ പ്രവർത്തനം. തുടർന്ന് ഓലത്താന്നി, മണ്ണന്തല എന്നീ സഭകളിലും ശുശ്രൂഷിച്ചു. അതിനു ശേഷം സ്വദേശത്തേക്ക് മടങ്ങിപ്പോയി. ആനപ്പാറ, കുമ്പഴ വടക്ക്, പാണയം, കല്ലുവെട്ടാൻകുഴി, ഒഴുകുപാറയ്ക്കൽ, പുല്ലാഞ്ഞിയോട്, പുതുക്കുളം, ചോഴിയക്കോട്, വിളക്കുപാറ എന്നിവിടങ്ങളിൽ ശുശ്രൂഷകനായിരുന്നു.
ഇല്ലായ്മയിലും വല്ലായ്മയിലും ദൈവമുഖം മാത്രം ലക്ഷ്യം വച്ച ദൈവദാസൻ, മറ്റുള്ളവരെ ശ്രേഷ്ഠന്മാരായി കണ്ടു ബഹുമാനിച്ച വ്യക്തിത്വം, താൻ ചേർന്നു നിന്ന എല്ലാ പ്രസ്ഥാനങ്ങളോടുമുള്ള സ്നേഹവും ആത്മാർത്ഥതയും ശ്രദ്ധേയമാണ്. എല്ലാവരെയും സ്നേഹിക്കുവാനും സൽക്കരിക്കുവാനും ആദരിക്കുവാനും താല്പര്യമുള്ള മനസ്സിനുടമയായിരുന്നു പാസ്റ്റർ ജോൺസൻ.
ശുശ്രൂഷ വേളയിൽ പാഴ്സനേജുകളിൽ താമസിച്ചു വന്നതിനാൽ കുതിരച്ചിറയിലെ പഴയ ഭവനം പുതുക്കിപ്പണിയാൻ കഴിഞ്ഞിട്ടില്ല. അത് താമസത്തിന് യോഗ്യമാക്കണം. വിളക്കുപാറ സഭയേയും സഹോദരി ശോഭിനിയേയും മകൾ ഫേബ മരുമകൻ സുബിൻ എന്നിവരേയും ദൈവം ആശ്വസിപ്പിയ്ക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here